നവംബർ മൂന്നിന് പതാകദിനം ആചരിക്കാൻ ശൈഖ് മുഹമ്മദിന്റെ ആഹ്വാനം
text_fieldsദുബൈ: 10ാമത് ദേശീയ പതാകദിനം നവംബർ മൂന്നിന് സമുചിതമായി ആചരിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ആഹ്വാനം. മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്നും ദിനാചരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയപതാക രാജ്യത്തിന്റെ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണെന്നും എക്കാലവും അത് നേട്ടങ്ങളുടെയും വിശ്വസ്തതയുടേയും പൂർത്തീകരണത്തിന്റെ പ്രതീകമായി ആകാശത്ത് ഉയർന്നുപറക്കുമെന്നും അദ്ദേഹം ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു. മൂന്നാം തീയതി ചൊവ്വാഴ്ച രാവിലെ 11നാണ് പതാക ഉയർത്തേണ്ടത്. 2004ൽ ശൈഖ് ഖലീഫ യു.എ.ഇ പ്രസിഡന്റായി അധികാരമേറ്റതിന്റെ ആഘോഷമായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് വിഭാവനം ചെയ്ത പരിപാടി 2013ലാണ് ആദ്യമായി നടന്നത്.
അതിനുശേഷം എല്ലാ വർഷവും പതാകദിനം ആചരിച്ചുവരുന്നുണ്ട്. എന്നാൽ, ഈ ദിവസം പൊതു അവധിയല്ല. സ്കൂളുകൾ, സർക്കാർ ഓഫിസുകൾ, വ്യാപാര സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിങ്ങനെ എല്ലാവരും ജോലിസ്ഥലങ്ങൾക്കും വീടുകൾക്കും പുറത്ത് ദേശീയപതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും വേണം. 1971ൽ അൽ ഇത്തിഹാദ് പത്രം സംഘടിപ്പിച്ച മത്സരത്തിലൂടെ ഇമാറാത്തി യുവാവായ അബ്ദുല്ല അൽ മൈനയാണ് യു.എ.ഇ പതാക രൂപകൽപന ചെയ്തത്. ധൈര്യത്തെ പ്രതിനിധാനംചെയ്യുന്ന ചുവപ്പ്, പ്രതീക്ഷയുടെ പച്ച, സത്യസന്ധതയുടെ വെള്ള, മനഃശക്തിയുടെ കറുപ്പ് എന്നിങ്ങനെ വർണങ്ങളാണ് പതാകയിൽ ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.