നിർമിതബുദ്ധിയിൽ സിഗ്നൽ; ഷാർജയിൽ ഗതാഗതക്കുരുക്ക് കുറയും
text_fieldsഷാർജ: എമിറേറ്റിൽ 48 സ്ഥലങ്ങളിലെ ട്രാഫിക് സിഗ്നലുകൾ നിർമിതബുദ്ധി സാങ്കേതികവിദ്യ ഉൾപ്പെടുത്തി നവീകരിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ). റോഡുകളിൽ ഗതാഗതക്കുരുക്ക് വലിയ അളവിൽ കുറക്കാൻ ഉപകരിക്കുന്നതാണ് പരിഷ്കരണം. വാഹനങ്ങളുടെ ഒഴുക്ക് 30 ശതമാനം വേഗത്തിലാക്കാൻ പദ്ധതി ഉപകരിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
ഓരോ സമയത്തും കടന്നുപോകുന്ന വാഹനങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനും സെൻസറുകളും കാമറകളും അടക്കമുള്ള സംവിധാനമാണ് സ്ഥാപിച്ചത്. ഇതുവഴി സിഗ്നലിന്റെ സമയം ക്രമീകരിക്കാൻ സാധിക്കും. നിർമിതബുദ്ധി പ്രവർത്തനം തുടർച്ചയായി വാഹനങ്ങളുടെ ഒഴുക്ക് പഠിക്കുകയും അതിനനുസരിച്ച് ട്രാഫിക് നിജപ്പെടുത്തുകയും ചെയ്യുമെന്ന് എസ്.ആർ.ടി.എ ചെയർമാൻ യൂസുഫ് അലത്മാനി പറഞ്ഞു.
കൂടുതൽ വാഹനങ്ങളുള്ള ദിശയിൽ ഗ്രീൻ ലൈറ്റിന്റെ ദൈർഘ്യം വർധിപ്പിക്കാനും അതേസമയം ട്രാഫിക് കുറവുള്ള സാഹചര്യങ്ങളിൽ മറ്റ് ദിശകളിലേക്ക് സുഗമമായ യാത്രക്ക് സൗകര്യമൊരുക്കാനും സംവിധാനത്തിന് കഴിയും -അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കുന്നതിന് 2023ൽ എസ്.ആർ.ടി.എ ഇത്തിഹാദ് റോഡിലും അൽ താവൂൻ ഏരിയയിലും രണ്ട് പദ്ധതികൾ നടപ്പാക്കിയിരുന്നു.
എമിറേറ്റിലുടനീളം ഇലക്ട്രിക് വെഹിക്കിൾ (ഇ.വി) ചാർജിങ് സൗകര്യം വർധിപ്പിക്കുന്നതിന് ‘ബീഅ’മായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അതോറിറ്റി കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു.
കൂടുതൽ ജനങ്ങൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിൽ കാൽനടക്കാർക്ക് ഫൂട്ഓവർ ബ്രിഡ്ജുകൾ നിർമിക്കുന്നതിനും പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.