ശൈത്യകാലത്തെ വരവേൽക്കാൻ അബൂദബിയും
text_fieldsകഠിന ചൂടിനെവിട്ട് ശൈത്യക്കുളിരിനെ വരവേല്‍ക്കാനൊരുങ്ങുന്ന ജനങ്ങള്‍ക്ക് ആസ്വാദനത്തിന്റെയും ആനന്ദത്തിന്റെയും അനന്ത സാധ്യതകളാണ് എമിറേറ്റ് ഒരുക്കുന്നത്. വരുന്ന ആറുമാസമിനി അബൂദബിക്ക് ആഘോഷ നാളുകള്ക്കൂടിയാണ്. വിവിധങ്ങളായ അനവധി പരിപാടികള്‍ക്ക് അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണ്. തണുപ്പുകാല ആഘോഷങ്ങളില്‍ രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ആഘോഷമായ ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ പുതിയ പതിപ്പ് നവംബര്‍ 17ന് ആരംഭിക്കും. അബൂദബിയിലെ കുടുംബസമേതമുള്ള ഉല്ലാസങ്ങള്‍ക്ക് നിറംപകരാന്‍ സിനിമാ ഇന്‍ ദ പാര്‍ക്കും പാര്‍ക്ക് മാര്‍ക്കറ്റും മടങ്ങിവരുന്നു എന്നതാണ് ശൈത്യകാല വിനോദങ്ങളിലെ മറ്റൊരുകാര്യം. കാലാവസ്ഥ അനുകൂലമാവുന്നതോടെയാണ് ഔട്ട്ഡോര്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കുക. ഒക്ടോബര്‍ ആറു മുതല്‍ ആരംഭിക്കുന്ന ഔട്ട്ഡോര്‍ സിനിമാ പ്രദര്‍ശനം 2024 ഏപ്രില്‍ 27 വരെ തുടരും. വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളില്‍ വൈകീട്ട് ആറിനും എട്ടിനുമായാണ് പ്രദര്‍ശനങ്ങള്‍. കഴിഞ്ഞവര്‍ഷത്തെ ഔട്ട്ഡോര്‍ സിനിമാ പ്രദര്‍ശനങ്ങളില്‍ കുട്ടികള്‍ക്ക് പ്രിയങ്കരമായ ചാര്‍ലി, ചോക്കലേറ്റ് ഫാക്ടറി, ദ ലയണ്‍ കിങ് മുതലായ ചിത്രങ്ങളായിരുന്നു ഇടംപിടിച്ചിരുന്നത്.
റമദാനില്‍ പ്രദര്‍ശന സമയം രാത്രി ഏഴിനും ഒമ്പതിനു ആയി മാറ്റുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഉമ്മുല്‍ ഇമാറാത്ത് പാര്‍ക്കില്‍ പ്രസിദ്ധമായ പാര്‍ക്ക് മാര്‍ക്കറ്റും തിരികെയെത്തുന്നത് കുടുംബങ്ങള്‍ക്ക് ആവേശംപകരുന്ന വാര്‍ത്തയായി. നാല്പതിലേറെ വ്യാപാരികളാവും ഭക്ഷണവും കരകൗശലവസ്തുക്കളും അടക്കമുള്ളവയുമായി പാര്‍ക്കിലെ വിപണിയെ സജീവമാക്കാനെത്തുക. കലാ പ്രദര്‍ശനങ്ങള്‍, കുടുംബ സൗഹൃദ വിനോദപരിപാടികള്‍, ഫിറ്റ്നസ്, വെല്‍നസ് ക്ലാസുകള്‍ തുടങ്ങിയവയും ഇതോടൊപ്പം പാര്‍ക്കില്‍ സജ്ജമാക്കുന്നുണ്ട്. വൈകീട്ട് നാലു മുതല്‍ രാത്രി 10 വരെയാണ് പാര്‍ക്കിലെത്തുന്ന സന്ദര്‍ശകര്‍ക്കായി വിപണി പ്രവര്‍ത്തിക്കുക. 2024 മാര്‍ച്ച് 30 വരെ പാര്‍ക്ക് മാര്‍ക്കറ്റ് ഉണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്കായി ummalemaratpark.ae വെബ്സൈറ്റ് സന്ദര്‍ശിക്കാം.
അബൂദബി അല്‍വത്ബയില്‍ ശൈഖ് സായിദ് ഫെസ്റ്റിവല്‍ നവംബര്‍ 17 മുതൽ 2024 മാര്‍ച്ച് ഒമ്പത് വരെയായിരിക്കും അരങ്ങേറുക. സാംസ്കാരിക, വിനോദ, സാമൂഹിക, കായിക പരിപാടികള്‍ മേളയുടെ ഭാഗമാണ്. ദേശീയ പൈതൃകം സംരക്ഷിക്കുക, ഇമാറാത്തി നാഗരികതയുടെ ആഴം ഉറപ്പിക്കുക, ഭാവി തലമുറകളിലേക്ക് രാജ്യത്തിന്റെ ചരിത്രവും പൈതൃകവും പകരുക തുടങ്ങിയ പ്രധാന സന്ദേശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഫെസ്റ്റിവല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മുന്‍ കാലങ്ങളിലേതുപോലെ തന്നെ ഹെറിറ്റേജ് വില്ലേജ്, ഇമാറാത്തി സിവിലൈസേഷന്‍സ് പവലയിനുകള്, ഫണ്‍ ഫെയര്‍ സിറ്റി, ചില്‍ഡ്രന്‍സ് സിറ്റി, ആര്‍ട്ട് ഡിസ്ട്രിക്ട്, ഗോ കാര്‍ട്ടിങ് മല്‍സങ്ങള്‍, ക്രേസി കാര്‍, ഗ്ലോ ആന്‍ഡ് ഫ്ളവര്‍ ഗാര്ഡന്, സെല്‍ഫി സ്ട്രീറ്റ്, ഡെസര്‍ട്ട് മ്യൂസിയും തുടങ്ങിയ ഇടങ്ങളിലെ പ്രദര്‍ശനങ്ങളും ഷോകളുമൊക്കെ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ശൈഖ് സായിദ് ഫെസ്റ്റിവല്‍ വേദിയില്‍ പുതുവര്‍ഷ രാവില്‍ പത്തുലക്ഷത്തിലേറെ പേരെ സാക്ഷിയാക്കി നടത്തിയ കരിമരുന്ന് പ്രകടനവും ഡ്രോണ്‍ ഷോയും നാല് ലോകറെക്കോഡുകള്‍ തകര്‍ത്തിരുന്നു. ഒരുമണിക്കൂറോളം സമയം നീണ്ട കരിമരുന്ന് പ്രകടനവും ഡ്രോണ്‍ ഷോയും മേഖലയില്‍ തന്നെ ആദ്യത്തെ അനുഭവമായിരുന്നു. ലോകത്തിലെ വിനോദസഞ്ചാര, സാംസ്കാരിക കേന്ദ്രമെന്ന അബൂദബിയുടെ പദവിയെ പ്രോല്‍സാഹിപ്പിക്കുന്നതിലും ഫെസ്റ്റിവല്‍ സുപ്രധാന പങ്കാണു വഹിച്ചുവരുന്നത്. യൂനിയന്‍ പരേഡ്, ദേശീയദിന ആഘോഷങ്ങള്‍, പുതുവര്‍ഷ ആഘോഷങ്ങള്‍, ഗ്ലോബല്‍ പരേഡ്, അല്‍ വത്ബ കസ്റ്റം ഷോ തുടങ്ങി കുടുംബങ്ങളെയടക്കം സന്തുഷ്ടപ്പെടുന്ന പരിപാടികള്‍ ഫെസ്റ്റിവലിന്റെ പ്രത്യേകതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.