കാറിൽ നിന്നിറങ്ങേണ്ട; സൗദി അതിർത്തി കടക്കാൻ സ്മാർട്ട് സംവിധാനം
text_fieldsദുബൈ: യു.എ.ഇയിൽനിന്ന് സൗദിയിലേക്ക് പോകുന്നവർക്ക് വൈകാതെ കാറിൽ നിന്നിറങ്ങാതെ ഗുവൈഫാത്ത് അതിർത്തി കടക്കാം. വാഹനത്തിൽനിന്ന് തന്നെ എമിഗ്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം ഏർപ്പെടുത്തിയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിന്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐ.സി.പി) യാത്ര എളുപ്പമാക്കുന്നത്. ദുബൈയിൽ നടക്കുന്ന ജൈടെക്സ് എക്സിബിഷനിലാണ് പുതിയ സ്മാർട് സംവിധാനം അധികൃതർ പരിചയപ്പെടുത്തിയത്. യു.എ.ഇയിൽനിന്ന് സൗദി അറേബ്യയിലേക്ക് കരമാർഗം പോകുന്നവർ പ്രധാനമായി ഉപയോഗിക്കുന്ന അതിർത്തിയാണ് ഗുവൈഫാത്ത്. ഓരോ മാസവും നിരവധി പേർ ഉംറ തീർഥാടനത്തിനും മറ്റുമായി ഈ അതിർത്തി കടക്കാറുണ്ട്.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ അതിർത്തി കടക്കുന്നത് ഇത്തരക്കാർക്കെല്ലാം എളുപ്പമാകും. സ്മാർട്ട് ലാൻഡ് ബോർഡേഴ്സ് ക്രോസിങ് സിസ്റ്റം ഉപയോഗിക്കുന്നതിന് കാറുകൾ സ്വന്തം പേരിൽ തന്നെ രജിസ്റ്റർ ചെയ്തിരിക്കണം. കാറിന്റെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്താണ് പ്രക്രിയ ആരംഭിക്കുക. പിന്നീട് ആളുകളുടെ പാസ്പോർട്ടുകൾ, എമിറേറ്റ്സ് ഐ.ഡി, ബയോമെട്രിക്സ് അല്ലെങ്കിൽ മുഖം തിരിച്ചറിയൽ എന്നിവ സ്കാൻ ചെയ്യും. ഐ.സി.പി സിസ്റ്റം ഡേറ്റ പരിശോധിച്ചുകഴിഞ്ഞാൽ ഗേറ്റ് തുറക്കുകയും യാത്രക്കാരെ രാജ്യം വിടാൻ അനുവദിക്കുകയും ചെയ്യും. സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കും സംവിധാനം ഉപകാരപ്പെടും.
സംവിധാനം വഴി കടക്കാൻ ഒരാൾക്ക് കഴിഞ്ഞില്ലെങ്കിൽ വാഹനം പാർക്ക് ചെയ്ത് പരമ്പരാഗത വഴിയിലൂടെ എമിഗ്രേഷൻ പൂർത്തിയാക്കണം. നിലവിൽ സംവിധാനം വഴി ഒരു കാറിൽ രണ്ടുപേർക്കാണ് സംവിധാനം ഉപയോഗിക്കാനാവുക.
ഭാവിയിൽ കൂടുതൽ പേർക്ക് ഉപയോഗിക്കാനാവുന്ന വിധത്തിൽ വിപുലീകരിക്കാൻ ആലോചനയുണ്ടെന്ന് അധികൃതർ പറഞ്ഞു. അൽ ഗുവൈഫാത്ത് അതിർത്തിയിൽ നടപ്പാക്കുന്ന സംവിധാനം അടുത്ത ഘട്ടത്തിൽ ഒമാനിലേക്കുള്ള അതിർത്തി ക്രോസിങ്ങുകളിലേക്കും വ്യാപിപ്പിക്കാൻ ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.