നായകനായി ശൈഖ് മുഹമ്മദിന് 16 വർഷം
text_fieldsദുബൈ: ജീവിക്കാൻ ഏറ്റവും മികച്ച നാട് എന്ന ഖ്യാതിയിലേക്ക് മുന്നേറുന്ന ഇമാറാത്തിനെ ഭരണമികവിനാൽ നയിക്കുന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധികാരാരോഹണത്തിന് ചൊവ്വാഴ്ച 16 വർഷം തികയും.
2006 ജനുവരി നാലിനാണ് യു.എ.ഇയുടെയും ദുബൈയുടെയും സുപ്രധാന ഉത്തരവാദിത്തങ്ങൾ ശൈഖ് മുഹമ്മദിൽ ഏൽപിക്കപ്പെടുന്നത്.
ഫെഡറൽ സർക്കാറിന്റെ തലവനെന്ന നിലയിലും ദുബൈ ഭരണാധികാരിയെന്ന നിലയിലും അദ്ദേഹം നിർവഹിച്ച ദീർഘദൃഷ്ടിയോടെയും അഭിമാനപൂർവവുമായ നിരവധി നടപടികൾ എക്കാലവും അധികാരത്തിലിരിക്കുന്നവർക്ക് മാതൃകയാണ്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും തലയുയർത്തിപ്പിടിച്ച് നേരിടുകയും ജനങ്ങളോട് ചേർന്നുനിൽക്കുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ സവിശേഷത.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെയും ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെയും കൂടെ പ്രവർത്തിച്ച് നേടിയെടുത്ത മികവാണ് ഭരണരംഗത്ത് പ്രകടിപ്പിച്ചത്. ദുബൈയിൽ ലോകത്തെ ഏറ്റവും മികച്ച ലാൻഡ് മാർക്കുകൾ നിർമിക്കാനും അന്താരാഷ്ട്ര പരിപാടികൾക്ക് ആതിഥ്യമരുളാനും കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ സാധിച്ചു. എക്സ്പോ 2020 ദുബൈ എന്ന, ലോകം കോവിഡിനുശേഷം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വിശ്വമേള അതിന്റെ ഏറ്റവും അവസാനത്തെ അധ്യായമാണ്. യു.എ.ഇയുടെ സ്വപ്ന കാലം മുതൽ വ്യത്യസ്ത ചുമതലകളും ഉത്തരവാദിത്തങ്ങളും വഹിച്ച അദ്ദേഹത്തിന്റെ ൈകയൊപ്പ് രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങളിലുമുണ്ട്.
ജീവിതത്തിൽ ആദ്യമായി പഠിച്ച പാഠം മറ്റുള്ളവരെ സേവിക്കലാണെന്ന് ആത്മകഥയായ 'ഖിസ്സതീ'യിൽ വ്യക്തമാക്കിയത് അന്വർഥമാക്കുന്നതാണ് ഓരോ ദിവസത്തെയും ജീവിതം. ഓരോ ദിവസവും യു.എ.ഇയിലെ പൗരന്മാർക്കും താമസക്കാർക്കും ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. ലോകത്ത് ഒന്നാമതെത്തുക എന്നതിൽ കുറഞ്ഞ ഒരു സ്വപ്നവും അംഗീകരിക്കാത്ത അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമാണ് ലോകം അത്ഭുതത്തോടെ നോക്കുന്ന അംബരചുംബികളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ദുബൈയിൽ പിറവിയെടുക്കാനുള്ള കാരണം.
അധികാരാരോഹണത്തിന്റെ എല്ലാ വാർഷികങ്ങളും ജനങ്ങളോടുള്ള പ്രതിജ്ഞ പുതുക്കാനും നാടിനോടുള്ള കടപ്പാട് ഉറക്കെപ്പറയാനുമാണ് അദ്ദേഹം വിനിയോഗിച്ചത്. സമൂഹത്തിലെ ചില വിഭാഗങ്ങളെയോ അസാധാരണക്കാരായ വ്യക്തികളെയോ ആദരിക്കുക, തന്റെ ജീവിതയാത്രയും പഠിച്ച പാഠങ്ങളും വിശദമാക്കിക്കൊണ്ട് രാജ്യനിവാസികൾക്ക് ഹൃദയംഗമമായ കത്തുകൾ എഴുതുക എന്നിവയൊക്കെ കഴിഞ്ഞവർഷങ്ങളിൽ അദ്ദേഹം ചെയ്ത കാര്യങ്ങളായിരുന്നു. തന്നിലൂടെ രാജ്യത്തിനുണ്ടായ നേട്ടങ്ങളെ ഒരിക്കലും സ്വന്തമായ നേട്ടങ്ങളെന്ന് അദ്ദേഹം അവതരിപ്പിച്ചില്ല.
മറിച്ച് കൂട്ടായ്മയുടെ കരുത്താണ് വിജയത്തിന് കാരണമായതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കഴിഞ്ഞവർഷം, അധികാരത്തിലേറി ഒന്നരപ്പതിറ്റാണ്ട് പിന്നിട്ട സന്ദർഭത്തിൽ എഴുതിയ കത്ത് അവസാനിക്കുന്നത് ഇക്കാര്യം പറഞ്ഞുകൊണ്ടാണ്.
'ഇത് എന്റെ വിജയമല്ല. കൂട്ടായ്മയുടെയും മാറ്റത്തിനായി കൊതിക്കുന്ന ജീവനക്കാരുടെയും ഞങ്ങളിൽ വിശ്വാസമർപ്പിച്ച ആയിരക്കണക്കിന് ചെറുപ്പക്കാരുടെയും വിജയമാണ്' എന്നായിരുന്നു ആ വാചകങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.