തുറമുഖങ്ങളുടെ സ്മരണയായി വെള്ളി നാണയങ്ങൾ പുറത്തിറക്കി
text_fieldsദുബൈ: സായിദ് തുറമുഖത്തിന്റെ 50ാം വാർഷികത്തിന്റെയും ഖലീഫ തുറമുഖത്തിന്റെ പത്താം വാർഷികത്തിന്റെയും ഭാഗമായി ‘അബൂദബി പോർട്സു’മായി സഹകരിച്ച് സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ 1,000 സ്മാരക വെള്ളി നാണയങ്ങൾ പുറത്തിറക്കി. കഴിഞ്ഞ കാലങ്ങളിൽ തുറമുഖങ്ങൾ കൈവരിച്ച മുന്നേറ്റവും നാവിക മേഖലയിലെ പ്രാധാന്യവും ഉയർത്തിക്കാണിക്കുന്നതാണ് സ്മരണികയായി പുറത്തിറക്കിയ നാണയങ്ങൾ. ലോകത്തിലെ ഏറ്റവും തിരക്കേറിയതും പ്രധാനപ്പെട്ടതുമായ വ്യാപാര റൂട്ടുകളിലൊന്നിൽ സ്ഥിതി ചെയ്യുന്ന ഖലീഫ തുറമുഖം, ആഗോളതലത്തിൽ അതിവേഗം വളരുന്ന തുറമുഖങ്ങളിലൊന്നാണ്.
സെൻട്രൽ ബാങ്ക് പുറത്തിറക്കിയ ഓരോ നാണയത്തിനും 60 ഗ്രാം തൂക്കമുണ്ട്. നാണയത്തിന്റെ മുൻവശത്ത് ‘സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ’ എന്ന് അറബിയിലും ഇംഗ്ലീഷിലും എഴുതിയതിനൊപ്പം അബൂദബി പോർട്ട് ഗ്രൂപ് ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്. പിൻവശത്ത് ‘സായിദ് പോർട്ട് 50ാം വാർഷികം’, ‘ഖലീഫ പോർട്ട് പത്താം വാർഷികം’ എന്നിങ്ങനെ അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. അബൂദബിയുടെ സമുദ്ര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും എമിറേറ്റിനെ പ്രമുഖ പ്രാദേശിക, ആഗോള ഹബ്ബായി ഉയർത്തുന്നതിലും മഹത്തായ സംഭാവനകൾ നൽകുന്നതിനുള്ള അഭിനന്ദനമെന്ന നിലയിലാണ് നാണയങ്ങൾ പുറത്തിറക്കിയതെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ പറഞ്ഞു. അബൂദബി തുറമുഖ ഗ്രൂപ്പുമായി സഹകരിക്കാനായതിൽ സന്തോഷമുണ്ടെന്നും കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ അവർക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ 51ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ സെൻട്രൽ ബാങ്ക് പുതിയ കറൻസികൾ പുറത്തിറക്കിയിരുന്നു. 1000 ദിർഹമിന്റെ പോളിമർ കറൻസി നോട്ടുകളാണ് പുറത്തിറക്കിയത്. സാധാരണ കടലാസ് കറൻസികൾക്ക് പകരമാണ് ഏറെക്കാലം നിലനിൽക്കുന്ന പോളിമർ കറൻസികൾ പുറത്തിറക്കിയത്. മുമ്പ് അഞ്ച്, 10, 50 ദിർഹമിന്റെ പോളിമർ കറൻസികൾ പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.