കടൽ കടന്ന് കപ്പലെത്തുമോ?
text_fieldsദുബൈ: പത്തേമാരിയിലും ലോഞ്ചിലും കടൽ കടന്ന കാലം വീണ്ടും വരുമോ? പ്രവാസികൾക്കിടയിലെ പ്രധാന ചർച്ചാ വിഷയമാണിത്. കേരളത്തിൽനിന്ന് ഗൾഫിലേക്ക് കപ്പൽ സർവിസ് പരിഗണിക്കുന്നുവെന്ന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രഖ്യാപനമാണ് പുതിയ ചർച്ചകളിലേക്ക് വഴിതുറന്നത്. കപ്പൽയാത്ര ഏത് വഴിയായിരിക്കും, നിരക്ക്, എത്ര ദിവസം യാത്ര ചെയ്യണം, ലഗേജ് തുടങ്ങിയവയെല്ലാം തമാശയായും കാര്യമായും പ്രവാസികൾ ചർച്ചചെയ്യുന്നുണ്ട്. ബേപ്പൂരിൽനിന്ന് യു.എ.ഇയിലേക്കാണ് കപ്പൽ പരിഗണിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കുന്നു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രവാസികളുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 15 കോടി രൂപ ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതുകൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സർവിസ് ആരംഭിക്കാനാണ് ആലോചന. യാത്രാ ഷെഡ്യൂളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്താനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് നടക്കില്ല എന്നാണ് ഒരുവിഭാഗം പറയുന്നതെങ്കിലും നടപ്പാക്കാൻ തടസ്സങ്ങളില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്.
2001ലാണ് അവസാനമായി ഗൾഫിൽനിന്ന് കേരളത്തിലേക്ക് യാത്രാ കപ്പൽ സർവിസ് നടത്തിയത്. മൂന്ന് സർവിസ് നടത്തിയെങ്കിലും എയർലൈനുകളുടെ സമ്മർദത്തിന് വഴങ്ങി ഇത് നിർത്തിവെക്കുകയായിരുന്നു. നാല് പകലും രാത്രിയുമായിരുന്നു യാത്ര. കുറഞ്ഞ നിരക്കിൽ കൂടുതൽ ലഗേജുമായി നടത്തിയ സർവിസിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാൽ, മൂന്ന് സർവിസ് കഴിഞ്ഞപ്പോൾ സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.
വീണ്ടും സർവിസ് ആരംഭിക്കുമ്പോൾ എയർലൈനുകളുടെ സമ്മർദം മറികടക്കാൻ സർക്കാരിന് കഴിയുമോ എന്ന വലിയ ചോദ്യം മുന്നിൽ നിൽക്കുന്നു. കേന്ദ്രസർക്കാർ എത്രത്തോളം സഹകരിക്കും എന്നതും പ്രധാനമാണ്. കപ്പൽ യാത്രക്ക് വളെരയേറെ സാധ്യതകളുള്ള കാലമാണിത്. അവധി ദിനങ്ങൾ കപ്പലിൽ ചിലവഴിക്കേണ്ടി വരുന്നു എന്ന കാരണത്താലാണ് പലരും കപ്പൽ യാത്രയോട് മുഖം തിരിച്ചിരുന്നത്.
എന്നാൽ, ഇപ്പോൾ പലരും രണ്ടും മൂന്നും മാസം അവധിക്ക് നാട്ടിൽ പോകുന്നവരാണ്. അവർക്ക് കൂടുതൽ ലഗേജ് നാട്ടിലെത്തിക്കാനും വ്യത്യസ്തമായ യാത്ര അനുഭവിക്കാനും കപ്പൽ അവസരമൊരുക്കും. മാത്രമല്ല, വിമാനയാത്രയേക്കാൾ കുറഞ്ഞ നിരക്കിൽ കപ്പലിൽ യാത്ര ചെയ്യാനുമാകും. സീസൺ സമയത്ത് കപ്പൽ ഇറക്കിയാൽ വിമാനക്കൊള്ളക്ക് പരിഹാരമാകും. കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാൻ ഡൽഹിയിൽ നിന്ന് കപ്പൽ പുറപ്പെട്ടതായി വാർത്ത പരന്നിരുന്നു. എന്നാൽ, കപ്പൽ എവിടെയുമെത്തിയില്ല.
നാല് ദിവസം, 200 കിലോ ലഗേജ്, കുറഞ്ഞ നിരക്ക്
ഗൾഫിൽനിന്ന് അവസാനമായി യാത്രാ കപ്പൽ സർവിസ് നടത്തിയത് 2001ലാണ്. മലയാളിയായ കരീം വെങ്കിടങ്ങ് മുൻകൈയെടുത്താണ് അന്ന് കൊച്ചിയിലേക്ക് രണ്ട് കപ്പൽയാത്ര സജ്ജീകരിച്ചത്. ഈ യാത്രയെ കുറിച്ച് അദ്ദേഹം വിവരിക്കുന്നു ‘2001 ജൂലൈ നാലിനാണ് ഞങ്ങളുടെ ആദ്യ കപ്പൽ പുറപ്പെട്ടത്. ബഹ്റൈനിൽനിന്ന് ദോഹ, ദുബൈ വഴി കൊച്ചിയിലേക്കായിരുന്നു യാത്ര. ദുബൈയിൽനിന്ന് മാത്രം 700ഒാളം പേർ കയറി.
1500 പേരായിരുന്നു ആകെ യാത്രക്കാർ. ടൈലോ ഫെറി കമ്പനിയുടെ അൽസലാം താബ എന്ന കപ്പലാണ് യാത്രക്കായി തിരഞ്ഞെടുത്തത്. 400 മുതൽ 1000 ദിർഹം വരെയായിരുന്നു നിരക്ക്. നാഭൂരിപക്ഷവും കുടുംബങ്ങളാണ് എത്തിയത്. ടിക്കറ്റിനായി വൻ തിരക്കായിരുന്നു. ലഗേജ് കൂടുതൽ അനുവദിച്ചതിനാൽ ചില കുടുംബങ്ങൾ വീട്ടുപകരണങ്ങൾ വരെ കപ്പലിൽ കയറ്റി. ആദ്യ ട്രിപ്പിൽ ആളുകൾക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു.
യാത്രക്കാർ കുളിക്കാനും മറ്റും വെള്ളം കൂടുതലായി ഉപയോഗിച്ചതോടെ നാലാം ദിനം കുടിവെള്ളത്തിന് ക്ഷാമമുണ്ടായി. 1500 പേർ ഒരുമിച്ച് ഭക്ഷണം കഴിക്കാനെത്തിയതും പ്രതിസന്ധിയുണ്ടാക്കി. 24 ദിവസത്തിന് ശേഷം നടത്തിയ രണ്ടാം യാത്രയിൽ ഇൗ പ്രശ്നത്തിനെല്ലാം പരിഹാരം കണ്ടിരുന്നു. പഴയ അനുഭവം വെച്ച് പറയുകയാണെങ്കിൽ നാല് പകലും നാല് രാത്രിയുമാണ് ദുബൈയിൽനിന്ന് കപ്പലിൽ നാട്ടിലെത്താൻ വേണ്ടത്.
അഞ്ചാം ദിവസം രാവിലെ കൊച്ചിയിലെത്തും. ഒരാൾക്ക് 200 കിലോവരെ ലഗേജ് കൈവശം വെക്കാൻ അനുവാദം നൽകിയിരുന്നു. അഞ്ച് പേരുള്ള കുടുംബങ്ങൾ 1000 കിലോ വരെ നാട്ടിലെത്തിച്ചിരുന്നു. മൂന്നാം യാത്രയുടെ ബുക്കിങ് നടക്കുേമ്പാഴാണ് എയർലൈൻസ് കമ്പനികളുടെ ഇടപെടലുണ്ടായത്. ഇവരുടെ സമ്മർദ ഫലമായി സർക്കാർ കൂടുതൽ നിബന്ധന മുന്നിൽ വെച്ചു. ഇൗ നിബന്ധനകൾ പാലിച്ച് യാത്ര ചെയ്യാൻ കഴിയുമായിരുന്നില്ല.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.