ഭരണാധികാരികളുമായും ജനങ്ങളുമായും സംവദിച്ച് ശൈഖ് മുഹമ്മദിന്‍റെ പര്യടനം
text_fieldsഅബൂദബി: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വടക്കൻ എമിറേറ്റുകളിലെ പര്യടനം തുടരുന്നു. വെള്ളിയാഴ്ച ആരംഭിച്ച സന്ദർശനത്തിന്‍റെ തുടർച്ചയായി ശനിയാഴ്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഉമ്മുൽ ഖുവൈൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി എന്നിവരെയും സന്ദർശിച്ചു. ഷാർജ എമിറേറ്റിന്‍റെ ഭാഗമായ ദൈദ്, ഖോർഫക്കാൻ എന്നിവിടങ്ങളിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും വിവിധ പദ്ധതിപ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു. ദൈദ് പട്ടണത്തിന്റെ ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള അൽ ദൈദ് കോട്ട, ഖോർഫക്കാനിലെ സുപ്രധാന പദ്ധതിയായ അൽ റഫീസ ഡാം എന്നിവ പര്യടനത്തിൽ ഉൾപ്പെട്ടു. ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചും വികസനപദ്ധതികളെ കുറിച്ചും ചോദിച്ച് മനസ്സിലാക്കിയ അദ്ദേഹം ജനങ്ങളുമായി സംവദിക്കാനും അവസരം ഉപയോഗപ്പെടുത്തി.
ഭരണാധികാരികളുമായുള്ള സന്ദർശനത്തിൽ രാജ്യവുമായും പൗരന്മാരുമായും ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനടക്കമുള്ള പ്രമുഖർ അദ്ദേഹത്തെ അനുഗമിച്ചു. വെള്ളിയാഴ്ച സുപ്രീംകൗൺസിൽ അംഗങ്ങളായ ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി എന്നിവരെ സന്ദർശിച്ചിരുന്നു.
മൂന്ന് ദിവസം ഖസ്ർ അൽ ദൈദിൽ പൗരന്മാരുമായി കൂടിക്കാഴ്ചക്കും അദ്ദേഹം സമയം അനുവദിച്ചിട്ടുണ്ട്. പ്രസിഡൻറിനെ കാണാനും അഭിവാദ്യം ചെയ്യാനും ആഗ്രഹിക്കുന്ന പൗരന്മാർ അൽ ദൈദ് ക്ലബിൽ രജിസ്റ്റർ ചെയ്യുകയും അൽ ഹുസ്ൻ ആപ്പിൽ 'ഗ്രീൻ സ്റ്റാറ്റസ്' കാണിക്കുകയും വേണം. കഴിഞ്ഞ ദിവസങ്ങൾ പുതിയ പ്രസിഡന്‍റിന് അഭിവാദ്യമർപ്പിക്കാൻ നിരവധി പൗരന്മാരാണ് എത്തിച്ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.