അൽ വത്ബയിൽ ഇനി ആഘോഷരാവ്: ശൈഖ് സായിദ് പൈതൃകോത്സവം വെള്ളിയാഴ്ച ആരംഭിക്കും
text_fieldsഅബൂദബി: യു.എ.ഇയിലെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവങ്ങളിലൊന്നായ ശൈഖ് സായിദ് പൈതൃകോത്സവം അൽ വത്ബയിൽ വെള്ളിയാഴ്ച ആരംഭിക്കും. 'എമിറേറ്റ്സ് നാഗരികതയുടെ സംഗമസ്ഥലം' എന്ന ശീർഷകത്തിൽ 2021 ഫെബ്രുവരി 20 വരെ നീളുന്ന ഫെസ്റ്റിവലിൽ പരമ്പരാഗത കലാ സാംസ്‌കാരിക പരിപാടികളും വിവിധ രാജ്യങ്ങളുടെ വിപണികളുമാണ് പ്രധാന ആകർഷണം.ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് സാംസ്‌കാരിക പരിപാടികളിലൊന്നായ ശൈഖ് സായിദ് പൈതൃക ഉത്സവ നഗരിയിൽ പ്രതിദിനം 80,000 സന്ദർശകർ എത്തുമെന്ന് സംഘാടകർ അറിയിച്ചു. മുതിർന്നവർക്ക് പ്രവേശനത്തിന് അഞ്ചു ദിർഹമാണ് ടിക്കറ്റ് നിരക്ക്.
നിശ്ചയദാർഢ്യക്കാർക്കും 10 വയസ്സിന് താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമായിരിക്കും. ഫെസ്റ്റിവൽ നഗരി സന്ദർശിക്കുന്നവർക്ക് അബൂദബിയിൽനിന്ന് സൗജന്യ പബ്ലിക് ബസ് സർവിസ് ലഭ്യമാക്കുമെന്ന് അബൂദബി മുനിസിപ്പാലിറ്റീസ് ആൻഡ് ഗതാഗത വകുപ്പിന് കീഴിലുള്ള ഇൻറഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻറർ (ഐ.ടി.സി) അറിയിച്ചു. ഉച്ചക്കുശേഷം മൂന്നുമുതൽ രാത്രി ഏഴുവരെ ഓരോ മണിക്കൂർ ഇടവിട്ട് ബസ് സർവിസ് ലഭ്യമാക്കും. അബൂദബിയിലെ പ്രധാന ബസ് സ്റ്റേഷനിൽനിന്ന് എല്ലാ ദിവസവും സൗജന്യ ബസ് സർവിസ് ഉണ്ടായിരിക്കും. ബെയ്ൻ അൽ ജെസ്റൈൻ കോഓപറേറ്റിവ് സൊസൈറ്റി സൂപ്പർ മാർക്കറ്റ്-ബനി യാസ് ബസ് സ്റ്റേഷൻ വഴി അൽ വത്ബ ഫെസ്റ്റിവൽ നഗരിയിലേക്ക് സർവിസ് നടത്തും.
വൈകീട്ട് അഞ്ചുമുതൽ രാത്രി 11 വരെ ഫെസ്റ്റിവൽ നഗരിയിൽനിന്ന് അബൂദബി നഗരത്തിലേക്ക് മടക്കയാത്ര സേവനങ്ങളും ലഭ്യമാണ്.മൂന്നുമാസം നീളുന്ന ഉത്സവത്തിൽ 3500 വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് അൽ വത്ബ ആതിഥേയത്വം വഹിക്കുമെന്നും സംഘാടകർ അറിയിച്ചു.ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വർഷംതോറും നടക്കുന്ന ആഗോള സാംസ്‌കാരിക ഉത്സവമാണ് ശൈഖ് സായിദ് ഫെസ്റ്റിവൽ.അടുത്തിടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് സാംസ്‌കാരിക പരിപാടികളിൽ ഒന്നായും ഈ ഫെസ്റ്റിവൽ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കുടുംബാന്തരീക്ഷത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 10 ലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുന്ന ഉത്സവമെന്നതും പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.