സ്മാർട്ട് ട്രാഫിക് നിയന്ത്രണം; ദുബൈ റോഡുകളിൽ യാത്രാവേഗം കൂടി
text_fieldsദുബൈ: റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) നവീന ഡിജിറ്റൽ ട്രാഫിക് നിയന്ത്രണ സംവിധാനം ഏർപ്പെടുത്തിയതോടെ റോഡ് യാത്രാവേഗം 20 ശതമാനം വർധിച്ചു. ആർ.ടി.എയുടെ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ്(ഐ.ടി.എസ്) എന്ന സംവിധാനമാണ് നിരീക്ഷണം 63 ശതമാനം മെച്ചപ്പെടുത്താനും യാത്രാസമയം കുറക്കാനും സഹായിച്ചത്. അടിയന്തര ആവശ്യങ്ങൾക്ക് പൊലീസും മറ്റു സന്നാഹങ്ങളും എത്തിച്ചേരുന്ന സമയവും വേഗത്തിലായിട്ടുണ്ട്. ആർ.ടി.എ ഡയറക്ടർ ജനറൽ മത്വാർ അൽ തായർ ഞായറാഴ്ച പുറത്തുവിട്ട കണക്കുകളിലാണ് ഗതാഗത മേഖലയിലെ കുതിപ്പ് വ്യക്തമാകുന്നത്.
സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിച്ച് റോഡ് ഗതാഗതം നിരീക്ഷിക്കുന്ന ഐ.ടി.എസ് സംവിധാനത്തിന്റെ ആദ്യ വിപുലീകരണം 2020 നവംബറിലാണ് പൂർത്തിയായത്. ഇതിലൂടെ റോഡ് ശൃംഖലയുടെ 60 ശതമാനവും സ്മാർട്ട് സംവിധാനത്തിന് കീഴിൽവന്നു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ആർ.ടി.എ ഒരുങ്ങുകയാണ്. ഇതിലൂടെ എമിറേറ്റിലെ 710 കി.മീ. മുഴുവൻ പ്രധാന റോഡുകളും ഐ.ടി.എസിൽ ഉൾപ്പെടും. ഗതാഗതം സുഗമമാക്കുന്നതിന് സ്മാർട്ട് സാങ്കേതികവിദ്യകളും സോഫ്റ്റ്വെയറും ഉപയോഗിക്കുന്നതാണ് ഈ പദ്ധതി. ലോകത്തെ ഏറ്റവും 'സ്മാർട്ട് നഗരമാക്കി എമിറേറ്റിനെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി സ്വീകരിക്കുന്നതെന്ന് മത്വാർ അൽ തായർ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ, ഇന്റർനെറ്റ് ഓഫ് തിങ്സ്, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയുടെ ഏറ്റവും പുതിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് സ്മാർട്ട് സംവിധാനങ്ങൾ ആർ.ടി.എ ഏർപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി ഡ്രൈവർമാർക്ക് നിർദേശങ്ങൾ നൽകുന്നതിന് ആദ്യഘട്ടത്തിൽ നിരവധി സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എക്സ്പോ 2020 ദുബൈ അടക്കമുള്ള വൻ പദ്ധതികൾക്ക് ഇത് ഏറെ സഹായകമായിട്ടുണ്ട്. ആദ്യഘട്ട പദ്ധതിയിൽ 116 ട്രാഫിക് കാമറകൾ സ്ഥാപിച്ചതിലൂടെ ട്രാഫിക് നിരീക്ഷണവും വിവര ശേഖരണവും വേഗത്തിലായി.
ആകെ റോഡുകളിലെ നിരീക്ഷണ കാമറകളുടെ എണ്ണം 235ആണ്. ഓൺ-സൈറ്റ് ഉപകരണങ്ങളും സെൻട്രൽ സിസ്റ്റവും തമ്മിലുള്ള ആശയവിനിമയത്തിനായി 660 കി.മീ. നീളമുള്ള ഫൈബർ-ഒപ്റ്റിക് ശൃംഖലയുടെ നിർമാണവും ആദ്യഘട്ട പദ്ധതിയിൽ പൂർത്തിയായിട്ടുണ്ട്. പുതിയ പദ്ധതി നടപ്പാക്കുന്നതോടെ എമിറേറ്റിലെ റോഡ് ഗതാഗതം കൂടുതൽ സൗകര്യപ്രദമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.