സ്കൂൾ മേഖലകളിൽ വേഗത കുറക്കണം; നിർദേശവുമായി ദുബൈ പൊലീസ്
text_fieldsദുബൈ: പുതിയ അധ്യയനവർഷം ഈ മാസം 28ന് ആരംഭിക്കാനിരിക്കെ ഡ്രൈവർമാർക്ക് ട്രാഫിക് നിർദേശങ്ങൾ നൽകി ദുബൈ പൊലീസ്. സ്കൂൾ മേഖലകളിൽ നിശ്ചയിച്ച വേഗപരിധി പാലിക്കുക, ശ്രദ്ധ തിരിക്കുന്ന മൊബൈൽ ഫോണിന്റെ ഉപയോഗത്തിൽനിന്ന് വിട്ടുനിൽക്കുക, നിശ്ചിത ലൈനുകൾ പാലിക്കുക, ശാരീരികപ്രയാസമുള്ള സമയങ്ങളിൽ ഡ്രൈവ് ചെയ്യാതിരിക്കുക, സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുകൾ ശ്രദ്ധിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് പ്രധാനമായും മുന്നോട്ടുവെച്ചത്.
സ്കൂൾ തുറക്കുന്ന ദിവസം ദുബൈ പൊലീസ് ‘അപകടമില്ലാത്ത ദിനം’ ആചരിക്കുകയാണ്. അന്നേ ദിവസം അപകടരഹിതമായി വാഹനം ഓടിക്കുന്നവർക്ക് നാല് ബ്ലാക് പോയന്റ് കുറയുന്നതുൾപ്പെടെ നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ അധ്യയനവർഷത്തിൽ എമിറേറ്റിൽ അപകടങ്ങൾ ഇല്ലാത്ത സുസ്ഥിരമായ റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടികൾ എന്ന് ജനറൽ ഡിപാർട്ട് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
അപകടരഹിത ദിന കാമ്പയിനിന്റെ ഭാഗമായി എമിറേറ്റിൽ വിവിധ രീതിയിലുള്ള ബോധവത്കരണ പരിപാടികളും പൊലീസ് ആസൂത്രണം ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസപരമായ വിഡിയോകൾ പ്രദർശിപ്പിക്കുക, ദുബൈ പൊലീസിന്റെ വെബ്സൈറ്റുകളിലും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും മെസേജുകൾ അയക്കുക, എ.ടി.എം സെന്ററുകളിൽ അറിയിപ്പുകൾ പ്രദർശിപ്പിക്കുക, പോസ്റ്ററുകൾ പതിക്കുക, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആർ.ടി.എ, ഇത്തിസലാത്ത് ഗ്രൂപ്, ഡു ടെലികമ്യൂണിക്കേഷൻസ് എന്നിവയുമായി സഹകരിച്ച് സ്കൈ ഡൈവ് പ്ലാറ്റ്ഫോമിലൂടെ കാമ്പയിൻ മെസേജുകൾ അയക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.