കൂടുതൽ സ്മാർട്ടായി യാസ്, സാദിയാത്ത് ഐലൻഡ്
text_fieldsഅബൂദബി: യാസ്, സാദിയാത്ത് ഐലന്‍ഡുകളിലെ സ്മാര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് രണ്ടാംഘട്ടം തുടങ്ങി. നിർമിത ബുദ്ധിയാൽ പ്രവർത്തിക്കുന്ന ആളില്ലാ വാഹനങ്ങളുമായാണ് രണ്ടാംഘട്ടം തുടങ്ങിയത്. ബയാനത്ത് കമ്പനിയുമായി സഹകരിച്ചാണ് സംയോജിത ഗതാഗത കേന്ദ്രം സ്മാര്‍ട്ട് ഗതാഗത പദ്ധതി നടപ്പാക്കുന്നത്. നവീനവും പരിസ്ഥിതി സൗഹൃദവുമാണ് ഈ പദ്ധതി. യാസ്, സാദിയാത്ത് ഐലന്ഡിലുമായി ഇത്തരം എട്ട് വാഹനങ്ങളാണുള്ളത്. ഡ്രൈവറുടെ ആവശ്യമില്ലാതെ ഈ വാഹനങ്ങൾ യാത്ര ചെയ്യും. കഴിഞ്ഞ മേയിലാണ് ഇവ നിരത്തിലിറക്കിയത്. ഇതിനുപുറമെ നാല് റോബോ ബസുകളും ജൂണില്‍ പുറത്തിറക്കിയിരുന്നു.
15 പുതിയ ചാര്‍ജിങ് സ്റ്റേഷന്‍കൂടി യാസ് ഐലന്‍ഡിലും സാദിയാത്ത് ഐലന്ഡിലുമായി തുറന്നിട്ടുണ്ട്. പദ്ധതിയുടെ ഒന്നാംഘട്ടത്തിന് വലിയ സ്വീകാര്യത ലഭിച്ചുവെന്നും രണ്ടാംഘട്ടം തുടങ്ങിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ബയാനത്ത് സി.ഇ.ഒ എൻജിനീയര്‍ ഹസന് അല്‍ ഹൊസനി പറഞ്ഞു. നവംബറില്‍ യാസ് മറീന സര്‍ക്യൂട്ടില്‍ ഫോര്‍മുല 1 ഇത്തിഹാദ് ഗ്രാന്‍ഡ് പ്രീ നടക്കുന്നതിനു മുന്നോടിയായി സ്മാര്‍ട്ട് ഗതാഗത പദ്ധതി പൂര്‍ത്തിയാക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം പ്രഖ്യാപിച്ചു. കാര്‍ബണ്‍ മാലിന്യം കുറക്കുകയെന്ന യു.എ.ഇ നെറ്റ് സീറോ 2050 വിഷന്റെ ഭാഗം കൂടിയാണ് സ്മാര്‍ട്ട് ട്രാന്‍സ്പോര്‍ട്ടിങ്. അബൂദബി നഗരങ്ങളെ സുസ്ഥിരമാക്കുന്നതിനുവേണ്ടി രാഷ്ട്ര നേതാക്കളുടെ ദീര്‍ഘദൃഷ്ടിയുടെ സാക്ഷാത്കാരം കൂടിയാണിത്.
അതേസമയം, നോര്‍ത്ത് യാസ് താമസമേഖലയിലെ അടിസ്ഥാന വികസന പദ്ധതികള്‍ പുരോഗമിക്കുകയാണ്. റോഡിന്റെ ഗുണനിലവാരവും സുരക്ഷയും വര്‍ധിപ്പിക്കല്‍, ഹരിതയിടങ്ങള്‍ വ്യാപിപ്പിക്കുക, ദൃശ്യഭംഗി സംരക്ഷിക്കുക, ദീര്‍ഘകാല അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ തയാറാക്കുക തുടങ്ങിയവയാണ് നടപ്പാക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് അബൂദബി നഗരഗതാഗത വകുപ്പ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. അഞ്ചുഘട്ടങ്ങളിലായാണ് പദ്ധതി. ആദ്യഘട്ടം 2023 ആദ്യപാദത്തില്‍ അവസാനിക്കും.
താമസകേന്ദ്രങ്ങളിലെ റോഡുകള്‍ മെച്ചപ്പെടുത്തുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, നടപ്പാതകള്‍ ഒരുക്കുക, മഴവെള്ളം ഒഴുക്കിവിടുന്നതിനുള്ള കാനകള്‍ സജ്ജീകരിക്കുക തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. മേഖലയിലെ 13600 ചതുരശ്ര മീറ്റര്‍ വ്യാപ്തിയുള്ള ആദ്യ പൊതു ഉദ്യാനവും നിര്‍മാണത്തിലാണ്. പാര്‍ക്കിങ് സൗകര്യം, ഫുട്ബാള്‍, വോളിബാള്‍, ബാസ്കറ്റ്ബാള്‍, ബാഡ്മിന്റന്‍ കോര്‍ട്ടുകള്‍, ചന്ത, കുട്ടികളുടെ കളിയിടം എന്നിവയും ഇവിടെയൊരുക്കും. അല്‍ ഇശ്ബാഹ് സ്ട്രീറ്റിനെയും യാസ് ഡ്രൈവിങ് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന സൈക്കിള്‍ ട്രാക്ക് പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി 1.8 കിലോമീറ്റര്‍ നീളത്തില്‍ സൈക്കിള്‍ ട്രാക്കും ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.