ശിവഗിരി തീർഥാടന സംഗമം; സംഘാടക സമിതിയായി
text_fieldsഷാര്‍ജ: വര്‍ക്കല ശിവഗിരിയില്‍ നടക്കുന്ന 92ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് യു.എ.ഇയില്‍ ഫെബ്രുവരിയില്‍ ശിവഗിരി തീർഥാടന സംഗമം സംഘടിപ്പിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
എട്ട് യൂനിയനുകള്‍ സംയുക്തമായി അജ്മാന് ഇന്ത്യന്‍ അസോസിയേഷന് അങ്കണത്തിലാണ് യു.എ.ഇയിലെ 15ാമത് തീർഥാടന സംഗമം നടത്തുന്നത്. ശിവഗിരി ധര്‍മസംഘം സന്യാസിവര്യര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, യു.എ.ഇയിലെയും ഇന്ത്യയിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുക്കും.
ഷാര്‍ജ സ്പൈസി ലാന്‍ഡ് ഹാളില്‍ എസ്.എന്‍.ഡി.പി യോഗം യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് എം.കെ. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംഘാടക സമിതി രൂപവത്കരിച്ചു. ജനറല്‍ കണ്‍വീനറായി ഷൈന്‍ കെ. ദാസ്, ജോയന്റ് ജനറല്‍ കണ്‍വീനര്‍മാരായി സിജു മംഗലശ്ശേരി, അനില്‍ വിദ്യാധരന്, രാജ് ഗുരു, കലേഷ്, ചാറ്റര്‍ജി, നിസാന്‍ ശശിധരന്, ദിനേഷ്, ജയശ്രീ അനിമോന് തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
200ഓളം അംഗങ്ങളുള്‍പ്പെടുന്ന സംഘാടക സമിതിയും 25ഓളം സബ് കമ്മിറ്റികളും രൂപവത്കരിച്ചു. വത്തിക്കാനില്‍ ജോണ്‍ പോള്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച എം.കെ. രാജനെ ചടങ്ങില്‍ ആദരിച്ചു. മൈസൂരുവില്‍ നടന്ന എസ്.എന്‍.ഡി.പി യോഗ നേതൃപഠന ക്യാമ്പിലെ മാര്‍ഗരേഖകള്‍ യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്മാന് ശ്രീധരന് പ്രസാദ് അവതരിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജോ. സെക്രട്ടറി സുരേഷ് തിരുക്കുളം സ്വാഗതവും യൂത്ത് വിങ് കണ്‍വീനര്‍ സാജന് സത്യ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.