കൽബയിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് ശൈഖ് സുൽത്താൻ
text_fieldsഷാർജ: കൽബയിൽ പുതുതായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. കൽബ ഗേറ്റ് പദ്ധതി, ആചാരങ്ങൾ, പാരമ്പര്യങ്ങൾ, നാടൻ പാട്ടുകൾ എന്നിവയുൾപ്പെടെ പൈതൃകത്തിന്റെ എല്ലാ വശങ്ങളും പ്രദർശിപ്പിക്കുന്ന പുതിയ മ്യൂസിയം, പ്രളയത്തിൽ തകർന്ന ഖോർ കൽബ കോട്ടക്ക് ചുറ്റും പാർക്ക് എന്നിവ പദ്ധതിയിൽ ഉൾപ്പെടും.
കൽബയുടെ നിലവിലെ സൗകര്യങ്ങളെ ഉൾക്കൊള്ളുന്ന പരിസ്ഥിതി, പുരാവസ്തു, പൈതൃക ടൂറിസം പരിപാടിയും പ്രഖ്യാപനത്തിൽ ഉൾപ്പെടും. സമീപ കാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട ‘ഹാങിങ് ഗാർഡ’നെ അൽ ഹിഫയ്യ തടാകവുമായി ബന്ധിപ്പിക്കുന്ന പാതയായ ‘കൽബ ഗേറ്റ്’ പദ്ധതി പൂർത്തിയാക്കുന്നതും നിർദേശത്തിലുണ്ട്. സന്ദർശകർക്ക് അപകടമുണ്ടാകുന്നത് തടയാൻ നടപ്പാതക്ക് ചുറ്റും റെയിലിങ് സംവിധാനവും പദ്ധതിയിൽ ഉൾപ്പെടും.
‘ഹാങിങ് ഗാർഡ’നും തടാകവും മുഴുവൻ കൽബ നഗരവും കാണാൻ ഇവിടെ നിന്ന് സാധിക്കും. കൽബ മലനിരയിൽ വിനോദ സഞ്ചാരികൾക്കായി ‘ചന്ദ്രക്കല’ രൂപത്തിൽ കേന്ദ്രം നിർമിക്കുന്നത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിൽ നിന്ന് ചുറ്റുവട്ടത്തിലെ പർവതങ്ങൾ, താഴ്വാരങ്ങൾ, തീരപ്രദേശങ്ങൾ എന്നിവയുടെ മനോഹര കാഴ്ച ആസ്വദിക്കാനാവും.
നിർമാണം ആരംഭിച്ച പദ്ധതി പ്രദേശം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കഴിഞ്ഞ മാസം സന്ദർശിച്ചിരുന്നു. സമുദ്ര നിരപ്പിൽ നിന്ന് 850 മീറ്റർ ഉയരത്തിൽ ജബൽ ദീമിലാണ് പദ്ധതി പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു ഫുട്ബാൾ സ്റ്റേഡിയവും 100 മുറികളുമുള്ള ഹോട്ടലും നിർമിക്കും. എമിറേറ്റിലെ മലനിരയിൽ രണ്ട് ഫുട്ബാൾ സ്റ്റേഡിയങ്ങൾ പണിയുമെന്ന് നേരത്തെ ശൈഖ് സുൽത്താൻ പ്രഖ്യാപിച്ചതിന്റെ ഭാഗമാണിത്.
ഷാർജയിൽ നേരത്തെ മലമുകളിൽ വലിയ പദ്ധതി പൂർത്തിയാക്കിയിരുന്നു. ഖോർഫക്കാനിലെ 600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അൽ സുഹൂബ് റസ്റ് ഏരിയയാണിത്. 2021ലാണ് ശൈഖ് സുൽത്താൻ ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. യു.എ.ഇയിലെ തന്നെ ഏറ്റവും മനോഹര കാഴ്ചകളും സൗകര്യങ്ങളുമുള്ള ഒരു സ്ഥലമായി കൽബ മാറിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.