ഒടുവിൽ ഉമ്മര്‍ മകനെയുംകൊണ്ട് യാത്രയായി, പ്രാർഥനയോടെ
text_fieldsഅബൂദബി: മകന്റെ വിരലൊന്ന് അനങ്ങുന്നതും പ്രതീക്ഷിച്ച് ഒന്നര വര്‍ഷത്തോളം പ്രാർഥനയോടെ ആശുപത്രിയില്‍ കാവലിരുന്ന ഉമ്മര്‍ ഒടുവിൽ മകനെയുംകൊണ്ട് നാട്ടിലേക്ക് യാത്രയായി. ഇനി നാട്ടിലെ തുടര്‍ചികിത്സയാണ് ഈ പിതാവിന്റെ പ്രതീക്ഷയുടെ തിരിനാളം. അഞ്ചു പേരടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ പ്രവാസിയായ പിതാവിന് ഒരു കൈത്താങ്ങായാണ് മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഉമ്മറിന്റെ മകന് ഷിഫിന് പ്രവാസ ലോകത്തേക്ക് എത്തുന്നത്. അല്‍ഐനിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ചെറുപ്രായത്തില്‍ തന്നെ ജോലിക്കു കയറിയ യുവാവിന്റെ ജീവിതം മാറ്റിമറിക്കുന്നത് 2022 മാര്‍ച്ച് 26ന് നടന്ന ഒരപകടമാണ്. ബഖാലയില്‍നിന്ന് മോട്ടോർ സൈക്കിളില്‍ സാധനങ്ങളുമായി പോയ ഈ 22കാരനെ സ്വദേശി ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. പൊലീസ് ഷിഫിനെ അല്‍ ഐനിലെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയിരുന്നെങ്കിലും തലക്ക് കാര്യമായ പരിക്കേറ്റിരുന്നു.
ഏക മകന്റെ ദാരുണമായ അപകടവിവരമറിഞ്ഞ പിതാവ് സൗദിയിലെ ജോലി ഉപേക്ഷിച്ച് അല്‍ഐനിലെ ആശുപത്രിയില്‍ വന്നെത്തി. ചികിത്സ കാലാവധി നീണ്ടുപോയതോടെ ഷിഫിന് ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമകള്‍ പിതാവിന് യു.എ.ഇയില്‍ താങ്ങാന്‍ വിസയെടുത്ത് നല്കി. പ്രിയ മകന്റെ കണ്ണോ കാലോ ഒന്നിളകുന്നതു കാണാന്‍ പിതാവ് ഒന്നര വര്‍ഷത്തോളം വെന്റിലേറ്ററിനു പുറത്ത് കാവലിരുന്നു.
രണ്ടാഴ്ചത്തെ ചികിത്സക്കുശേഷം അല്‍ ഐനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും അല്‍ ഐനിലെ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലച്ചോറിനേറ്റ പരിക്കുമൂലം യുവാവിന്റെ പത്തോളം അവയവങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ടതായി വൈദ്യശാസ്ത്രം വിധിയെഴുതി. ഇതോടെ അബൂദബിയിലെ സ്വകാര്യ ആശുപത്രിയുടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പ്രിയപ്പെട്ടവരുടെ പ്രാര്‍ഥനയും ഇവിടത്തെ ചികിത്സയുടെയും ഫലമെന്നോണം ഷിഫിന് ശിരസ്സ് ഇളക്കാന്‍ തുടങ്ങി. ഇതോടെ തുടര്‍ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. പെരിന്തല്‍മണ്ണയിലെ ഇ.എം.എസ് ആശുപത്രിയില്‍ തുടർചികിത്സക്കുള്ള അവസരം ഒരുക്കി. ഇതിനായി സ്ട്രെച്ചര്‍ സൗകര്യമുള്ള വിമാനത്തിനായി കാത്തിരുന്നു.
സൗകര്യം കോഴിക്കോട്ടേക്കാണ് എങ്കിലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്ട്രെച്ചര്‍ സൗകര്യമുള്ള വിമാനങ്ങളിറങ്ങാത്തതിനാല് യാത്ര കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ നഴ്സിന്റെയും പിതാവിന്റെയും സഹായത്താല്‍ സ്ട്രെച്ചറില്‍ ഷിഫിന് നാട്ടിലേക്ക് യാത്രയായി.
കുടുംബത്തിന്റെ മെച്ചപ്പെട്ട ജീവിതം ലക്ഷ്യം വെച്ച് പ്രവാസ ലോകത്തെത്തിയ ഷിഫിന് ആദ്യമായി നാട്ടിലേക്ക് യാത്രയാവുകയായിരുന്നു. ഷിഫിന് ജോലി ചെയ്തിരുന്ന സ്ഥാപനയുടമയുടെ അകമറ്റ സഹകരണവും ഈസ അനീസിന്റെ നിയമസഹായവും ഏറെ സഹായകമായെന്ന് ഉമ്മര്‍ നന്ദിയോടെ സ്മരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.