ശൈഖ് സായിദ് ഫെസ്റ്റിവൽ ഇന്നുമുതൽ
text_fieldsഅബൂദബി: ഇത്തവണത്തെ ശൈഖ് സായിദ് ഫെസ്റ്റിവലിന് വെള്ളിയാഴ്ച തുടക്കമാവും. അല്‍വത്ബയില്‍ ആരംഭിക്കുന്ന ഫെസ്റ്റിവല്‍ 2025 ഫെബ്രുവരി 28വരെ നടക്കും.
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെ രക്ഷകര്തൃത്വത്തിനുകീഴില് നടക്കുന്ന ഫെസ്റ്റിവലിന്റെ തുടര്‍ നടപടികള്‍ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാനും മേളയുടെ മേല്‍നോട്ടം യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവും ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഉന്നത സംഘാടകസമിതി ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ ആല് നഹ്യാനും വഹിക്കും.
കരിമരുന്ന് പ്രകടനങ്ങള്‍, ഡ്രോണ്‍ ഷോ എന്നിവക്കു പുറമേ ഏവരെയും അമ്പരപ്പിക്കുന്ന മറ്റു പരിപാടികളും ഇത്തവണത്തെ ഫെസ്റ്റിവലില്‍ ഉണ്ടാകുമെന്ന് സംഘാടക സമിതി അറിയിച്ചു. 120 ദിവസം നീളുന്ന ശൈഖ് സായിദ് ഫെസ്റ്റിവല്‍ യു.എ.ഇയിലെ ഏറ്റവും വലിയ സാംസ്കാരിക, വിനോദ പരിപാടിയായാണ് കണക്കാക്കുന്നത്.
പരേഡ്, തുറന്ന വേദിയിലെ സര്‍ക്കസ്, സമ്മാന വിതരണം, മിലിറ്ററി ബാന്‍ഡ് പ്രകടനം, പാരമ്പര്യ, നാടന്‍ കലാരൂപങ്ങളുടെ മത്സരങ്ങള്‍, കായിക, വിനോദ പരിപാടികള്‍ തുടങ്ങി സന്ദര്‍ശകരെ ആവേശത്തിലാറാടിക്കുന്ന ഒട്ടേറെ പരിപാടികള്‍ ഉദ്ഘാടനദിവസം തന്നെ ഫെസ്റ്റിവല്‍ വേദികളില്‍ അരങ്ങേറും.
വൈകീട്ട് നാലുമുതല്‍ അര്‍ധരാത്രിവരെയാണ് ഫെസ്റ്റിവലില്‍ പ്രവേശനം. വാരാന്ത്യങ്ങളില്‍ പുലര്‍ച്ച ഒന്നുവരെയും ഫെസ്റ്റിവല്‍ വേദിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.