സ്മാർട്ട് വാടക സൂചികയിൽ വാടകക്കാരെ തിരിച്ചറിയാം
text_fieldsദുബൈ: എമിറേറ്റിലെ താമസക്കെട്ടിടങ്ങളുടെ വാടക വ്യക്തമാക്കുന്ന സ്മാർട്ട് വാടക സൂചിക വഴി കെട്ടിടങ്ങളുടെ വാടക നിരക്ക് മാത്രമല്ല വാടകക്ക് എടുക്കുന്നവർ വാടക അടക്കുന്നതിൽ വീഴ്ചവരുത്തുന്നവരാണോ എന്ന് തിരിച്ചറിയാനും സൗകര്യമുണ്ടാകും.
ദുബൈ ലാൻഡ് ഡിപ്പാർട്മെന്റാണ് പുതിയ സ്മാർട്ട് റെന്റൽ ഇൻഡക്സ് അവതരിപ്പിച്ചത്. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംവിധാനമെന്ന് അധികൃതർ പറഞ്ഞു. കെട്ടിട ഉടമകൾ, വാടകക്കാർ തുടങ്ങി റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉപകാരപ്പെടുന്നതാണ് പുതിയ സംവിധാനമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദുബൈ നഗരത്തിലെ ഓരോ മേഖലയിലെയും കെട്ടിടങ്ങളെ അവയുടെ സൗകര്യങ്ങളുടെയും ഗുണമേന്മയുടെയും അടിസ്ഥാനത്തിൽ തരംതിരിച്ചാണ് അവയുടെ വാടക നിശ്ചയിക്കുക. ഈ സൂചിക അടിസ്ഥാനമാക്കി കെട്ടിടം വാടകക്ക് എടുക്കുന്നവർക്കും ഓരോ മേഖലയിലും വാടക നിരക്ക് മനസ്സിലാക്കാനാകും.
ഇതോടൊപ്പം മോഡൽ ടെനന്റ് ക്ലാസിഫിക്കേഷൻ സംവിധാനത്തിലൂടെ കെട്ടിടം വാടകക്കെടുക്കുന്നവർ മുമ്പ് വാടക കരാറിൽ വീഴ്ചവരുത്തിയവരാണോ, വാടക അടക്കുന്നതിൽ വീഴ്ചവരുത്തിയിട്ടുണ്ടോ എന്ന് കെട്ടിട ഉടമകൾക്ക് തിരിച്ചറിയാൻ സൗകര്യമുണ്ടാകും.
ഇജാരി ക്രെഡിറ്റ് റേറ്റിങ് വഴിയാണ് ഇത് സാധ്യമാവുക. ഓരോ കെട്ടിടത്തിനും ഇൻഡക്സിൽ നൽകുന്ന റേറ്റിങ് അനുസരിച്ച് മാത്രമേ വാടക വർധിപ്പിക്കാനാവൂ. സൂചികയിൽ നിശ്ചയിക്കുന്ന മാനദണ്ഡത്തിന് അനുസരിച്ച് മാത്രമേ കെട്ടിട ഉടമകൾക്ക് വാടക വർധിപ്പിക്കാൻ കഴിയൂ.
ഇത് വാടകക്കാർക്കും പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. അതിവേഗം വളരുന്ന എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സുതാര്യതയും നവീകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ‘സ്മാർട്ട് വാടക സൂചിക’ നടപ്പാക്കിയത്. എല്ലാവർക്കും റിയൽ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും പുതിയതും കൃത്യവുമായ വിവരങ്ങൾ ലഭിക്കുന്നതിനാൽ ‘സ്മാർട്ട് വാടക സൂചിക’ വടക നിർണയിക്കുന്നതിനും പുതുക്കുന്നതിനും ഏറെ ഉപകാരപ്പെടും.
നിലവിലുള്ള റെൻറൽ ഇൻഡക്സ് ലഭ്യമാകുന്ന ഓൺലൈൻ പോർട്ടൽ വസ്തുവിന്റെ പ്രതിവർഷം മൂല്യത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ലഭ്യമാക്കുന്നത്.
ഇതിൽനിന്ന് വ്യത്യസ്തമായി തത്സമയ ഇടപാടുകളിൽനിന്ന് ശേഖരിക്കുന്നതും നിർമിതബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ചുമുള്ള ഡേറ്റയാണ് പുതിയ സൂചികയിൽനിന്ന് ലഭ്യമാവുക.
കഴിഞ്ഞ നാല് വർഷമായി ദുബൈയിലെ വാടക വർധിച്ചുകൊണ്ടിരിക്കുകയാണ്. എമിറേറ്റിലേക്ക് പുതിയ താമസക്കാരുടെയും നിക്ഷേപകരുടെയും വരവ് വർധിച്ചതാണിതിന് കാരണം. ഈ വർഷം മാത്രം ദുബൈയിൽ ജനസംഖ്യ ഒരു ലക്ഷത്തിലധികം വർധിച്ചതായാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.