പ്ലാസ്റ്റിക് നിക്ഷേപിച്ചാൽ ഷോപ്പിങ് ഓഫർ; പുതിയ റീസൈക്ലിങ് ബിന്നുമായി അബൂദബി
text_fieldsഅബൂദബി: റീ സൈക്ലിങ്ങിനായി പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിനനുസരിച്ച് ഷോപിങ് ഓഫർ ലഭിക്കുന്ന സംവിധാനവുമായി അബൂദബി. ഇതിന്റെ ഭാഗമായി അബൂദബിയിലെ അഡ്നോക് പെട്രോള്‍ സ്റ്റേഷനുകളില്‍ റീസൈക്ലിങ് ബിന്നുകള്‍ സ്ഥാപിച്ചു. ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികളും അലൂമിനിയം കാനുകളും നിക്ഷേപിക്കാന്‍ കഴിയുന്ന റിവേഴ്സ് വെന്‍ഡിങ് മെഷീനുകളാണ് (ആര്.വി.എം) സ്ഥാപിച്ചത്.
ഈ മെഷീനുകളില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കും അലൂമിനിയം കാനുകള്‍ക്കും പ്രത്യേകം പോയന്റുകള്‍ ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലെത്തി ഈ പോയന്റുകള്‍ സാധനങ്ങള്‍ വാങ്ങാനും മറ്റും ഉപയോഗപ്പെടുത്താവുന്നതാണ്. 10 കിലോ പ്ലാസ്റ്റിക് നല്കിയാല് 1200 പോയന്റാണ് ലഭിക്കുക. കെയര്‍ഫോര്‍ ദ ഗിവിങ് മൂവ്മെന്റ്, നൂൺ എന്നിവിടങ്ങളില്‍ നിന്നാണ് പോയന്റുകള്‍ക്ക് പകരം വസ്തുക്കള്‍ വാങ്ങാനാവുക.
അടുത്ത മാസം അവസാനത്തോടെ റിവേഴ്സ് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാവും. മറ്റ് റീസൈക്ലിങ് ബിന്നുകളില്‍ നിന്ന് വ്യത്യസ്തമായി ആർ.വി.എമ്മുകള്‍ ഓരോരുത്തരും നിക്ഷേപിക്കുന്ന വസ്തുക്കളുടെ അളവ് യഥാസമയം അറിയിച്ചുകൊണ്ടിരിക്കുമെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സിയിലെ സെക്രട്ടറി ജനറല്‍ ശൈഖ സലിം അല്‍ ധാഹിരി പറഞ്ഞു.
നിക്ഷേപിക്കുന്നതിനനുസരിച്ച് കൂടുതല്‍ ഗുണം ലഭിക്കുമെന്നതിനാല്‍ ഈ പ്രവൃത്തി തുടരുന്നതിന് ആളുകളെ പ്രചോദിപ്പിക്കും. ഇതിലൂടെ പരിസ്ഥിതി സംരക്ഷണം സാധ്യമാവുമെന്നും അധികൃതര്‍ പറയുന്നു.
പ്രകൃതിയില്‍ നിക്ഷേപിക്കപ്പെടുന്ന പ്ലാസ്റ്റിക് കുപ്പി ഇല്ലാതാവാന്‍ 450 വര്‍ഷമെടുക്കുമെന്നാണ് കണക്ക്. കൂടുതല്‍ പ്ലാസ്റ്റിക്കുകള്‍ വലിച്ചെറിയപ്പെടുന്നതിലൂടെ അത് പരിസ്ഥിതിയെയും മനുഷ്യരെയുമൊക്കെ ബാധിക്കുമെന്നും അവര്‍ വ്യക്തമാക്കി. എമിറേറ്റിലെ ഒറ്റത്തവണ പ്ലാസ്റ്റിക് കുപ്പി ഉപയോഗത്തില്‍ 50 ശതമാനത്തിന്റെ കുറവുണ്ടാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള അബൂദബിയുടെ ഒറ്റത്തവണ പ്ലാസ്റ്റിക് നയത്തിന് ആർ.വി.എം പദ്ധതി സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.