ഈ പുസ്തകത്തിലുണ്ട് ഇമാറാത്തിന്റെ സ്നേഹഗാഥ
text_fieldsഖോർഫുക്കാനിലെ കെട്ടിടങ്ങൾക്കെല്ലാം പഴമയുടെ പ്രൗഢിയാണ്. ഒറ്റനോട്ടത്തിൽ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായെന്ന് തോന്നും. പക്ഷേ, പഴമയുടെ കരുത്തിനോളം വരില്ലല്ലോ പുതുയുഗ നിർമിതികൾ. ചരിത്രമുറങ്ങുന്ന ഖോർഫുക്കാനിലെ ദീപാലംകൃതമായ തെരുവിലൂടെ നടക്കുമ്പോൾ 'ന്യൂ കാലിക്കറ്റ് റസ്റ്റാറന്റ്' എന്ന കട കാണാം. നേരത്തേ പറഞ്ഞ, പഴമയുടെ തിളക്കമുള്ള ചെറിയൊരു കട. കേരളത്തിന്റെ പ്രവാസചരിത്രം എഴുതുന്നുണ്ടെങ്കിൽ ഈ കടയും അതിന്റെ ഉടമസ്ഥൻ പാലക്കാട് ചാലിശേരി സിദ്ദീഖുമില്ലാതെ ആ പുസ്തകം പൂർണമാവില്ല. അരനൂറ്റാണ്ട് മുമ്പ് അടയാളപ്പാറക്കരികെ പത്തേമാരിയിലെത്തി നീന്തിത്തളർന്നവരെ കൈപിടിച്ചുയർത്തിയ മനുഷ്യനും അദ്ദേഹത്തിന്റെ സ്ഥാപനവുമാണിത്. പാസ്പോർട്ടോ വിസയോ മാറിയുടുക്കാൻ വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ വലഞ്ഞവരെ ഒരുപാട് ഊട്ടിയിട്ടുണ്ട് സിദ്ദീഖ്.
ചെറിയൊരു സ്ഥാപനം നടത്തുന്ന ഒരാൾക്ക് ഇത്രയേറെ പേർക്ക് ഭക്ഷണവും സഹായവും നൽകാൻ കഴിയുമോ എന്ന് ചോദിച്ചാൽ സിദ്ദീഖ് കൈയിലിരിക്കുന്ന പുസ്തകക്കെട്ടുകൾ എടുത്ത് കാണിക്കും. നൂലിഴയാൽ തുന്നിച്ചേർത്തിരിക്കുന്ന ആ പേപ്പറുകളുടെ കെട്ടിൽ സുൽത്താൻ ഇബ്രാഹിം മുതൽ അറബിപ്പെണ്ണ് എന്ന് വരെയുള്ള നിരവധി പേരുകൾ കാണാം. അതിനുനേരെ 100 ദിർഹം മുതൽ 1000 വരെയുള്ള സംഖ്യകളും എഴുതിയിരിക്കുന്നു. പ്രവാസലോകത്തെ ഇമാറാത്തികൾ ചേർത്തുപിടിക്കുന്നത് എങ്ങനെയാണെന്ന് അറിയണമെങ്കിൽ ഈ പുസ്തകമൊന്ന് ഓടിച്ച് നോക്കിയാൽ മതി. മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഭക്ഷണം കൊടുക്കാൻ ഇമാറാത്തികൾ നൽകുന്ന സംഭാവനയാണിതിൽ കുറിച്ചിരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത, ഇനിയൊരിക്കലും കാണാനും സാധ്യതയില്ലാത്തവർക്കുവേണ്ടി മറയത്തിരുന്ന് സഹായമൊരുക്കുകയാണിവർ. കഴിഞ്ഞ റമദാനിലെ ഓരോ ദിവസവും 300ലേറെ പേരെയാണ് ഈ ചെറിയ സ്ഥാപനം ഊട്ടിയത്. റമദാൻ കഴിഞ്ഞും ഈ സ്നേഹം തുടരുന്നു. പേരു പോലും പറയാൻ ആഗ്രഹിക്കാത്ത ഇമാറാത്തികളാണ് ഇപ്പോഴും ഈ ഭക്ഷണം സ്പോൺസർ ചെയ്തുകൊണ്ടിരിക്കുന്നത്.
മറ്റൊരു പുസ്തകത്തിൽ കുറെ രസീതുകൾ കരുതിവെച്ചിട്ടുണ്ട്. യു.എ.ഇയിലെ പല ബാങ്കുകളിലും നിക്ഷേപിച്ച തുകയുടെ രസീതുകളാണവ. പതിറ്റാണ്ടുകൾ പഴക്കമുള്ള രസീതുകൾ മുതൽ കഴിഞ്ഞദിവസം നാട്ടിലെ അനാഥകുടുംബത്തിന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച 10 ലക്ഷം രൂപയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് വരെ ഇക്കൂട്ടത്തിലുണ്ട്. ഈ പണമെല്ലാം സിദ്ദീഖിന് നൽകുന്നത് ഇന്നാട്ടിലെ അറബികളാണ്. ആ സ്നേഹം കൈപ്പറ്റുന്നവർക്കു പോലുമറിയില്ല അതിന് പിന്നിലെ സഹായഹസ്തം ആരുടേതാണെന്ന്.
ഇമാറാത്തി പൗരൻമാർക്ക് സിദ്ദീഖിലുള്ള വിശ്വാസത്തിലാണ് ഈ ഇടപാടുകളെല്ലാം നടക്കുന്നത്. അർഹമായ കൈകളിൽ ഈ തുക എത്തുമെന്ന് അവർക്ക് നന്നായി അറിയാം. തുക നൽകുമ്പോൾ ഒരു നിബന്ധന മാത്രം, നൽകിയത് ആരാണെന്ന് ഒരാളും അറിയരുത്. വലംകൈ നൽകുന്നത് ഇടംകൈ അറിയരുത് എന്ന് പറയുന്നത് വെറുംവാക്കല്ലെന്ന തെളിവാണ് ഈ ഇമാറാത്തികൾ.
സിദ്ദീഖ് പറയുന്നു: ''നാല് പതിറ്റാണ്ട് മുമ്പ് ഇവിടെയെത്തിയിരുന്ന മലയാളികൾക്ക് ജോലിയോ ഭക്ഷണമോപോലും ഇല്ലാത്ത അവസ്ഥയുണ്ടായിരുന്നു. അക്കാലത്ത് ചില അറബികൾ ഹോട്ടലിൽ പണം കൊണ്ടുവന്ന് തരും. അവർക്ക് ഭക്ഷണം കൊടുക്കാൻ പറയും. കഴിക്കുന്നവൻ അറിയില്ല ആരാണ് പണം നൽകിയതെന്ന്. ആ സംവിധാനമാണ് ഇപ്പോഴും തുടരുന്നത്. ആദ്യകാലങ്ങളിൽ സഹായിച്ചിരുന്നവരിൽ പലരും മൺമറഞ്ഞു. അവരുടെ മക്കളും പുതുതലമുറയും ഇപ്പോഴും മുടക്കമില്ലാതെ സഹായമൊഴുക്കുന്നു'.
കടയിലെ കൗണ്ടറിന് മുകളിൽ പഴയൊരു ചിത്രം ഫ്രെയിംചെയ്ത് വെച്ചിരിക്കുന്നത് കാണാം. അതിൽ ഒരാൾ സിദ്ദീഖാണ്. മറ്റേയാൾ അബ്ദുല്ല. ഖോർഫുക്കാനിലെത്തിയ കാലത്ത് സിദ്ദീഖിനൊപ്പം കൂടിയതാണ് ഈ ഇമാറാത്തി. ഭാര്യയോ മക്കളോ ഇല്ലാതിരുന്ന ഇദ്ദേഹത്തിന് സർക്കാർ വീട് നൽകിയെങ്കിലും മരണം വരെ താമസവും ഭക്ഷണവുമെല്ലാം സിദ്ദീഖിനൊപ്പമായിരുന്നു.
കിട്ടുന്ന പണമെല്ലാം സിദ്ദീഖിന്റെ കട വഴി പാവങ്ങളെ സഹായിക്കാൻ ചെലവഴിച്ചു. 1977ലാണ് സിദ്ദീഖ് ഖോർഫുക്കാനിലെത്തുന്നത്. മലപ്പുറം തിരൂരുകാരൻ കുഞ്ഞുമൗലാനയാണ് അന്ന് ഈ സ്ഥാപനം നടത്തിയിരുന്നത്. അവിടെ ജോലിചെയ്തു തുടങ്ങിയ സിദ്ദീഖ് പിന്നീട് സ്ഥാപനം ഏറ്റെടുക്കുകയായിരുന്നു. കടൽകടന്നെത്തിയവർക്ക് ഭക്ഷണം മാത്രമല്ല, താമസവും ഒരുക്കി അവരുടെ 'ലോഡ്ജായും' മാറി ഈ സ്ഥാപനം. അന്നംതേടിയെത്തിയവരെ കൈയൊഴിയാത്ത ഈ നാടിന്റെ പ്രതിനിധികളായിരുന്നു അന്ന് അവരുടെ ആശയും ആശ്വാസവും.
നിങ്ങൾക്കുണ്ടോ ഇത്തരം അനുഭവങ്ങൾ; ഞങ്ങൾക്കെഴുതൂ...
ഖോർഫുക്കാനിലെ സിദ്ദീഖ് മാത്രമല്ല, ഇമാറാത്തി പൗരൻമാരുടെ സ്നേഹം തൊട്ടറിഞ്ഞ നിരവധി പേർ ഈ പ്രവാസമണ്ണിലുണ്ട്. അത്തരം അനുഭവങ്ങൾ നിങ്ങൾക്കുമുണ്ടോ? എങ്കിൽ 'ഗൾഫ് മാധ്യമ'ത്തിലൂടെ ലോകവുമായി പങ്കുവെക്കാം. ജൂൺ 24, 25, 26 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 'ഗൾഫ് മാധ്യമം' കമോൺ കേരളയോടനുബന്ധിച്ച് ജൂൺ 23ന് സംഘടിപ്പിക്കുന്ന 'ശുക്റൻ ഇമാറാത്തി'ൽ ഇന്ത്യയുടെ സ്നേഹം അവർക്കായി സമർപ്പിക്കാം. യു.എ.ഇ പൗരൻമാർക്ക് പ്രവാസലോകം സമർപ്പിക്കുന്ന ഏറ്റവും വലിയ സ്നേഹാദരമായിരിക്കും 'ശുഖ്റൻ ഇമാറാത്ത്'. ആ വേദിയിൽ നിങ്ങൾ സ്നേഹിക്കുന്ന, നിങ്ങളെ സ്നേഹിക്കുന്ന ഇമാറാത്തി പൗരൻ ഉണ്ടാകുമെന്ന് ഉറപ്പുവരുത്തൂ. ഫോൺ: 0556699188.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.