ഇന്ത്യയുടെ ഉറ്റ ചങ്ങാതി
text_fieldsഅബൂദബി: ഇന്ത്യയോട് എന്നും അടുപ്പം പുലർത്തുന്ന നേതാവാണ് യു.എ.ഇയുടെ പുതിയ അമരക്കാരൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. 2017ലെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഡൽഹിയിൽ എത്തിയ അദ്ദേഹം ഇന്ത്യയിലെ ഭരണനേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഫെബ്രുവരിയിൽ യു.എ.ഇയുടെ സമഗ്ര സാമ്പത്തിക സഹകരണ കരാർ ആദ്യമായി ഒപ്പുവെച്ചത് ഇന്ത്യയുമായിട്ടായിരുന്നു എന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിൽ എത്തിയപ്പോൾ സ്വീകരിക്കാൻ മുന്നിൽനിന്നതും ശൈഖ് മുഹമ്മദ് ബിൻ സായിദായിരുന്നു.
2006ലെ റിപ്പബ്ലിക് ദിനത്തിൽ സൗദി രാജാവ് മുഖ്യാതിഥിയായി എത്തിയ ശേഷം ഗൾഫിൽനിന്ന് ആദ്യമായി റിപ്പബ്ലിക് ദിന പരേഡിനെത്തിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദായിരുന്നു. മൂന്ന് ദിവസം ഇന്ത്യയിൽ തങ്ങിയ അദ്ദേഹം 14 കരാറുകൾ ഒപ്പുവെച്ചാണ് മടങ്ങിയത്. പ്രതിരോധം, വാണിജ്യം, കടൽ ഗതാഗതം, കൃഷി, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലായിരുന്നു കരാർ.
ഭീകരതക്കെതിരെ ഒരുമിച്ച് പോരാടാനും തീരുമാനിച്ചിരുന്നു. ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിലെത്തിയപ്പോൾ ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.
യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് പുരസ്കാരം നൽകിയാണ് മോദിയെ ആദരിച്ചത്. ശൈഖ്മുഹമ്മദ് ബിൻ സായിദായിരുന്നു അന്ന് പുരസ്കാരം കൈമാറിയത്. ഈവർഷം നരേന്ദ്ര മോദി യു.എ.ഇ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒമിക്രോൺ വ്യാപകമായതോടെ തീരുമാനം മാറ്റുകയായിരുന്നു. ഇന്ത്യയുടെ പല നയനിലപാടുകളോടും ചേർന്നുനിൽക്കുന്നതാണ് ശൈഖ് മുഹമ്മദിന്റെ നയവും. ഇന്ത്യ-യു.എ.ഇ വാണിജ്യ ഇടപാട് 2025ഓടെ 100 ശതകോടിയിലെത്തിക്കാൻ ലക്ഷ്യമിട്ട് കരാർ ഒപ്പുവെക്കാൻ മുൻകൈയെടുത്തത് ശൈഖ് മുഹമ്മദ് ബിൻ സായിദാണ്. ഇതുവഴി ഇരു രാജ്യങ്ങളിലെയും കസ്റ്റംസ് തീരുവയിൽ ഇളവു നൽകുന്നുണ്ട്.
ഈമാസമാണ് ഈ കരാർ പ്രാബല്യത്തിലായത്. മറ്റു ലോകരാജ്യങ്ങളുമായും യു.എ.ഇ ഇതേ കരാർ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ആദ്യം തെരഞ്ഞെടുത്തത് ഇന്ത്യയെ ആയിരുന്നു. യു.എ.ഇയിലുള്ള ഇന്ത്യക്കാർക്ക് ആരാധന കർമങ്ങൾ നിർവഹിക്കാൻ നിരവധി ക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും അബൂദബിയിൽ നിർമിച്ചിട്ടുണ്ട്. ഏറ്റവും വലിയ ക്ഷേത്രമായ ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഇതിന് സർക്കാറാണ് സ്ഥലം സൗജന്യമായി നൽകിയത്. ഇതര മതസ്ഥരുടെ വിവാഹമോചനം പോലുള്ള കേസുകൾക്ക് പ്രത്യേക നിയമവും പാസാക്കിയിരുന്നു. പ്രളയം ഉപ്പെടെയുള്ള ദുരിതകാലങ്ങളിൽ ഇന്ത്യയിലേക്ക് സഹായം ഒഴുക്കിയ ചരിത്രമാണ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.