ശൈഖ് സഈദ്: രാഷ്ട്ര സേവകൻ, ഫുട്ബാൾ സ്നേഹിതൻ
text_fieldsദുബൈ: ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തോടെ യു.എ.ഇക്ക് നഷ്ടമാകുന്നത് നിസ്വാർഥമായി രാഷ്ട്രത്തെ സേവിച്ച ഒരു ഭരണാധികാരിയെയും ഫുട്ബാളിനെ അതിരറ്റ് പരിഗണിച്ച കായികപ്രേമിയേയുമാണ്. സമൂഹത്തിനും രാജ്യത്തിനുമായി ഉയർന്ന പദവികൾ വഹിക്കുമ്പോഴും രാജ്യത്തെ കായിക മേഖല വികസിപ്പിക്കുന്നതിൽ അദ്ദേഹം സവിശേഷമായ ശ്രദ്ധ നൽകിയിരുന്നു. രാജ്യത്തിന് ഒരു വിശ്വസ്തനായ പുത്രനെ നഷ്ടപ്പെട്ടുവെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞത് ഇക്കാരണത്താലാണ്.
ശൈഖ് സായിദിന്റെ തണലിൽ
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ ആറാമത്തെ പുത്രനായി 1965ൽ അൽ ഐനിലാണ് ശൈഖ് സഈദിന്റെ ജനനം. യു.എ.ഇ സർവകലാശാലയിൽനിന്ന് രാഷ്ട്രമീമാംസയിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയ ശേഷം 23ാമത്തെ വയസ്സിലാണ് ഭരണപദവികളിൽ അദ്ദേഹം നിയോഗിക്കപ്പെടുന്നത്. ആദ്യം അബൂദബി ആസൂത്രണ വകുപ്പിൽ അണ്ടർ സെക്രട്ടറിയായാണ് തുടക്കം. പിന്നീട് എമിറേറ്റിന്റെ ഭരണച്ചുക്കാൻ പിടിക്കുന്ന എക്സിക്യൂട്ടിവ് കൗൺസിലിൽ അംഗമായി. 1991മുതൽ ’96വരെ തുറമുഖ വകുപ്പ് ചെയർമാനായി സേവനമനുഷ്ഠിച്ചു. പിതാവിന്റെ തണലിൽ ചുമതലകൾ വഹിച്ച ശൈഖ് സഈദ്, അദ്ദേഹത്തിന്റെ പ്രതിനിധിയായി നിരവധി അന്താരാഷ്ട്ര ഔദ്യോഗിക സന്ദർശനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. ഭരണകാലത്ത് അബൂദബിയുടെ വികസനത്തിൽ വലിയ സംഭാവനകളർപ്പിച്ച അദ്ദേഹത്തെ 2010ൽ മുൻ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിക്കുകയായിരുന്നു.
ഇക്കാലയളവിൽ അബൂദബിയിലെ തുറമുഖ വകുപ്പ് മേധാവിയായി വളരെ പ്രധാനപ്പെട്ട നേട്ടങ്ങൾ കൈവരിക്കുന്നതിന് മുന്നിൽനിന്നു. എമിറേറ്റിലെ തുറമുഖങ്ങൾ ഇറക്കുമതി, കയറ്റുമതി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കമ്പനികളുമായും സ്ഥാപനങ്ങളുമായും കരാറിലെത്തുകയും ചെയ്തു. ഇത് വലിയ രീതിയിൽ തുറമുഖങ്ങൾ ശ്രദ്ധിക്കപ്പെടാൻ കാരണമായിത്തീർന്നു. ശൈഖ് സായിദിന്റെ ദീർഘവീക്ഷണവും വികസന കാഴ്ചപ്പാടും തിരിച്ചറിഞ്ഞ് രാജ്യത്തെ മുന്നോട്ടു നയിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
കായിക മേഖലയോട് ഇഷ്ടം
കായിക, കലാ മേഖലയോട് ഏറെ പ്രിയം സൂക്ഷിച്ച വ്യക്തിത്വമായിരുന്നു ശൈഖ് സഈദ്. രാജ്യത്ത് ഫുട്ബാൾ എന്ന കായിക ഇനം പ്രശസ്തമാക്കുന്നതിലും ജനകീയമാക്കുന്നതിലും നേതൃപരമായ പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ അധ്യക്ഷനെന്ന നിലയിലും അൽ വഹ്ദ സ്പോർട്സ് ക്ലബ് ചെയർമാനെന്ന നിലയിലും സ്തുത്യർഹ സേവനങ്ങൾ നിർവഹിച്ചു. 2003ൽ ഫിഫ യൂത്ത് വേൾഡ് കപ്പ് യു.എ.ഇയിൽ സംഘടിപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു. ഫുട്ബാളിന് പുറമെ, ഷൂട്ടിങ്ങിലും നീന്തലിലും കലാപ്രവർത്തനങ്ങളിലും തൽപരനായിരുന്നു അദ്ദേഹം.
അൽ വഹ്ദ ക്ലബ് അതിന്റെ പ്രതാപത്തിലേക്ക് ഉയർന്നതും നിരവധി ടൂർണമെൻറുകളിൽ കിരീടം ചൂടിയതും ശൈഖ് സഈദിന്റെ കാലഘട്ടത്തിലായിരുന്നു. 24വർഷമാണ് ക്ലബ് സാരഥ്യത്തിൽ അദ്ദേഹം പ്രവർത്തിച്ചത്. ഈ കാലത്ത് രണ്ട് തവണ പ്രസിഡന്റ്സ് കപ്പ്, രണ്ടു തവണ ലീഗ് കപ്പ്, നാലുതവണ സൂപ്പർ കപ്പ് എന്നിവയിൽ ക്ലബ് ജേതാക്കളായി. 2007ലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ അൽ വഹ്ദ സെമി ഫൈനലിലെത്തിയതും വലിയ നേട്ടമായിരുന്നു. യു.എ.ഇ ദേശീയ ടീമിനെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം തൽപരനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.