ഗസ്സക്കായി ‘നിശ്ശബ്ദ ലേലം’: ലഭിച്ചത് രണ്ടു ലക്ഷം ദിർഹം
text_fieldsദുബൈ: ഫലസ്തീനിലെ കുട്ടികൾക്കായി യു.എ.ഇയിലെ ജനസമൂഹം ഒരുമിച്ചെത്തിയപ്പോൾ ‘നിശ്ശബ്ദ ലേലം’ ലോകത്തോടു വിളിച്ചുപറഞ്ഞത് ഐക്യദാർഢ്യത്തിന്റെ ഉച്ചത്തിലുള്ള സന്ദേശം.
യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനിലെ കുട്ടികളെ സഹായിക്കുന്നതിനായി ഞായറാഴ്ച സംഘടിപ്പിച്ച ‘നിശ്ശബ്ദ ലേല’ത്തിൽ ഒറ്റദിനം കൊണ്ട് സമാഹരിച്ചത് രണ്ടുലക്ഷം ദിർഹം. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ലിറ്റിൽ വിങ്സ് ഫോർ ഗസ്സ ഫൗണ്ടേഷനായിരുന്നു സംഘാടകർ. ദുബൈയിലെ അൽസർക്കൽ അവന്യുവിലാണ് ഫലസ്തീൻ തീമിൽ ലേലം സംഘടിപ്പിച്ചത്.
നന്മ മനസ്കരായ ഒരുകൂട്ടം ആളുകൾ സമ്മാനിച്ച കരകൗശല വസ്തുക്കൾ, ഫലസ്തീൻ കഫിയ, ഗസ്സയെ പിന്തുണക്കുന്ന സന്ദേശങ്ങൾ എഴുതിയ തുണിത്തരങ്ങൾ, പെയിന്റിങ്ങുകൾ, മൺപാത്രങ്ങൾ എന്നിവയാണ് വിൽപനക്കുണ്ടായിരുന്നത്. 150 ദിർഹം നൽകി മുതിർന്നവർക്ക് പരിപാടിയുടെ ഭാഗമാകാമെന്നിരിക്കെ ഒരു സ്ത്രീ നൽകിയത് 17,000 ദിർഹമാണ്.
അതേസമയം, ഒന്നും വാങ്ങാതെ അവർ മടങ്ങുകയും ചെയ്തു. വേണ്ടത്ര പരസ്യം നൽകാതെ നടന്ന പരിപാടിയിൽ വലിയതുക സമാഹരിക്കാനായതിലുള്ള സന്തോഷത്തിലാണ് സംഘാടകർ. സമാഹരിച്ച പണം യുദ്ധത്തിൽ അംഗവൈകല്യം സംഭവിച്ച കുട്ടികളുടെ ചികിത്സക്കായും ക്ഷേമത്തിനായും ഉപയോഗിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.