ജി7 ഉച്ചകോടിയിൽ പങ്കെടുത്ത് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: ഇറ്റലിയിൽ നടന്ന ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പങ്കെടുത്തു. ഉച്ചകോടിയിലെ നിർമിതബുദ്ധി, ഊർജ സെഷനിൽ സംസാരിച്ച അദ്ദേഹം, ഊർജമേഖലയിൽ വലിയ സ്വാധീനം ചെലുത്തുന്ന നിരവധി വെല്ലുവിളികൾ ലോകം അഭിമുഖീകരിക്കുന്നുണ്ടെന്ന് പറഞ്ഞു. ഉച്ചകോടിയുടെ സുപ്രധാന സെഷനിൽ പങ്കെടുക്കാനുള്ള ക്ഷണത്തിന് ശൈഖ് മുഹമ്മദ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് നന്ദി പറഞ്ഞാണ് സംസാരം ആരംഭിച്ചത്. ഊർജ മേഖലയിൽ സുസ്ഥിരമായ പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉൾപ്പെടെ നവീന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കൂട്ടായ പ്രവർത്തനവും സഹകരണവും ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഊർജ സുസ്ഥിരതക്കുള്ള ഫലപ്രദമായ വഴികൾ കണ്ടെത്തുന്നതിനും ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും സാമ്പത്തികവും സാമൂഹികവുമായ വികസനം കൈവരിക്കുന്നതിനും സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന് യു.എ.ഇ സംയോജിത നിർമിതബുദ്ധി സംവിധാനം രൂപപ്പെടുത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ നിക്ഷേപിക്കാനുള്ള യു.എ.ഇയുടെ താൽപര്യവും കാഴ്ചപ്പാടും വിശദീകരിക്കുന്ന വിഡിയോ അവതരണവും നടന്നു. ഈ രംഗത്തെ രാജ്യത്തിന്റെ സുപ്രധാന നേട്ടങ്ങളും സംരംഭങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. സെഷനിൽ കത്തോലിക്ക സഭ തലവൻ ഫ്രാൻസിസ് മാർപാപ്പ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളും ശൈഖ് മുഹമ്മദിനൊപ്പം പങ്കെടുത്തു. ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വിവിധ രാഷ്ട്ര നേതാക്കളുമായി യു.എ.ഇ പ്രസിഡൻറ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.