എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കലാമത്സരങ്ങൾ ഇന്ന്
text_fieldsഅബൂദബി: സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ യു.എ.ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസ പ്രതിഭകളുടെ ഇസ്ലാമിക കലാവിരുന്ന് ഗൾഫ് സത്യധാര സർഗലയം സംസ്ഥാനതല മത്സരങ്ങളുടെ സമാപനം ഞായറാഴ്ച ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും. രാവിലെ ഒമ്പതു മണി മുതൽ രാത്രി 11 മണിവരെ 52 ഇനങ്ങളിൽ ഏഴ് വേദികളിലായിട്ടാണ് പരിപാടി അരങ്ങേറുന്നത്. ദഫ്കളി, ദഫ്മുട്ട്, ബുർദ ആലാപനം, കഥാപ്രസംഗം, ടേബിൾ ടോക്ക് തുടങ്ങിയ ഗ്രൂപ്പിനങ്ങൾക്ക് പുറമെ ഇംഗ്ലീഷ്, അറബി, മലയാളം ഭാഷ പ്രസംഗങ്ങൾ, വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, ഖുർആൻ പാരായണം, ക്വിസ്, കവിത പാരായണം തുടങ്ങിയ വ്യക്തിഗത ഇനങ്ങളുമുണ്ടാവും.
അബൂദബി സ്റ്റേറ്റ് കമ്മിറ്റിക്ക് കീഴിലുള്ള ജില്ല കമ്മിറ്റികൾ സംഘടിപ്പിച്ച മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ആയിരത്തോളം മത്സരാർഥികളാണ് മാറ്റുരക്കുന്നത്. സബ് ജൂനിയർ, ജൂനിയർ, ജനറൽ വിഭാഗങ്ങൾക്ക് പുറമെ പെൺകുട്ടികൾക്കുള്ള രചന മത്സരങ്ങളും വനിതകൾക്കായുള്ള കവിത രചന, കാലിഗ്രഫി, കാൻവാസ് പെയിന്റിങ് തുടങ്ങി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സമാപന സെഷനിൽ ഇന്ത്യൻ ഇസ്ലാമിക് സെൻറർ, സുന്നി സെന്റർ, കെ.എം.സി.സി, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷനൽ കമ്മിറ്റി നേതാക്കൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും.
വിജയികൾക്ക് അനുമോദന പത്രവും ട്രോഫികളും സമ്മാനിക്കും. നാഷനൽതല സർഗലയം മത്സരങ്ങൾ ഫെബ്രുവരി 18ന് ദുബൈയിലാണ് നടക്കുക. അബൂദബി സുന്നി സെന്റർ നേതാക്കളായ സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, കെ.പി. അബ്ദുൽ കബീർ ഹുദവി, സ്വാഗതസംഘം ഭാരവാഹികളായ മൻസൂർ മൂപ്പൻ, സൈദലവി ഹുദവി, അഡ്വ. ശറഫുദ്ദീൻ, കെ.പി.എ. വഹാബ് ഹുദവി, സലിം നാട്ടിക, ശാഫി ഇരിങ്ങാവൂർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.