റാസല്‍ഖൈമയില്‍ സ്മാര്‍ട്ട് ഡ്രൈവിങ് ടെസ്റ്റ് വില്ലേജിന് തുടക്കം
text_fieldsറാക് സ്മാര്‍ട്ട് ഡ്രൈവിങ് ടെസ്റ്റ് വില്ലേജ് ഉദ്ഘാടന ചടങ്ങിനെത്തിയ റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് നുഐമി, ഡെപ്യൂട്ടി കമാന്‍ഡര്‍ ജമാല്‍ അഹമ്മദ് അല്‍തയ്ര്‍, ബ്രിഗേഡിയര്‍
അഹമ്മദ് അല്‍സാം അല്‍നഖ്ബി തുടങ്ങിയവര്‍
റാസല്‍ഖൈമ: ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ക്കായി റാസല്‍ഖൈമയില്‍ സ്മാര്‍ട്ട് ടെസ്റ്റിങ് വില്ലേജ് പ്രവര്‍ത്തനമാരംഭിച്ചു. ഇന്റേണല്‍ ടെസ്റ്റുകള്‍ക്കായുള്ള സ്മാര്‍ട്ട് ടെസ്റ്റിങ് സേവനത്തിനും തുടക്കമായി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ റാക് പൊലീസ് മേധാവലി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് നുഐമി സ്മാര്‍ട്ട് ടെസ്റ്റിങ് വില്ലേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മണിക്കൂറില്‍ 150 പേര്‍ക്ക് സേവനം ലഭ്യമാക്കുന്ന സംവിധാനങ്ങളോടെയാണ് സ്മാര്‍ട്ട് ടെസ്റ്റിങ് വില്ലേജിന്റെ പ്രവര്‍ത്തനം.
ലൈറ്റ്, ഹെവി വാഹനങ്ങള്‍, ഹെവി ബസുകള്‍, ഹെവി മെക്കാനിക്കല്‍ ഉപകരണങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലേക്കുള്ള ഡ്രൈവിങ് ലൈസന്‍സിനുള്ള അപേക്ഷകരെ ഇവിടെ സ്വീകരിക്കും. എട്ട് കാമറകള്‍, സെന്‍സറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന വാഹനങ്ങളിലാണ് ടെസ്റ്റുകള്‍ നടക്കുക.
മനുഷ്യ ഇടപെടലില്ലാതെ ഡ്രൈവര്‍മാരെ കൃത്യതയോടെ പരിശോധിക്കുകയും മൂല്യ നിര്‍ണയം സാധ്യമാക്കുന്നതുമാണ് സ്മാര്‍ട്ട് വാഹനങ്ങളിലെ സജ്ജീകരണം. എഴുത്തുപരീക്ഷയില്‍ ഏര്‍പ്പെടുന്നവരെ മോണിറ്ററിങ് ആന്റ് കണ്ട്രോള് റൂമിനുള്ളില്‍ നിന്ന് യോഗ്യതയുള്ള ജീവനക്കാര്‍ നിരീക്ഷിക്കും. പരീക്ഷയിലേര്പ്പെടുന്നവര്ക്ക് മൂല്യനിര്‍ണയം ടെക്സ്റ്റ് ഇമേജിലൂടെ ലഭ്യമാക്കുകയും ചെയ്യുന്നതാണ് സ്മാര്‍ട്ട് ടെസ്റ്റിങ് സര്‍വീസ്. ജനറല്‍ റിസോഴ്സ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് സ്മാര്‍ട്ട് ഇന്സ്പെക്ഷന് വില്ലേജിന്റെയും സ്മാര്‍ട് ഇന്സ്പെക്ഷന് സര്‍വീസിന്റെയും പ്രവര്‍ത്തനമെന്ന് അലി അബ്ദുല്ല പറഞ്ഞു.
സമൂഹത്തിന് മികച്ച ജീവിത നിലവാരം ലഭ്യമാക്കുകയെന്ന രാജ്യത്തിന്റെ പ്രഖ്യാപിത നയത്തിലൂന്നിയാണ് പുതിയ സംരംഭം. ഉപഭോക്താക്കള്‍ക്കായി വൈവിധ്യമാര്‍ന്ന സേവന പാക്കേജ് നല്കി സ്ഥാപനത്തെ മുന്നോട്ടു പോകുന്നതിനുള്ള പരിശ്രമങ്ങളിലാണ് റാക് പൊലീസെന്നും അലി അബ്ദുല്ല അഭിപ്രായപ്പെട്ടു. റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ജമാല്‍ അഹമ്മദ് അല്‍തയ്ര്‍, ബ്രിഗേഡിയര്‍ അഹമ്മദ് അല്‍സാം അൽ നഖ്ബി, വിവിധ വകുപ്പ് ഡയറക്ടര്‍മാര്‍, ഉദ്യോഗസ്ഥന്മാര് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.