അബൂദബിയിലേക്ക് ആദ്യദിനം എത്തിയത് ആറു വിമാനം
text_fieldsഅബൂദബി: ദുബൈ, ഷാർജ വിമാനത്താവളങ്ങൾക്ക് പിന്നാലെ അബൂദബിയിലേക്കും ഇന്ത്യൻ യാത്രികർ എത്തി തുടങ്ങി. ആദ്യ ദിനം ആറു വിമാനങ്ങളാണ് ഇന്ത്യയിൽ നിന്നെത്തിയത്. ഇതിൽ കേരളത്തിൽ നിന്നുള്ള വിമാനങ്ങളും ഉൾപ്പെടുന്നു.
ആഗസ്റ്റ് അഞ്ച് മുതൽ ദുബൈയിലേക്കും ഷാർജയിലേക്കും വിമാനങ്ങൾ എത്തിയിരുന്നെങ്കിലും അബൂദബിയിലേക്ക് സർവിസ് തുടങ്ങിയിരുന്നില്ല. നിലവിൽ കേരളത്തിൽ നിന്ന് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് മാത്രമാണ് അബൂദബിയിലേക്ക് സർവിസുള്ളത്.
ശനിയാഴ്ച കൊച്ചിയിൽ നിന്നെത്തിയ വിമാനത്തിൽ യാത്രക്കാരുടെ എണ്ണം താരതമ്യേന വളരെ കുറവായിരുന്നു. ചെന്നൈയിൽ നിന്ന് 4:18ന് എത്തിയ ഇത്തിഹാദ് വിമാനത്തിൽ 95 യാത്രക്കാരാണുണ്ടായിരുന്നത്. 90 യാത്രക്കാർക്ക് ഗൃഹ സമ്പർക്കവിലക്ക് അനുവദിച്ചു.
ഈ വിമാനത്തിലെ അഞ്ചു യാത്രക്കാരെ മാത്രമാണ് സ്ഥാപന സമ്പർക്കവിലക്കിലേക്ക് അയച്ചത്. എന്നാൽ 5.14ന് കൊച്ചിയിൽ നിന്നെത്തിയ ഇ.വൈ. 281 വിമാനത്തിലെത്തിയ എല്ലാ യാത്രക്കാരെയും അബൂദബിയിലെ റസീൻ ക്വാറൻറീൻ കോംപ്ലക്സിലേക്ക് മാറ്റി. മുനിസിപ്പാലിറ്റിയിൽ വാടക കരാർ രജിസ്റ്റർ ചെയ്തവരും തൗതീഖ് താമസ രേഖയിൽ പേരുള്ളവരും പകർപ്പ് ഹാജരാക്കിയെങ്കിലും ക്വാറൻറീനിലേക്ക് മാറ്റുകയായിരുന്നു. പത്തു ദിവസം ഇവർ സ്ഥാപനസമ്പർക്കവിലക്കിൽ കഴിയണം.
മുംെബെ, അഹമ്മദാബാദ്, ഡെൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് മറ്റു വിമാനങ്ങളിൽ യാത്രക്കാർ എത്തിയത്.ഇന്ത്യയിൽ നിന്നെത്തിയ എല്ലാ യാത്രക്കാർക്കും വിമാനത്താവളത്തിൽ ഹാൻഡ് ബാൻഡ് നൽകി. രണ്ടര മണിക്കൂറോളം വിമാനത്താവളത്തിനുള്ളിൽ ചെലവഴിച്ച ശേഷമാണ് യാത്രക്കാർ പുറത്തിറങ്ങിയത്.കുടുംബസമേതം എത്തിയ യാത്രക്കാർ ഒഴികെയുള്ളവരെ ബസിലാണ് സ്ഥാപനസമ്പർക്ക വിലക്ക് സെൻററുകളിലേക്ക് കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.