കോവിഡ് മുൻകരുതലോടെ അബൂദബിയിലെ അറവുശാലകൾ
text_fieldsഅബൂദബി: ഈദ് അൽ അദ്ഹ സമയത്ത് ബലികർമത്തിന് ഉരുക്കളെയും പൊതുജനങ്ങളെയും സ്വീകരിക്കാൻ അബൂദബിയിലെ അറവുശാലകൾ തയാറെടുപ്പുകൾ പൂർത്തീകരിച്ചതായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
കോവിഡ് മുൻകരുതൽ നിർദേശങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെയാണ് സേവനമുണ്ടാകുക. വെറ്ററിനറി മെഡിക്കൽ സ്റ്റാഫ്, മതിയായ കശാപ്പുകാർ എന്നിവരുടെ സാനിധ്യവും മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു.
തൊഴിലാളികൾ, ക്ലീനർമാർ എന്നിവർ ഉൾപ്പെടെ ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകാൻ അറവുശാലകൾ ഒരുങ്ങി. ബലികർമ സേവനത്തിന് നിരവധി സ്മാർട്ട് ആപ്ലിക്കേഷനുകൾ വികസിപ്പിച്ചതായും അബൂദബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. മൈ സാക്രിഫൈസ്, അൽ ജസീറ സാക്രിഫൈസ്, എമിറേറ്റ്‌സ് സാക്രിഫൈസ് എന്നീ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങൾക്ക് സേവനം ലഭിക്കും. പൊതുജനങ്ങളുടെ അഭ്യർഥനക്കനുസരിച്ച് അറവുശാലകൾ ബലികർമം നടത്തി മാംസം വീടുകളിൽ എത്തിക്കുന്ന സ്മാർട്ട് ആപ്ലിക്കേഷൻ സേവനം പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം. മറ്റുള്ളവരുമായി ഇടപഴകുന്നത് തടയാനും ആവശ്യമായ സാമൂഹിക അകലത്തിനും സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെയുള്ള ബലികർമ സേവനം പ്രയോജനപ്പെടുത്താനാവും.
മുനിസിപ്പാലിറ്റിയുടെ അറവുശാലകളിൽ നേരിട്ടെത്തുന്ന ഉപഭോക്താക്കൾക്കും സേവനം ഉറപ്പാക്കും. ഇതിനായി കാർ ട്രാക്ക് സംവിധാനത്തിലൂടെയാണ് അറവുശാലകളിലെത്തുന്ന ജനങ്ങളുടെ തിരക്കൊഴിവാക്കുക. മുൻകരുതൽ നടപടികളും സാമൂഹിക അകലം പാലിക്കുന്നതും പൊതുജനങ്ങൾ ഒത്തുചേരുന്നതും ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് അവരുടെ വാഹനത്തിൽ ഇരുന്ന് സേവനം പ്രയോജനപ്പെടുത്താം. മൃഗങ്ങളുമായെത്തുന്നവരിൽനിന്ന് നിയുക്ത സ്ഥലത്ത് മൃഗങ്ങളെ സ്വീകരിക്കുന്നു. അറവുശാല ഉദ്യോഗസ്ഥർ മൃഗങ്ങളെ സ്വീകരിച്ച് കശാപ്പുനടപടികൾ പൂർത്തിയാക്കി മാംസം തിരിച്ച് വാഹനത്തിൽ എത്തിച്ചുനൽകുന്നു. ഡീലർമാരുടെ കാറുകളിലും യാർഡുകളിലും അറവുശാലകളിലും വാഹന പാർക്കിങ് സ്ഥലങ്ങളിലും സൗജന്യ ഇൻറർനെറ്റ് സൗകര്യം ലഭ്യമാക്കിയാണ് സേവനം നൽകുന്നത്.
അറവുശാലകൾ ശുചീകരണ നിലവാര നടപടിക്രമങ്ങൾ പാലിക്കുമെന്ന് അബൂദബി മുനിസിപ്പാലിറ്റി വ്യക്തമാക്കി. അറവുശാലകളിൽ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന് മുമ്പും ശേഷവും പ്രത്യേക വെറ്ററിനറി ഡോക്ടറുടെ പരിശോധന സേവനങ്ങൾ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.