ആഫ്രിക്കൻ കൊടുംകാടിെൻറ മനോഹാരിത ഇനി ഷാർജയിലും ആസ്വദിക്കാം
text_fieldsഷാർജ: ഇരുണ്ട ഭൂഖണ്ഡമെന്നറിയപ്പെടുന്ന ആഫ്രിക്കയിലെ കൊടുംകാടിെൻറ മനോഹാരിത ഒട്ടും വൈകാതെ ഷാർജയുടെ ഉപനഗരമായ അൽ ദൈദിലെ അൽ ബർദി മേഖലയിൽ ആസ്വദിക്കാം. 14 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഒരുങ്ങുന്ന കാട്ടിൽ ഇതിനകംതന്നെ മൃഗങ്ങൾ പൊറുതി തുടങ്ങിയിട്ടുണ്ട്. ആഫ്രിക്കൻ പ്രകൃതിയും നിർമാണ രീതികളും തെല്ലും പാഴാക്കാതെയാണ് സഫാരി അണിയിച്ചൊരുക്കുന്നത്.
ഷാർജ സഫാരി പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പരിശോധന നടത്തി. സന്ദർശകരുടെയും വിശിഷ്ടാതിഥികളുടെയും പ്രവേശനത്തിനും സ്വീകരണത്തിനുമുള്ള പ്രധാന കെട്ടിടം പരിശോധിച്ചാണ് ശൈഖ് സുൽത്താൻ സഫാരി സൈറ്റിലെ സന്ദർശനം ആരംഭിച്ചത്. പരിസ്ഥിതി, സംരക്ഷിത പ്രദേശ അതോറിറ്റി, ഇ.പി.എ.എ ചെയർപേഴ്സൻ ഹന സെയ്ഫ് അൽ സുവൈദി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
15 ജിറാഫുകളെ സഫാരിയുമായി ഇണങ്ങിച്ചേരുന്നതിനായി പുറത്തിറക്കിയിട്ടുണ്ട്. മുതലകൾക്കായി നീക്കിെവച്ചിരിക്കുന്ന ഭാഗത്ത് ഒരുകൂട്ടം തടാകങ്ങളും ചുറ്റുമുള്ള കെട്ടിടങ്ങളും ഉൾക്കൊള്ളുന്നു. ഇവിടെ മുതലകളെ കാണാനും ആസ്വാദ്യകരമായി സമയം ചെലവഴിക്കാനും സന്ദർശകർക്ക് സഹായകരമാകുന്ന നൂതന സേവനങ്ങൾ ലഭ്യമാക്കുന്നു. സിംഹങ്ങൾക്കായുള്ള ഭാഗത്തെ നിർമാണം 90 ശതമാനം പൂർത്തിയായി. ആനകൾക്കായുള്ള ഭാഗവും കാണ്ടാമൃഗങ്ങൾക്കുള്ള ഭാഗവും റെക്കോഡ് വേഗത്തിലാണ് പൂർത്തിയാക്കിയത്. വിവിധ ആഫ്രിക്കൻ പരിസ്ഥിതികളിൽ നിന്നുള്ള വ്യത്യസ്ത മൃഗങ്ങൾ, വലിയ പ്രകൃതിദത്ത തടാകം, സന്ദർശകർക്കായി ഉല്ലാസമൊരുക്കാനുള്ള സ്ഥലം തുടങ്ങിയവയും ഷാർജ സഫാരിയിൽ ഉൾപ്പെടുമെന്ന് ഹന അൽ സുവൈദി സൂചിപ്പിച്ചു.
ആഫ്രിക്കക്ക് പുറത്തുള്ള, ലോകത്തിലെ ഏറ്റവും വലിയ സഫാരി പദ്ധതിക്ക് 14 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ഷാർജ സഫാരിയിൽ അമ്പതിനായിരത്തോളം മൃഗങ്ങൾക്ക് വീടുണ്ട്. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി ടൂറിസം കേന്ദ്രമായിരിക്കും ഇതെന്ന് ഷാർജ പൊതുമരാമത്ത് ഡയറക്ടറേറ്റ് ചെയർമാൻ അലി ബിൻ ഷഹീൻ അൽ സുവൈദി പറഞ്ഞു. ഭവന നിർമാണ ഡയറക്ടറേറ്റ് ചെയർമാൻ ഖലീഫ മുസബ്ബ അൽ തുനൈജി, പ്രോട്ടോകോൾ, ഹോസ്പിറ്റാലിറ്റി വകുപ്പ് ചെയർമാൻ മുഹമ്മദ് ഉബൈദ് അൽ സാബി എന്നിവരും അൽ ദൈദ് നഗരത്തിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളും ഭരണാധികാരിയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.