ചർമ്മ ആരോഗ്യം ചെറിയ കാര്യമല്ല; ശ്രദ്ധേയമായി പ്രദർശനം
text_fieldsദുബൈ: ചർമ്മ ആരോഗ്യരംഗത്തെ പുത്തൻ ട്രെൻഡുകൾ ചർച്ച ചെയ്ത ദുബൈ ഡെർമറ്റോളജി-ലേസർ കോൺഫറൻസിനും എക്സിബിഷനും വേൾഡ് ട്രേഡ് സെൻററിൽ സമാപനമായി. ദുബൈ ഡെർമ എന്ന് പേരിട്ട ത്രിദിന സമ്മേളനത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദരും പ്രദർശകരും പങ്കെടുത്തു. വിവിധ ശാസ്ത്ര പ്രഭാഷണങ്ങൾ, കോഴ്സുകൾ, വർക്ക് ഷോപ്പുകൾ എന്നിവ ഉൾപ്പെടെ വൈജ്ഞാനികമായി പുതിയ മേഖലകളെ പരിചയപ്പെടുത്തുന്ന സെഷനുകളായിരുന്നു ഏറ്റവും ആകർഷകം. 110 രാജ്യങ്ങളിൽ നിന്നായി 14,500 ൽ അധികം ശാസ്ത്രജ്ഞരും ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും പരിപാടിയിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. 'ചർമ്മ ആരോഗ്യം ഞങ്ങളുടെ ആശങ്ക' എന്ന വിഷയത്തിൽ നടന്ന ദുബൈ ഡെർമയുടെ ഇരുപതാം പതിപ്പിൽ ലോകപ്രശസ്ത ഡെർമറ്റോളജിസ്റ്റുകൾ, സൗന്ദര്യശാസ്ത്ര വിദഗ്ധർ, ശസ്ത്രക്രിയാ വിദഗ്ധർ, ലേസർ സ്പെഷ്യലിസ്റ്റുകൾ, ഹെയർ സ്പെഷ്യലിസ്റ്റുകൾ, നഴ്‌സ് അസിസ്റ്റൻറുമാർ, സാങ്കേതിക വിദഗ്ധർ, സ്പാ തെറാപ്പിസ്റ്റുകൾ, പ്രമുഖ സ്കിൻകെയർ കമ്പനികൾ എന്നിവരും പങ്കാളിത്തം വഹിച്ചു.
കോവിഡിെൻറ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചുകൊണ്ട് പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള എമിറേറ്റിെൻറ കഴിവിനെ ഇത്തരം അന്താരാഷ്ട്ര പരിപാടികൾ സാക്ഷ്യംവഹിക്കുന്നെന്ന് ദുബൈ ആരോഗ്യ വകുപ്പ് ഡയറക്ടർ ജനറൽ അവദ് അൽ കത്ബി പറഞ്ഞു. മെഡിക്കൽ മേഖല എക്കാലവും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരം പരിപാടികൾ അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യാനുള്ള അവസരമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എക്സിബിഷനിൽ 250 കമ്പനികളുടെ 500 ബ്രാൻഡുകൾ പ്രദർശിപ്പിച്ചു. ഡെർമറ്റോളജി, ലേസർ മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളുമാണ് പ്രദർശനത്തിനുണ്ടായിരുന്നത്. ദുബൈ ഇൻഫർമേഷൻ വിഭാഗം ഡയറക്ടർ ജനറൽ ശൈഖ് ഹാഷിർ ബിൻ മക്തൂം ആൽ മക്തൂം പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.