ശൈഖ് മുഹമ്മദ്... ഭരണനിപുണൻ, സ്നേഹനിധി
text_fieldsഅബൂദബി: യു.എ.ഇ വ്യോമസേനയിലെ പൈലറ്റായിരുന്ന ആ ചെറുപ്പക്കാരൻ പതിറ്റാണ്ടുകൾക്കുശേഷം രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്ന നായകനായി മാറിയിരിക്കുന്നു. ഐതിഹാസികമായ വികസന മുന്നേറ്റത്തിലൂടെ രാജ്യത്തിന്റെ യശസ്സ് ലോകത്തോളമുയർത്തിയ പിതാവിന്റെയും സഹോദരന്റെയും പിൻഗാമിയായി അദ്ദേഹം വരുമ്പോൾ ജനം ശുഭപ്രതീക്ഷയിലാണ്.
കാരണം ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്ന ഭരണാധികാരിയിൽ അവർക്ക് അത്രമേൽ പ്രതീക്ഷയുണ്ട്. അച്ചടക്കത്തിലും കൃത്യതയിലും ആസൂത്രണത്തിലും ഒരിഞ്ച് വിട്ടുവീഴ്ചയില്ലാത്ത സൈനികവൃന്ദത്തിൽനിന്ന് പരുവപ്പെട്ട ജീവിതവും ഭരണ മികവുമാണ് അതിന്റെ അടിസ്ഥാനം. അതേപോലെ കുട്ടികളോടും സ്ത്രീകളോടും മൃഗങ്ങളോടുപോലും അങ്ങേയറ്റം വാത്സല്യത്തോടെ പെരുമാറുന്ന അലിവുനിറഞ്ഞ മനസ്സിനുടമയെന്നതും അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നു.
ശൈഖ് സായിദ് ബിൻ സുൽത്താൻ എന്ന തുല്യതയില്ലാത്ത ഭരണമികവിനുടമയായ പിതാവിന്റെ മകനായതിലൂടെ പാരമ്പര്യമായി തന്നെ ഭരണനൈപുണ്യം രക്തത്തിൽ അലിഞ്ഞുചേർന്നിരുന്നു. ഇംഗ്ലണ്ടിലെ സൈനിക അക്കാദമിയിൽനിന്ന് പഠനം പൂർത്തിയാക്കിയ ശേഷം നീണ്ടകാലം ഭരണത്തിന്റെ നാനാവിധ പദവികളിൽ സേവനം ചെയ്തു. യു.എ.ഇയുടെ ദേശീയ സേനയെ ലോകത്തുതന്നെ മികച്ച സൈനിക വിങ്ങാക്കി പരിവർത്തിപ്പിക്കുന്നതിന് സുപ്രധാന പങ്കുവഹിച്ചു. അബൂദബി എജുക്കേഷൻ കൗൺസിലിന്റെ ചെയർമാനായി നിയമിതനായപ്പോൾ വിദ്യാഭ്യാസരംഗം വലിയ മാറ്റങ്ങൾക്ക് തന്നെ സാക്ഷ്യം വഹിച്ചു. പ്രശസ്തമായ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും തിങ്ക്ടാങ്കുകളുമായും പങ്കാളിത്തം ഉണ്ടാക്കാൻ അദ്ദേഹം പരിശ്രമിക്കുകയും അത് നേടിയെടുക്കുകയും ചെയ്തു. ഇന്ന് അറബ് മേഖലയിലെ തന്നെ ഏറ്റവും മികവുറ്റ വിദ്യാഭ്യാസ സംവിധാനം തലസ്ഥാന എമിറേറ്റിൽ രൂപപ്പെടാൻ കാരണമായത് ഈ നീക്കങ്ങളായിരുന്നു.
2004മുതൽ അബൂദബിയുടെ കിരീടാവകാശിയും 2005മുതൽ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശേഷം അദ്ദേഹത്തിന്റെ ഭരണമികവ് ലോകം തന്നെ ശ്രദ്ധിക്കാൻ തുടങ്ങി. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അനാരോഗ്യം കാരണം വിശ്രമത്തിലായപ്പോൾ പ്രസിഡൻറ് നിർവഹിക്കേണ്ട കടമകൾ നിർവഹിക്കുന്നതിന് മുന്നിൽ നിന്നു. അറബ് മേഖലയിലെ ഏറ്റവും സുപ്രധാന സാമ്പത്തിക ശക്തികളിലൊന്ന് എന്ന നിലയിൽ രാജ്യം മുന്നേറിയ കാലം കൂടിയായിരുന്നു ഇത്.
അന്തർദേശീയ തലത്തിൽ വിവിധ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ശക്തമായ മന്നേറ്റങ്ങൾക്ക് നേതൃത്വം വഹിക്കുകയുമുണ്ടായി. സമീപ കാലത്ത് ഇന്ത്യ, ഫ്രാൻസ്, അമേരിക്ക, തുർക്കി, ഇസ്രായേൽ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുണ്ടായ ഊഷ്മളമായ ബന്ധം ഇതിനുദാഹരണമാണ്. ഇവയിൽ പലതും നേരത്തേ നയതന്ത്ര തലത്തിൽ യു.എ.ഇയുമായി വളരെ അകലങ്ങളിലായിരുന്നു എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. അറബ് ലോകത്തെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിൽ സംഘർഷമില്ലാത്ത സമീപനം സ്വീകരിക്കുകയും തീവ്രനിലപാടുകൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചതും ശ്രദ്ധിക്കപ്പെടുകയുണ്ടായി.
ഭരണതലത്തിൽ കരുത്തിന്റെ പ്രതീകമായി അറിയപ്പെടുമ്പോഴും അശരണരോടും ആലംബഹീനരോടും ജീവിതത്തിൽ സ്നേഹനിധിയാണ് ശൈഖ് മുഹമ്മദ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഭിന്നശേഷി സമൂഹത്തോട് സ്വീകരിച്ച നിലപാട്. 2019ൽ അബൂദബിയെ സ്പെഷൽ ഒളിമ്പിക്സിന്റെ വേദിയായി തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ കൂടി താൽപര്യപ്രകാരമായിരുന്നു. മത്സരവേദിയിലേക്ക് തിരക്കുകൾ മാറ്റിവെച്ച് എത്തിച്ചേർന്ന അദ്ദേഹം മത്സരാർഥികളെ ചേർത്തുപിടിക്കുകയുണ്ടായി. സ്പെഷൽ ഒളിമ്പിക്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വേദികളിലൊന്നായി അബൂദബി മാറാൻ കാരണമായത് അദ്ദേഹമായിരുന്നു. അതേപോലെ കുട്ടികളോടുള്ള ശൈഖ് മുഹമ്മദിന്റെ സ്നേഹവും വിഖ്യാതമാണ്.
അരികിലെത്തുന്ന കുട്ടികളെ ചേർത്തുപിടിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്യുന്നത് പതിവാണ്. അതുപോലെ അറേബ്യൻ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ കാട്ടുപരുന്തുകൾ, അറേബ്യൻ ഒറിക്സുകൾ എന്നിവയെ സംരക്ഷിക്കുന്നതും അദ്ദേഹം പതിവാക്കിയിരുന്നു. കായികമേഖലയോട് പ്രത്യേകമായ അടുപ്പം പുലർത്തുന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്. ഇത്തരത്തിൽ കരുത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ ഭരണാധികാരിയാണ് ശൈഖ് മുഹമ്മദ്.
ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
1961 മാർച്ച് 11: ജനനം
പത്ത് വയസ്സുവരെ വിദ്യാഭ്യാസം മൊറോകോയിൽ
1979: യു.കെയിലെ സാൻഹർസ്റ്റ് റോയൽ മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം
ഇക്കാലയളവിൽ ഫ്ലയിങ്- പാരച്യൂട്ട് പരിശീലനങ്ങളും ഗസെല്ലെ സ്ക്വാഡ്രൺ ഉൾപ്പെടെയുള്ള വിമാനങ്ങളും ഹെലികോപ്ടറുകളും പറപ്പിക്കാനും പരിശീലിച്ചു.
അമീരി ഗാർഡിൽ (ഇപ്പോൾ പ്രസിഡൻഷ്യൽ ഗാർഡ്) ഉദ്യോഗസ്ഥനായി.
യു.എ.ഇ വ്യോമസേനയിൽ പൈലറ്റായും യു.എ.ഇ മിലിട്ടറിയിൽ വിവിധ സ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചു.
1993: യു.എ.ഇ സായുധ സേന ചീഫ് ഓഫ് സ്റ്റാഫായി
1994: ലെഫ്റ്റനന്റ് ജനറലായി
2003: അബൂദബി ഡെപ്യൂട്ടി കിരീടാവകാശിയായി
2004: അബൂദബി കിരീടാവകാശിയായി.
2004: അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ
2004: അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ
ചെയർമാൻ
2005: യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറായി.
ആ മാസാവസാനം ജനറൽ പദവിയിലേക്ക് ഉയർത്തി.
2006: കുടുംബ വികസന ഫൗണ്ടേഷൻ രൂപവത്കരിച്ചു
2007: യു.എൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ബഹുമതി
2007: സായിദ് സെന്റർ ഫോർ ഇസ്ലാമിക് കൾചർ ബോർഡ് രൂപവത്കരിച്ചു
2008: ഇലക്ട്രോണിക് എക്സിക്യൂട്ടിവ് കൗൺസിലിന് രൂപം നൽകി
2009: സകാത് ഫണ്ടിന് സ്ഥിരം സംവിധാനമൊരുക്കാൻ അബൂദബിയിൽ ഭൂമി അനുവദിച്ചു
2011: പ്രതിരോധ മന്ത്രാലയത്തിലെയും സായുധ സേനയിലെയും ജീവനക്കാരുടെ പെൻഷൻ 70 ശതമാനം ഉയർത്തി
2013: ഖലീഫ അവാർഡ് ഫോർ എജുക്കേഷന്റെ എജുക്കേഷനൽ പേഴ്സനാലിറ്റി ഓഫ് ദ ഇയറായി പ്രഖ്യാപിച്ചു
2016: ഇന്ത്യയിൽ മൂന്ന് ദിവസ സന്ദർശനത്തിനെത്തി. ഒമ്പത് കരാറുകൾ ഒപ്പുവെച്ചു
2017: ഇന്ത്യയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനെത്തി. 14 കരാറുകളിൽ ഒപ്പുവെച്ചു
2017: മലേറിയ നിർമാർജനത്തിന് 500 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു
2018: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു.എ.ഇയിൽ സ്വീകരിച്ചു.
2019: ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറുപേരിൽ ഒരാളായി തിരഞ്ഞെടുത്തു
2019: ന്യൂയോർക്ക് ടൈംസ് ഏറ്റവും ശക്തനായ അറബ് ഭരണാധികാരിയായി തിരഞ്ഞെടുത്തു
2019: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു.എ.ഇയിൽ സ്വീകരിച്ചു. പരമോന്നത ബഹുമതി നൽകി ആദരിച്ചു
2021: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി അബൂദബിയിൽ ചർച്ച
2022: ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗുമായി അബൂദബിയിൽ ചർച്ച
2022: ബറാക്ക ആണവനിലയത്തിന്റെ വാണിജ്യ ഓപറേഷൻസ് പ്രഖ്യാപിച്ചു
2022: അബൂദബി ഭരണാധികാരിയായി
2022: യു.എ.ഇ പ്രസിഡന്റായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.