വീണ്ടും പുറംകടല്‍ ദുരിത ജീവിതം: ക്രിസ്മസ് നാളില്‍ ആശ്വാസ തീരത്ത് ഇന്ത്യന്‍ യുവാക്കള്‍
text_fieldsറാസല്‍ഖൈമ: യു.എ.ഇ പുറം കടലില്‍ നങ്കൂരമിട്ട കപ്പലില്‍ ആറു മാസമായി ദുരിത ജീവിതം നയിച്ച് വന്ന രണ്ട് മലയാളികളുള്‍പ്പെടെ നാല് ഇന്ത്യന്‍ യുവാക്കള്‍ ആശ്വാസ തീരത്ത്. കപ്പല്‍ ജോലി സ്വപ്നം കണ്ട് ലക്ഷങ്ങള്‍ മുടക്കി എത്തിയവരാണ് വെള്ളവും ഭക്ഷണവും ലഭിക്കാതെ പുറം കടലില്‍ ദുരിതത്തിലകപ്പെട്ടത്. തകരാറായിട്ടും അറ്റകുറ്റപ്പണി പോലും നടത്താതിരുന്ന കപ്പലില്‍ ഭീതിതമായ അവസ്ഥയിലാണ് തങ്ങള്‍ കഴിഞ്ഞതെന്ന് ഷാര്‍ജ ഖാലിദിയ തുറമുഖത്തെത്തിയ തിരുവനന്തപുരം കരമന സ്വദേശി വിക്ടര്‍ ദാസ് വില്യം (25) ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കോഴിക്കോട് ഫറോഖ് സ്വദേശി സല്‍മാനുല്‍ ഫാരിസി പുനത്തില്‍ (19), യു.പിയില്‍ നിന്നുള്ള അനില്‍ നിഷാദ് (19), പഞ്ചാബ് സ്വദേശി സുഖ്ജീത്ത് സിങ് (22) എന്നിവരാണ് വിക്ടറിനൊപ്പം പുറം കടലില്‍ നിന്ന് വ്യാഴാഴ്ച്ച തിരിച്ചെത്തിയത്.
ജി.പി റേറ്റിങ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ ഇവര്‍ രണ്ട് ലക്ഷം രൂപ മുംബൈയിലെ ഏജൻറിന് നല്‍കിയാണ് ജൂലൈ ഒന്നിന് ഷാര്‍ജയിലെത്തിയത്. വിമാനമിറങ്ങിയ ഇവരെ തുറമുഖത്തേക്ക് കൊണ്ടുവന്ന് സ്പീഡ് ബോട്ടില്‍ പത്ത് നോട്ടിക് മൈല്‍ ദൂരെ നങ്കൂരമിട്ടിരുന്ന കപ്പലില്‍ എത്തിക്കുകയുമായിരുന്നു. തങ്ങള്‍ക്ക് ലഭിച്ച നിയമനപത്രത്തില്‍ സൂചിപ്പിച്ചിരുന്ന കപ്പല്‍ വി.എം ലീഡര്‍ ആയിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു. പുറം കടലില്‍ ഇവരെ കയറ്റിയ കപ്പല്‍ ‘സീ പട്രോള്‍’ ആയിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞാല്‍ വി.എം ലീഡറിലേക്ക് മാറ്റുമെന്ന് വിശ്വസിപ്പിച്ച് കൊണ്ടുവന്നാക്കിയവർ സ്ഥലം വിടുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും ഏജൻറിെൻറയോ ഉടമയുടെയോ വിവരം ഇല്ലാഞ്ഞതോടെയാണ് ചതി മനസിലായത്. ഇവർക്കൊപ്പം തുറമുഖത്തെത്തിയ ആലുവ സ്വദേശി സമദ്, ആലപ്പുഴയില്‍ നിന്നുള്ള സെല്‍ജോ എന്നിവരെയും ‘സീ പട്രോളി’ല്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ചതിയിലകപ്പെട്ട വിവരം അറിഞ്ഞതോടെ പുറം കടലിലേക്ക് വരാന്‍ അവർ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഏജൻറ് അവരെ ജൂലൈയില്‍ തന്നെ നാട്ടിലേക്കയച്ചു.
മല്‍സ്യബന്ധനത്തിനെത്തുന്നവരില്‍ നിന്ന് ലഭിച്ച ഭക്ഷണവും ശുദ്ധ ജലവുമായിരുന്നു ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചത്. ശക്തമായ കാറ്റിലും താണ്ഡവമാടിയ തിരമാലകള്‍ക്കിടെയും മരണത്തെ മുഖാമുഖം കണ്ടായിരുന്നു ഇവരുടെ പുറം കടല്‍ ജീവിതം.
മിഷന്‍ ടു സീഫെയറേഴ്സിെൻറ വടക്കന്‍ എമിറേറ്റുകളിലെ കോ-ഓര്‍ഡിനേറ്ററായ ഫാ. നെല്‍സണ്‍ ഫെര്‍ണാണ്ടസുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതാണ് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ തങ്ങളെ തുണച്ചതെന്ന് യുവാക്കള്‍ വ്യക്തമാക്കി. ഈ വര്‍ഷം ഏപ്രിലിലും സമാനമായ സംഭവം ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 18 പേരാണ് അന്ന് തൊഴില്‍ തട്ടിപ്പിനിരയായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ പുറം കടലില്‍ ‘സീ പട്രോള്‍’ കപ്പലില്‍ കുടുങ്ങിയത്. ദ മിഷന്‍ ടു സീഫെയറേഴ്സ് പ്രവര്‍ത്തകര്‍ ഇടപെട്ട്് യുവാക്കള്‍ക്ക് നാട്ടിലെത്താൻ വഴിയൊരുക്കുകയായിരുന്നു. 1,40,000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് അന്ന് തൊഴില്‍ പെര്‍മിറ്റിനെന്ന പേരില്‍ തൊഴില്‍ തട്ടിപ്പ് സംഘം അന്ന് യുവാക്കളില്‍ നിന്ന് കവര്‍ന്നത്. ഏപ്രിലില്‍ പുറംകടലില്‍ കുടുങ്ങിയവരെ നാട്ടിലത്തെിക്കാന്‍ ദ മിഷന്‍ ടു സീഫെയറേഴ്സ് അധികൃതരുടെ സഹായത്തോടെ നേരിട്ട് ഇടപെടുകയായിരുന്നുവെന്ന് ഫാ. നെല്‍സണ്‍ പറഞ്ഞു. പുറം കടലില്‍ നിന്ന് തുറമുഖത്തേക്ക് തൊഴിലാളികളെ എത്തിച്ച ചെറു ബോട്ടിന് ചെലവ് വന്നത് 5300 ദിര്‍ഹമാണ്. 96 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിസ, നാട്ടിലേക്കുള്ള ടിക്കറ്റ് എന്നിവയും ദുബൈയിലെ സീ ഗള്‍ഫ് ഷിപ്പിംഗ് കമ്പനിയുമായി സഹകരിച്ച് ദ മിഷന്‍ ടു സീഫെയറേഴ്സ് ശരിപ്പെടുത്തുകയായിരുന്നു.
സമാനമായ ദുരിതത്തിലാണ് വിക്ടറും സംഘവും ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നതെന്ന് ഫാ. നെല്‍സണ്‍ പറഞ്ഞു. നേരത്തെ ഇടപെട്ട രീതിയില്‍ നേരിട്ട് യുവാക്കളെ നാട്ടിലത്തെിക്കാന്‍ തങ്ങള്‍ ഇക്കുറി ശ്രമിച്ചില്ല. ചെറുബോട്ട് ഉപയോഗിച്ച് യുവാക്കളെ കരക്കെത്തിച്ചാല്‍ പുറം കടലില്‍ നങ്കൂരമിട്ടിരിക്കുന്ന ‘സീ പട്രോളില്‍’ ഇനിയും ഇരകളെ എത്തിക്കാന്‍ തൊഴില്‍ തട്ടിപ്പ് മാഫിയക്ക് കഴിയും. അതിനാല്‍, ഇക്കുറി മാരിടൈം ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയെ (എം.ടി.എ) വിവരം അറിയിക്കുകയും ‘സീ പട്രോള്‍’ ഷിപ്പ് കസ്റ്റഡിയിലെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. എം.ടി.എ ഡയറക്ടര്‍ ക്യാപ്റ്റന്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ അധികൃതര്‍ യുവാക്കള്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കുകയും കപ്പല്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പുറംകടലില്‍ നിശ്ചലമായിരുന്ന കപ്പലിനെ ടഗ് ബോട്ടുമായി ബന്ധിപ്പിച്ച് കരക്കടുപ്പിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു. തുറമുഖത്തത്തെിയ തങ്ങള്‍ പോര്‍ട്ട് പൊലീസുമായി ബന്ധപ്പെട്ടു. വിസ അനുവദിച്ച ഏജന്‍സിയുമായി ബന്ധപ്പെട്ട് നാട്ടിലത്തൊനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. തങ്ങളുടെ ദുരിത വിവരം വീടുകളില്‍ അറിയിച്ചിട്ടില്ല. വസ്തു പണയപ്പെടുത്തി വായ്പയെടുത്താണ് ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം മുംബൈയിലെ ഏജൻറിന് നല്‍കിയത്.
250 ഡോളറായിരുന്നു ശമ്പളം നിശ്ചയിച്ചിരുന്നത്. ആറു മാസം കഴിഞ്ഞ് ഷിപ്പ് സൈന്‍ ഓഫ് ആകുമ്പോള്‍ ശമ്പളം ഒരുമിച്ച് ലഭിക്കൂമെന്ന് വിട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണിപ്പോൾ. കടുത്ത വിഷമാവസ്ഥയിലും ജീവന്‍ തിരിച്ച് കിട്ടിയെന്ന ആശ്വാസത്തില്‍ വേഗം നാടണയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.