പെലെയുടെ കൈയൊപ്പ് ചാർത്തിയ റിയാലുമായി ഷിഹാബുദ്ദീൻ
text_fieldsഅൽഐൻ: കാൽപന്തുകളിയുടെ ഇതിഹാസം മൺമറയുമ്പോൾ പെലെയോടൊപ്പമുള്ള ഓർമകൾ പങ്കുവെക്കുകയാണ് അൽഐനിൽ താമസിക്കുന്ന കോട്ടയം കൂട്ടിക്കൽ സ്വദേശി ഷിഹാബുദ്ദീൻ പക്രുദ്ദീൻ. ബ്രസീലിൽ പോയി ഒരിക്കൽകൂടി കൺനിറയെ കാണണമെന്ന ആഗ്രഹം നിറവേറ്റാനാകാത്ത സങ്കടം മനസ്സിലുള്ളപ്പോഴും ഇതിഹാസത്തിന്റെ കൈയൊപ്പ് ചാർത്തിയ റിയാൽ നെഞ്ചോടു ചേർക്കുകയാണ് ഷിഹാബുദ്ദീൻ.
ഖത്തറിൽ ജോലിചെയ്തുകൊണ്ടിരിക്കെയാണ് പെലെയെ കാണാനും അദ്ദേഹത്തിന്റെ ഒപ്പ് വാങ്ങാനും ഭാഗ്യം ലഭിക്കുന്നത്. 2007ലാണ് സംഭവം. ഖത്തറിൽ ഫുഷോൺ എന്ന ഫ്രഞ്ച് കാറ്ററിങ് കമ്പനിയിൽ കാറ്ററിങ് സൂപ്പർവൈസർ ആയി ജോലി ചെയ്യുകയായിരുന്നു ഷിഹാബുദ്ദീൻ. ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ ഭരണത്തിൽ ആഭ്യന്തര മന്ത്രിയായിരുന്ന ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽഥാനിയുടെ അതിഥികളായാണ് അദ്ദേഹത്തിന്റെ പാലസിൽ സാക്ഷാൽ പെലെയും ഖത്തർ അമീറും എത്തുന്നത്.
ഫുഷോൺ എന്ന കാറ്ററിങ് കമ്പനിക്കായിരുന്നു ഇവർക്കുള്ള ഭക്ഷണം ഒരുക്കാൻ അവസരം ലഭിച്ചത്. കമ്പനി നിർദേശപ്രകാരം വിശിഷ്ടാതിഥികൾക്ക് ഭക്ഷണം ഒരുക്കാൻ പാലസിൽ എത്തിയപ്പോഴാണ് ഖത്തർ അമീറും പെലെയുമാണ് അവിടെയുള്ളത് എന്നറിയുന്നത്. രണ്ട് വിശിഷ്ടാതിഥികൾ ഉണ്ട് എന്നല്ലാതെ അവർ ആരൊക്കെയാണെന്ന് കമ്പനി അറിയിച്ചിരുന്നില്ല. ആ കാലത്ത് ഖത്തർ അസോസിയേഷൻ, ക്യു ടെൽ, ഫുട്ബാൾ അസോസിയേഷൻ, വോളിബാൾ അസോസിയേഷൻ, പ്രധാന രാജ്യങ്ങളിലെ എംബസികളിലെ പരിപാടികൾ തുടങ്ങി ഖത്തറിലെ പ്രമുഖ പരിപാടികളിലെല്ലാം ഭക്ഷണം വിതരണംചെയ്യാൻ അവസരം ലഭിച്ചിരുന്നത് ഈ കമ്പനിക്കാണ്.
പാലസിലേക്ക് കയറുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ പഴ്സ് അടക്കമുള്ള മുഴുവൻ വസ്തുക്കളും വാങ്ങി വെച്ചിരുന്നതിനാൽ കൈയിൽ മറ്റൊന്നുമുണ്ടായിരുന്നില്ല. അതിനാൽ തന്നെ പെലെയിൽനിന്ന് ഒപ്പിട്ടു വാങ്ങാൻ പേപ്പർ അന്വേഷിച്ച് നടന്നു. ഒടുവിൽ ശൈഖ് അബ്ദുല്ല ബിൻ ഖാലിദിന്റെ മകന്റെ കൈയിൽ നിന്നും ഒരു ഖത്തർ റിയാൽ വാങ്ങി പെലെയിൽനിന്ന് ഒപ്പിട്ടു വാങ്ങുകയായിരുന്നു.
ആ ഖത്തർ റിയാലാണ് ഇന്നും ഷിഹാബുദ്ദീൻ നിധിപോലെ സൂക്ഷിക്കുന്നത്. അന്ന് ഫോട്ടോയോ വിഡിയോയോ എടുക്കാൻ സാധിച്ചിരുന്നില്ല. അൽ ജസീറ ചാനലിന്റെ ഫോട്ടോഗ്രാഫർ മാത്രമാണ് ഇവരുടെ ഫോട്ടോ എടുത്തിരുന്നത്. പെെലയോടും അന്നത്തെ ഖത്തർ അമീറിനോടും ഒപ്പമുള്ള ഫോട്ടോ അൽ ജസീറ ഫോട്ടോഗ്രാഫർ ഇദ്ദേഹത്തിന്റെ റെഡിഫ് മെയിലിലേക്ക് അയച്ചുകൊടുത്തിരുന്നുവെങ്കിലും ആ മെയിൽ ഐ.ഡി നഷ്ടപ്പെട്ടതിനാൽ ചിത്രങ്ങൾ വീണ്ടെടുക്കാൻ സാധിച്ചതുമില്ല. അൽഐനിൽ ഗാർഡൻ ലാൻഡ് ലാൻഡ്സ്കേപ്പ് എന്ന കമ്പനി നടത്തുകയാണ് ഷിഹാബുദ്ദീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.