ആ ക്ഷണം ബാക്കിവെച്ച്....
text_fieldsദുബൈ: ഇന്ത്യൻ രാഷ്ട്രീയത്തിൽ മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച അപൂർവം നേതാക്കളിലാരാളായ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിടപറയുമ്പോൾ പൂർത്തീകരിക്കാനാവാത്ത യു.എ.ഇ സന്ദർശനത്തിന്റെ ഓർമയിലാണ് പ്രവാസ ലോകത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ രാജൻ മാഹി.
കഴിഞ്ഞ മാർച്ചിൽ നടന്ന നാടക മത്സരത്തിൽ ‘പൂതങ്ങൾ’ എന്ന നാടകം അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് അന്നത്തെ ഓർമ പ്രസിഡന്റ് ഷിജു ബഷീറിനൊപ്പം രാജൻ മാഹി ഡൽഹിയിലെത്തിയത്. നാടകത്തിന്റെ തിരക്കുകൾക്കിടയിലാണ് എ.കെ.ജി ഭവനിൽ യെച്ചൂരിയെ സന്ദർശിക്കാൻ അവസരം ലഭിക്കുന്നത്.
ഹൃദ്യമായിരുന്നു ആ കൂടിക്കാഴ്ചയെന്ന് രാജൻ മാഹി ഓർക്കുന്നു. ആ സംഭാഷണം ദീർഘനേരം നീണ്ടു. ഗൾഫിലെ സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. ഇതിനിടയിലാണ് അദ്ദേഹം ഒരിക്കൽ പോലും യു.എ.ഇ സന്ദർശിച്ചിട്ടില്ലെന്ന് അറിഞ്ഞത്. എങ്കിൽ അടുത്ത സെൻട്രൽ സമ്മേളനത്തിന് ക്ഷണിക്കുന്നതായി അറിയിച്ചതോടെ സന്തോഷത്തോടെ സ്വീകരിച്ചു.
നേരത്തേ തീയതി അറിയിക്കാനും അതനുസരിച്ച് പരിപാടികൾ ആസൂത്രണം ചെയ്യാനും എ.കെ.ജി ഭവനിലെ ദാമോദരൻ സഖാവിനോട് അപ്പോൾ തന്നെ പറയുകയും ചെയ്തു. സെൻട്രൽ സമ്മേളനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. അത് ഞങ്ങൾ എല്ലാവരെയും ദുഃഖത്തിലാക്കി.
എങ്കിലും പൂർവാധികം ആരോഗ്യവാനായി അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ആ സന്ദർശനം പൂർത്തീകരിക്കാതെയാണ് മടക്കം. ഓർമയുടെ ഓരോ പ്രവർത്തകരിലും അദ്ദേഹത്തിന്റെ മരണ വാർത്ത കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഈ ദുഃഖത്തിൽ ഓർമയും പങ്കുചേരുന്നതായി രാജൻ മാഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.