പ്രസിഡൻറ് പദവിയിൽ നൂറുദിനം പിന്നിട്ട് ശൈഖ് മുഹമ്മദ്
text_fieldsഅബൂദബി: ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇ പ്രസിഡന്റ് പദവിയിലെത്തി നൂറുദിനം പിന്നിട്ടു.
ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് മേയ് 14നാണ് 61കാരനായ ശൈഖ് മുഹമ്മദിനെ ഇമാറാത്തിന്റെ ഉന്നത ഭരണസാരഥ്യത്തിലേക്ക് ഫെഡറൽ സുപ്രീം കൗൺസിൽ തിരഞ്ഞെടുത്തത്.
ലോകനേതാക്കളുടെയെല്ലാം അഭിനന്ദനങ്ങളുടെയും ആശംസകളുടെയും പ്രവാഹമായിരുന്നു ആദ്യ ദിനങ്ങളിൽ. അമേരിക്ക, ഇന്ത്യ, തുർക്കിയ, സൗദി അറേബ്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽനിന്ന് ഉന്നത ഭരണനേതൃത്വം നേരിട്ട് അബൂദബിയിലെത്തി അദ്ദേഹത്തിന് പിന്തുണയറിയിക്കുകയും ചെയ്തിരുന്നു.
ഭരണമേറ്റെടുത്തശേഷം യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളെയും ജനങ്ങളെയും നേരിൽ കാണുന്നതിന് ദിവസങ്ങൾനീണ്ട സന്ദർശനം നടത്തിയിരുന്നു.
എല്ലാവിഭാഗം ജനങ്ങൾക്കും സന്തോഷവും സമൃദ്ധിയുമുണ്ടാകാൻ ആവശ്യമായ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ആദ്യമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രഭാഷണത്തിൽ പ്രവാസിസമൂഹത്തിന്റെ സംഭാവനകളും എടുത്തുപറഞ്ഞിരുന്നു.
പിന്നീട് ജൂലൈയിൽ പ്രഖ്യാപിച്ച ഉത്തരവിലൂടെ കുറഞ്ഞ വരുമാനമുള്ള പൗരന്മാർക്കുള്ള സാമൂഹിക പിന്തുണാപരിപാടികൾ പുനഃക്രമീകരിക്കുകയും സംരംഭത്തിന്റെ ബജറ്റ് 1400 കോടി ദിർഹത്തിൽനിന്ന് 2800 കോടിയാക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ, ആരോഗ്യമേഖലകളിൽ മറ്റ് പൗരന്മാർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ രാജ്യത്ത് താമസിക്കുന്ന ഇമാറാത്തി അമ്മമാരുടെ മക്കൾക്കും അനുവദിക്കുന്ന ഉത്തരവും പുറത്തിറക്കി.
ഇത്തരത്തിൽ സമൂഹത്തിലെ സാധാരണക്കാർക്ക് പ്രതീക്ഷയും പിന്തുണയും നൽകുന്നതായിരുന്നു യു.എ.ഇ പ്രസിഡന്റിന്റെ ആദ്യ ഉത്തരവുകൾ.
വിദ്യാർഥികളുമായും യുവാക്കളുമായും വിവിധ സമയങ്ങളിൽ കൂടിക്കാഴ്ചക്കും അദ്ദേഹം സമയംകണ്ടെത്തി.
അന്താരാഷ്ട്രതലത്തിലും സുപ്രധാനമായ കാൽവെപ്പുകൾക്കും ഈ ചെറിയദിവസങ്ങൾക്കിടയിൽ ശൈഖ് മുഹമ്മദ് നേതൃത്വം നൽകി. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുത്ത സൗദിയിലെ ഉച്ചകോടിയിലും കഴിഞ്ഞദിവസം ഈജിപ്തിൽ നടന്ന പഞ്ചരാഷ്ട്ര ഉച്ചകോടിയിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളുമായി പ്രബലമായ കരാറുകളിൽ ഒപ്പിട്ട് രാജ്യത്തിന് വൻ നേട്ടമുണ്ടാക്കും യു.എ.ഇ പ്രസിഡന്റ് നേതൃത്വം നൽകി. രാഷ്ട്രത്തെ സേവിക്കുന്നതിനായി പ്രസിഡന്റ് നടത്തുന്ന മഹത്തായ പ്രവർത്തനങ്ങൾ നൂറിലേറെ ദിനങ്ങൾ പിന്നിട്ട സാഹചര്യത്തിൽ പലരും ആശംസകളുമായി കഴിഞ്ഞദിവസം രംഗത്തെത്തി.
ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ ട്വീറ്റിലൂടെ പ്രശംസ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.