റാസല്‍ഖൈമയില്‍ വാണിജ്യമേഖലകളില്‍ ഇളവ് പ്രഖ്യാപിച്ച് ശൈഖ് സഊദ്
text_fieldsറാസല്‍ഖൈമ: വാണിജ്യ-വ്യവസായരംഗത്ത് ചില മേഖലകളില്‍ ലൈസന്‍സ് ഫീസുകളിലും പിഴയിലും ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി.ലോക്ഡൗണ്‍ കാലം പ്രതികൂലമായി ബാധിച്ച വാണിജ്യസ്ഥാപനങ്ങള്‍, കോവിഡ് വ്യാപനം തടയുന്നതിനും മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കുന്നതിനും സജീവമായിനിന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് വ്യാപാര ലൈസന്‍സ് ഫീസ് ഇളവിനു പുറമെ പിഴകളില്‍ നിന്നൊഴിവാക്കുന്നതിനും ശൈഖ് സഊദ് നിർദേശിച്ചു. ബിസിനസ് തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനും മഹാമാരിയോടനുബന്ധിച്ചുണ്ടായ പ്രതിസന്ധികള്‍ ലഘൂകരിക്കുന്നതിനും ഉതകുന്നതാണ് പ്രഖ്യാപനങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥയില്‍ സുസ്ഥിര വളര്‍ച്ചയും വാണിജ്യ മേഖലയെ മത്സരാധിഷ്ഠിതമായി നിലനിര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നു.
നഴ്സറികള്‍ക്ക് വാണിജ്യ ലൈസന്‍സ് പുതുക്കല്‍ ഫീസില്‍ 50 ശതമാനം ഇളവ് നല്‍കണമെന്നാണ് റാക് സാമ്പത്തിക വികസന വകുപ്പിന് നിര്‍ദേശം നല്‍കിയത്. ക്വാറൻറീൻ ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്ത സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ഫീസിളവ് ലഭിക്കും. റാക് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന ഫെസിലിറ്റികള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസില്‍ 50 ശതമാനം അടച്ചാല്‍ മതിയാകും. ലോക്ഡൗണ്‍ സമയത്തെ നിയമലംഘനകള്ക്കുള്ള പിഴകളില്‍ പൂര്‍ണമായും ഇളവുകള്‍ നല്കി. ഇതിന് ഒരു വര്‍ഷത്തെ പ്രാബല്യവും നല്കി. തെരഞ്ഞെടുക്കപ്പെട്ട വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഷിക ഫീസുകളില്‍ ഇളവ് നല്‍കാനുള്ള നിര്‍ദേശങ്ങള്‍ റാസല്‍ഖൈമയുടെ ബിസിനസ് മേഖലക്ക് ഉണര്‍വ് നല്‍കുന്നതിന് പുറമെ വിപണിയിലേക്ക് അധിക വിദേശ നിക്ഷേപം എത്തിക്കുന്നതിനും സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.