ഫിലിയിലെ പൈതൃക ടൂറിസം പദ്ധതി സന്ദർശിച്ച് ശൈഖ് സുൽത്താൻ
text_fieldsഷാർജ: എമിറേറ്റിലെ ഫിലി മേഖലയിൽ പുരോഗമിക്കുന്ന പൈതൃക ടൂറിസം പദ്ധതി പ്രദേശങ്ങൾ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സന്ദർശിച്ചു. പദ്ധതി സംബന്ധിച്ച് വിലയിരുത്തിയ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഫിലി റോഡിന്റെയും ചരിത്രപരമായി പ്രാധാന്യമുള്ള കോട്ടയുടെയും നിർമാണ, പുനരുദ്ധാരണ പ്രവർത്തനങ്ങളും വിലയിരുത്തി. കഫേയിലൂടെയും ജലപാതകളിലൂടെയും കടന്നുപോകുന്ന ഒരൊറ്റ പാതയിലൂടെ സന്ദർശകർക്ക് പഴയ പൊലീസ് സ്റ്റേഷൻ, അതിനടുത്തുള്ള കോട്ട, കുന്നിലെ മറ്റു പുരാവസ്തു സ്ഥാപനങ്ങൾ എന്നിവ കാണാൻ കഴിയുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്.
പ്രദേശത്തിന്റെ വിനോദസഞ്ചാര, സാമ്പത്തിക, സാംസ്കാരിക വികസനത്തിനുള്ള പദ്ധതികളുടെ ഭാഗമായാണ് പൈതൃക സ്ഥലങ്ങൾ പുനരുദ്ധരിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വെള്ളം വിതരണം ചെയ്തിരുന്ന പ്രധാന ജലശേഖരണ കേന്ദ്രമായിരുന്നു ഫിലി. യു.എ.ഇയിലെ പരമ്പരാഗത ജലസേചന ശൃംഖലയായ ചെറിയ തോടുകൾ പോലുള്ള 'അഫ്ലാജ്'വഴിയാണ് വെള്ളം എത്തിച്ചിരുന്നത്. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജാണ് വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.