ശൈഖ് മുഹമ്മദ് 737 തടവുകാർക്ക് മോചനം നൽകി
text_fieldsദുബൈ: ബലി പെരുന്നാളിന് മുന്നോടിയായി യു.എ.ഇ ഭരണാധികാരികൾ തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 737 തടവുകാരെയാണ് മോചിപ്പിക്കുന്നത്. വിവിധ കുറ്റകൃത്യങ്ങൾക്ക് ജയിൽ ശിക്ഷ വിധിക്കപ്പെട്ടവരാണ് മോചിതരാവുക.
ഇവർക്ക് പുറത്തിറങ്ങുന്നതിന് ആവശ്യമായ പിഴ ശൈഖ് മുഹമ്മദ് ഏറ്റെടുത്തു. ക്ഷമയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങളെ അടിസ്ഥാനമാക്കി യു.എ.ഇയുടെ മാനുഷിക സംരംഭങ്ങളുടെ ഭാഗമായാണ് മാപ്പ് പ്രഖ്യാപനമെന്ന് പ്രസ്താവനയിൽ അറിയിച്ചു. തടവുകാരുടെ കുടുംബത്തിൽ സന്തോഷവും തെറ്റ്തിരുത്തി മെച്ചപ്പെട്ട ജീവിതം തെരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കുകയും മോചനത്തിന്റെ ലക്ഷ്യമാണ്.
സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 194പേർക്ക് മാപ്പു നൽകിയതായി അറിയിച്ചു. ഷാർജയിലെ ജയിലുകളിൽ കഴിയുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ശൈഖ് സുൽത്താന്റെ നടപടിയിൽ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സാരി അൽ ശംസി നന്ദി അറിയിച്ചു.
ബലി പെരുന്നാള്‍ മുന്‍ നിര്‍ത്തി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 93 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിറക്കി. ശിക്ഷ കാലാവധിയില്‍ നല്ല പെരുമാറ്റം പ്രകടമാക്കിയവരെയാണ് മോചിപ്പിക്കുന്നത്.
ശിക്ഷ കഴിഞ്ഞ് മോചിതരായ ആളുകൾ സമൂഹത്തിലേക്കും പൊതുജീവിതത്തിലേക്കും മടങ്ങിവരാനും തടവുകാർ അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരുന്നതിലൂടെ ഈദിന്റെ സന്തോഷം പൂർത്തിയാകാനും കഴിയട്ടെയെന്ന് അജ്മാൻ ഭരണാധികാരി ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.