ദ്വിദിന സന്ദർശനത്തിന് ശൈഖ് മുഹമ്മദ് ഒമാനിൽ
text_fieldsഅബൂദബി: ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ചേർന്നുനിൽക്കുന്ന അയൽരാജ്യങ്ങൾ തമ്മിലെ ബന്ധം ശക്തിപ്പെടുത്തി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഒമാൻ തലസ്ഥാനമായ മസ്കത്തിലെത്തി.
ദ്വിദിന സന്ദർശനത്തിനെത്തിയ ശൈഖ് മുഹമ്മദിന് അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമൊരുക്കി. റോയൽ കാവൽറി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ എന്നിവയിലെ നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്ത ഗാർഡ് ഓഫ് ഓണർ നൽകിയാണ് യു.എ.ഇ പ്രതിനിധികളെ സ്വീകരിച്ചത്.
ഒമാനി സംഗീത, കലാപ്രകടനങ്ങളും സ്വീകരണത്തിന്റെ ഭാഗമായി അരങ്ങേറി. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ ആലപിച്ച ശേഷം ചടങ്ങിൽ 21വെടിയുതിർത്തുള്ള പീരങ്കി സല്യൂട്ടും നടന്നു.
തുടർന്ന് പ്രമുഖരുമായി ശൈഖ് മുഹമ്മദിന്റെ കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ചർച്ചയായി. ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക ബന്ധം വർധിപ്പിക്കുന്നതിന് ധനകാര്യ, വ്യവസായ മേഖലകളിൽ സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്. ഇരു രാജ്യങ്ങളുടെയും ഭാവി പുരോഗതിക്ക് യുവാക്കളുടെയും സംസ്കാരത്തിന്റെയും മേഖലയിൽ സഹകരണത്തിനും ആലോചനയുണ്ട്.
ശൈഖ് മുഹമ്മദ് ബിൻ സായിദ് യു.എ.ഇ പ്രസിഡൻറായി ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ ഔദ്യോഗിക വിദേശ സന്ദർശനമാണിത്. ആദ്യത്തേത് നേരത്തേ ഫ്രാൻസിലേക്ക് നടന്നിരുന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ക്ഷണം സ്വീകരിച്ചാണ് ഒമാനിലേക്ക് സന്ദർശനത്തിന് എത്തിയിട്ടുള്ളത്. അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരടക്കം ഉന്നതരുടെ വൻനിര തന്നെ യു.എ.ഇ സംഘത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.