പണിയാം, കളിമൺ കൂടാരങ്ങൾ
text_fieldsമണ്ണപ്പം ചുട്ടുകളിച്ചതും കുഴിയാനയെ പിടിക്കാന്‍ മണ്‍വീടുകളുടെ ഓരങ്ങളില്‍ പരതിയതുമെല്ലാം പഴയ തലമുറയുടെ ഓര്‍മകള്‍ മാത്രമായി മാറുന്ന ഇക്കാലത്ത്, പ്രവാസച്ചൂടില്‍ അല്‍പ്പം കളിയും കാര്യവുമായി മണ്‍പാത്രം നിര്‍മിക്കാന്‍ പുതുതലമുറയിലെ കുരുന്നുകളെ പഠിപ്പിച്ചാലോ...? അബൂദബി ശൈഖ് സായിദ് ഫെസ്റ്റിവലിലേക്കു വരൂ, ഇവിടെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കളി മണ്ണ് കൊണ്ട് എന്തും നിര്‍മിക്കാം. അവര്‍ക്ക് ആവശ്യമായ പരിശീലനം നല്കാന് കളിമണ്‍ നിര്‍മാണത്തില്‍ പ്രാവീണ്യം നേടിയവര്‍ വരെ തുര്‍ക്കി പവലിയനിലുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ കുരുന്നുകളെ പൂര്‍വകാല സംസ്കൃതികളിലേക്ക് കൈപ്പിടിച്ചു നടത്തുകയാണ് ഇത്തരത്തിലുള്ള സ്റ്റാളുകള്‍ മുഖേന ഫെസ്റ്റില്‍ ലക്ഷ്യമിടുന്നത്.
അറേബ്യന്‍ ജനതയുടെ വേട്ട വിനോദം പ്രോല്‍സാഹിപ്പിക്കാനും പുതുതലമുറയ്ക്ക് അതിന്റെ അറിവും ആവേശവും പകര്‍ന്നു നല്‍കാനും ഫാല്‍ക്കണുകളെയും സലൂഖി എന്ന വേട്ട മൃഗങ്ങളെയുമെല്ലാം ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. അതുകൊണ്ട് തന്നെ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ എപ്പോഴും സന്ദര്‍ശകരാൽ നിറഞ്ഞു നില്ക്കുന്ന സ്റ്റാള്‍ ആണ് കളിമണ്‍ നിര്‍മാണ പരിശീലന കേന്ദ്രം. തുര്‍ക്കി സ്വദേശി മുസ്തഫ അടങ്ങുന്ന സംഘം പരിശീലനം വേണ്ടവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പ്രചോദനവുമായി എപ്പോഴും കൂടെയുണ്ട്. മലയാളി കുട്ടികളും ഇതര രാജ്യത്തുനിന്നുള്ള താമസക്കാരുമെല്ലാം ഇവിടെ നിന്ന് പരിശീലനം നേടുന്നുണ്ട്.
പരിശീലകന് മുസ്തഫ, തന്റെ സുഹൃത്തുക്കള്‍ക്ക് പറഞ്ഞുകൊടുക്കുന്നതു കണ്ടാണ് സാലിം ബിന്‍ സെയ്ഫ് ഒരു കൈ നോക്കാനിരുന്നത്. അഞ്ച് മിനിറ്റിനുള്ളില്‍ ചെറിയ മണ് ചട്ടി സ്വയം തയ്യാറാക്കി ഏവരെയും അവന് അമ്പരപ്പിച്ചു. ബഹിരാകാശ ശാസ്ത്രജ്ഞനാവാന്‍ ആഗ്രഹിക്കുന്ന തനിക്ക് ഇതൊക്കെ എന്തെന്ന ഭാവം.
ഫെസ്റ്റിവലിലെ തുര്‍ക്കി പവലിയനിലെ മികച്ച സ്റ്റാള്‍ ആണ് ഈ കളിമണ്‍ നിര്‍മാണ പരിശീലന കേന്ദ്രം. അഞ്ചുവയസ്സുകാരി തുര്ഫയും ഷമ്മ മഹ്മൂദും ഹലീമ റാഷിദുമെല്ലാം കളിമണ്ണില്‍ കരവിരുത് തീര്‍ക്കുന്നത് കാണാന്‍ തന്നെ അഴക്. വ്യത്യസ്ത രൂപത്തിലുള്ള കളിമണ്‍ പാത്രങ്ങളാണ് ഇവര്‍ നിര്‍മിച്ചത്. പരമ്പരാഗത വേഷത്തില്‍ ഫെസ്റ്റ് കാണാന്‍ എത്തിയ കുട്ടിക്കൂട്ടം അല്‍ റിയാസ് സ്കൂളിലാണ് പഠിക്കുന്നത്. ദിനംപ്രതി അമ്പതോളം കുട്ടികള്‍ക്ക് ഇവിടെ പരിശീലനം നല്‍കുന്നുണ്ട്.
അവധി ദിവസങ്ങളില്‍ കളിമണ്‍ നിര്‍മാണ കേന്ദ്രത്തില്‍ നൂറിലധികം പേര് എത്തുന്നുണ്ടെന്നും മുസ്തഫ പറയുന്നു. തുര്‍ക്കിയില്‍ നിന്ന് എത്തിക്കുന്ന കളിമണ്ണാണ് ഇവിടെ ഉപയോഗിക്കുന്നത്. ശൈഖ് സായിദ് ഫെസ്റ്റ് കുട്ടികള്‍ക്കൊപ്പം സന്ദര്‍ശിക്കുന്നവര്‍ നിര്‍ബന്ധമായും പോകേണ്ട പവലിയനായി തുര്‍ക്കി മാറിയതും ഈ കേന്ദ്രം ശ്രദ്ധയാകര്ഷിക്കുന്നതുകൊണ്ടാണ്. മലയാളികള്‍ക്ക് ഗൃഹാതുരത്വം സമ്മാനിക്കുന്ന ഇടം കൂടിയാണ് ഈ കളിമണ്‍ നിര്‍മാണ പരിശീലന കേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.