കൽബയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ശൈഖ് സുൽത്താൻ
text_fieldsകൽബ: യു.എ.ഇയിലും ഒമാനിലും കണ്ടുവരുന്ന പ്രത്യേകതരം മലയാട് ഇനത്തിൽപെട്ട അറേബ്യൻ തഹ്റുകളെ സംരക്ഷിക്കാൻ പദ്ധതി പ്രഖ്യാപിച്ച് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. വംശനാശ ഭീഷണി നേരിടുന്ന ഇവയുടെ പ്രജനനത്തിന് ആവശ്യമായ പ്രകൃതിദത്ത അന്തരീക്ഷമൊരുക്കാൻ ലക്ഷ്യമിട്ടാണ് കൽബയിലെ അൽ ഹഫിയ്യ മൗണ്ടേൻ കൺസർവേഷൻ സെന്ററിനോട് അനുബന്ധിച്ച് അറേബ്യൻ തഹ്ർ പദ്ധതി നടപ്പാക്കുന്നത്. കൽബയിലെത്തിയ അദ്ദേഹം ‘ഹാങിങ് ഗാർഡൻ’ എന്നുപേരിട്ട പാർക്കും ഉദ്ഘാടനം ചെയ്തു.
അൽ ഹഫിയ്യയിൽ പുതുതായി ഏർപ്പെടുത്തിയ സന്ദർശകർക്ക് മാനുകളെ കാണാൻ അവസരമൊരുക്കുന്ന ഭാഗത്തിന്റെ ഉദ്ഘാടനവും ശൈഖ് സുൽത്താൻ നിർവഹിച്ചു. 30ലധികം വ്യത്യസ്ത ഇനം പർവത മൃഗങ്ങളുടെ ആവാസകേന്ദ്രമാണ് അൽ ഹഫിയ്യ സംരക്ഷിത പ്രദേശം. കൽബ നഗരത്തോട് ചേർന്നുള്ള അൽ ഹജർ പർവതനിരകളുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്ന അൽ ഹഫിയ്യ മൗണ്ടൻ കൺസർവേഷൻ സെൻറർ, വൈവിധ്യമാർന്ന സസ്യങ്ങളും മൃഗങ്ങളും ഉൾക്കൊള്ളുന്നതിനാൽ സമ്പന്നമായ ജൈവവൈവിധ്യത്തിന് പേരുകേട്ടതാണ്. കൽബ-ഷാർജ റോഡിന് സമീപം സ്ഥിതിചെയ്യുന്ന ‘ഹാങിങ് ഗാർഡൻ’ സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്. 16 ലക്ഷം ചതുരശ്രയടി പ്രദേശത്ത് നിർമിച്ച പാർക്കിൽ ഒരു ലക്ഷത്തിലേറെ ചെടികളുണ്ട്. പാർക്കിന്റെ മധ്യത്തിൽ ഒരുക്കിയ റസ്റ്റാറൻറും ശൈഖ് സുൽത്താൻ സന്ദർശിച്ചു. 215പേർക്ക് ഇരിക്കാനുള്ള സൗകര്യത്തോടെയാണിത് ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.