ബുസ്താനിക്ക ഫാമിൽ ശൈഖ് മുഹമ്മദ് എത്തി
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും വലിയ വെർട്ടിക്കൽ ഫാമായ ബുസ്താനിക്കയിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദർശനം നടത്തി.
ഇത്തരം കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയോടുള്ള പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദും ഒപ്പമുണ്ടായിരുന്നു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും കഴിഞ്ഞ ദിവസം ഫാമിൽ എത്തിയിരുന്നു.
ഫാം അധികൃതർ ശൈഖ് മുഹമ്മദിന് ഫാമിന്‍റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകി. ദിവസവും 3000 കിലോ ഇലകൾ ഉൽപാദിപ്പിക്കുന്ന ഫാമാണിത്. എമിറേറ്റ്റ്സിന്‍റെ കീഴിലെ എമിറേറ്റ്സ് ൈഫ്ലറ്റ് കാറ്ററിങ്ങിന്‍റെ (ഇ.കെ.എഫ്.സി) നേതൃത്വത്തിലാണ് ദുബൈ അൽമക്തൂം ഇന്‍റർനാഷനൽ എയർപോർട്ടിന് സമീപം ഫാം പ്രവർത്തിക്കുന്നത്. ഈ ഫാമിലെ ഇലകളാണ് എമിറേറ്റ്സ് വിമാനത്തിലെ ഭക്ഷണങ്ങളോടൊപ്പം ഉപയോഗിക്കുന്നത്. മൂന്ന് ഹെക്ടറിൽ വിശാലമായാണ് ഈ ഫാം നീണ്ടുനിവർന്ന് കിടക്കുന്നത്. വർഷത്തിൽ 1000 ടണ്ണിലേറെ ഇലകൾ ഇവിടെ നിന്ന് അരിഞ്ഞെടുക്കുന്നു. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഫാമാണിത്. രാവിലെ ആറിന് ഇവിടെ നിന്ന് പറിച്ചെടുക്കുന്ന ഇലകൾ ഉച്ചക്ക് തീൻമേശകളിലെത്തും. എമിറേറ്റ്സിലെ ഉപയോഗത്തിന് പുറമെ സൂപ്പർമാർക്കറ്റുകളിലേക്കും ഇവിടെ നിന്നുള്ള ഇലകൾ എത്തുന്നുണ്ട്. മൂന്ന് നിലകളിലായി വിവിധ തരം ഇലകൾ വിളയിച്ചെടുക്കുന്നുണ്ട്. ചീര, കാബേജ്, ചെഞ്ചീര തുടങ്ങിയവയാണ് കൂടുതലും. ഭാവിയിൽ പഴങ്ങളും പച്ചക്കറികളുമെല്ലാം ഉൽപാദിപ്പിക്കാനും പദ്ധതിയുണ്ട്. ഹൈഡ്രോപോണിക് രീതിയിലാണ് ഇവിടെ കൃഷി. മണ്ണിന്‍റെ ഉപയോഗമില്ല. സാധാരണ കൃഷി രീതിയെ അപേക്ഷിച്ച് 70-90 ശതമാനം കുറവ് വെള്ളം മതി ഈ കൃഷിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.