മലബാർ ഗ്രൂപ്പിനെതിരെ അപവാദ പ്രചാരണം: താക്കീതുമായി ബോംബെ ഹൈകോടതി
text_fieldsദുബൈ: മലബാർ ഗ്രൂപ്പിന്റെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ 77,000 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി നൽകിയ സ്കോളർഷിപ്പിനെ അപകീർത്തിപ്പെടുത്തുകയും വിദ്വേഷം ജനിപ്പിക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയും ചെയ്തവർക്കെതിരെ വിധിയുമായി ബോംബെ ഹൈകോടതി. പാവപ്പെട്ട പെൺകുട്ടികളുടെ പഠനവും വിദ്യാഭ്യാസ രംഗത്തെ അവരുടെ ഉന്നമനവും ലക്ഷ്യമിട്ട് മലബാർ ഗ്രൂപ് മഹത്തായ ലക്ഷ്യത്തോടെ നൽകുന്ന സ്കോളർഷിപ്പിനെ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെയാണ് ബോംബെ ഹൈകോടതി താക്കീത് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നടത്തിയ മുഴുവൻ പോസ്റ്റുകളും ചിത്രങ്ങളും ഉടൻ നീക്കം ചെയ്യണമെന്ന് കോടതി എതിർകക്ഷികൾക്ക് നിർദേശം നൽകി. ഇക്കാര്യം ഉറപ്പ് വരുത്താൻ ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ കമ്പനികളോടും കോടതി നിർദേശിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം 77,000ത്തിലധികം പെൺകുട്ടികൾക്ക് സകോളർഷിപ് നൽകുകയും സ്ത്രീശാക്തീകരണം അടക്കം വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്ക് 246 കോടിയിലേറെ രൂപ ചെലവഴിക്കുകയും ചെയ്തിട്ടും കർണാടകയിലെ ഒരു സ്കൂളിൽ പഠന സ്കോളർഷിപ് നൽകിയ ചടങ്ങിന്റെ ഫോട്ടോ ഉപയോഗിച്ച് തെറ്റായ രീതിയിൽ പ്രചാരണം നടത്തിയ പ്രതികൾക്കെതിരെയാണ് കോടതി വിധിയുണ്ടായിട്ടുള്ളത്.
വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മലബാർ ഗ്രൂപ്പിന്റെ സൽപ്പേരിനെയും സമൂഹത്തിലെ പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുമായി നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെയും കളങ്കപ്പെടുത്തുന്നതാണ് എതിർകക്ഷികളുടെ പ്രവൃത്തികളെന്ന് കേസിൽ വിധി പറഞ്ഞ സിവിൽ കോടതി ജഡ്ജി ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ നന്മക്കായി മലബാർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് വിധിപ്രസ്താവത്തിൽ ജഡ്ജി എടുത്തുപറയുന്നുണ്ട്. അഡ്വ. കാൾ ടാംബോലിയുടെ നേതൃത്വത്തിലുള്ള അഭിഭാഷകരാണ് കേസിൽ മലബാർ ഗ്രൂപ്പിന് വേണ്ടി ഹാജരായത്. സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്തുകയും വിദ്വേഷ പ്രചാരണത്തിനായി ദുരുപയോഗം നടത്തുകയും ചെയ്യുന്നവർക്കെതിരെയുള്ള ശക്തമായ വിധിയാണ് ബോംബെ ഹൈകോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി അഹമ്മദ് പ്രതികരിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കൂടുതൽ ശക്തമായ നടപടികളുമായി മലബാർ ഗ്രൂപ് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.