കാഴ്ച്ച പരിമിതിയെ തോൽപിച്ച് വെളിച്ചത്തേക്കാള്‍ തെളിച്ചത്തില്‍ ഷിഫ്ന സിദ്ദീഖ്
text_fieldsഒമ്പതാം തരത്തിലെ മിടുക്കിയായ ഷിഫ്ന സിദ്ദീഖിന് ജന്മനാ കൂട്ടിനെത്തിയതാണ് കാഴ്ച്ച പരിമിതി. അന്ധതക്കൊപ്പം ശാരീരികാസ്വാസ്ഥ്യങ്ങളോടും പൊരുതി പഠനത്തിനൊപ്പം സര്‍ഗാത്മക കഴിവുകളെ ജ്വലിപ്പിക്കുന്ന ഷിഫ്നയുടെ ജീവിത വഴി കണ്ണുള്ളവര്‍ക്ക് കൂടി ആവേശം നല്‍കും.
അഞ്ച് വയസ്സ് മുതല്‍ സ്കൂള്‍ തലത്തിലും സബ് ജില്ലാ കലോത്സവ വേദികളിലും ഷിഫ്ന വിജയം വരിച്ചു. കഥാ പ്രസംഗം, ലളിത ഗാനം, മാപ്പിള്ള പാട്ട്, കവിതാലാപാനം തുടങ്ങിയവയിലാണ് നാട്ടിലെ സ്കൂള്‍ മല്‍സരങ്ങളില്‍ ഷിഫ്ന പങ്കെടുത്തിരുന്നത്. വാനോളമുള്ള സ്വപ്നങ്ങളില്‍ ഭാവിയില്‍ തനിക്കൊരു മികച്ച അധ്യാപികയാകണമെന്നതാണ് മുന്നില്‍ നില്‍ക്കുന്ന ആഗ്രഹമെന്ന് ഷിഫ്ന പറയുന്നു.
പിതാവ് സിദ്ദീഖും മാതാവ് നുസൈബയും നല്‍കുന്ന കരുതലിനൊപ്പം റാക് ഐഡിയല്‍ സ്കൂളിലെ സഹപാഠികളും അധ്യാപകരും നല്‍കുന്ന പിന്തുണ നന്ദി വാക്കില്‍ ഒതുക്കാവുന്നതല്ല. 12 വര്‍ഷമായി റാസല്‍ഖൈമയിലുള്ള തിരൂര്‍ കരത്തൂര്‍ സ്വദേശിയായ സിദ്ദീഖ് കോവിഡ് മഹാമാരി നാളുകള്‍ക്കൊടുവിലാണ് കുടുംബത്തെയും റാസല്‍ഖൈമയിലേക്ക് കൂട്ടിയത്. അന്ധതക്കൊപ്പം ബധിരതയും മറ്റു ആരോഗ്യ പ്രശ്നങ്ങളും ഒരു പോലെ അനുഭവിക്കുന്ന കുട്ടികള്‍ക്കിടയില്‍ കാഴ്ച്ച പരിമിതി മാത്രമുള്ള ഷിഫ്ന തങ്ങള്‍ക്ക് അനുഗ്രഹമാണെന്ന് സിദ്ദീഖും നുസൈബയും ഉറപ്പിക്കുന്നു.
സംഗീത വിദ്യാഭ്യാസത്തിനൊന്നും പോകാതെയായിരുന്നു ഷിഫ്നക്ക് ഇതുവരെ ലഭിച്ച നേട്ടങ്ങളെല്ലാം. റാസല്‍ഖൈമയില്‍ കേരള സര്‍ക്കാറിന്‍റെ മലയാളം മിഷന്‍ പഠന കേന്ദ്രവുമായി ബന്ധപ്പെട്ട് വിവിധ മല്‍സരങ്ങളില്‍ പങ്കെടുക്കാനായത് ഷിഫ്നക്ക് കൂടുതല്‍ ഊര്‍ജം നല്‍കുന്നു.
മലയാളം മിഷന്‍ ആഗോള തലത്തില്‍ നടന്ന സുഗതാഞ്ജലി കാവ്യാലാപനം, ഓണപ്പാട്ട് തുടങ്ങിയവയില്‍ പങ്കെടുത്ത ഷിഫ്ന വിജയം നേടിയിരുന്നു. അവസരങ്ങള്‍ നേട്ടങ്ങളാക്കുന്ന ഷിഫ്നക്ക് രക്ഷിതാക്കള്‍ ഇപ്പോള്‍ സംഗീതമഭ്യസിക്കുന്നതിനും അവസരമൊരുക്കുന്നുണ്ട്. മുഹമ്മദ് നൂഹ്, ആയിഷ, മുസ്തഫ എന്നിവര്‍ ഷിഫ്നയുടെ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.