ഓവർ സ്മാർട്ട് ആണോ നമ്മുടെ സ്മാർട്ട് ഫോണുകൾ ?
text_fieldsനിങ്ങൾ നവമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ഗൂഗ്ളിലോ മറ്റു സെർച് എൻജിനുകളിലോ പരതുകപോലും ചെയ്യാത്ത കാര്യങ്ങൾ നിങ്ങളുടെ മനസ്സറിഞ്ഞ പോലെ സ്ക്രീനിൽ പോപ് അപ് ചെയ്തു വന്നിട്ടുണ്ടോ? ഉണ്ട് എന്നാകും നമ്മളിൽ ഏറെപ്പേരുടെയും ഉത്തരം. അവ ഭാര്യാഭർത്താക്കന്മാർ തമ്മിൽ നടന്ന ഫ്ലാറ്റ് മാറുന്നതിനെക്കുറിച്ച സ്വകാര്യ ചർച്ചയാവാം, അല്ലെങ്കിൽ കാറോ ഫർണിച്ചറോ വാങ്ങുന്നതിനെപ്പറ്റി സ്നേഹിതർ തമ്മിൽ നടന്ന സംഭാഷണം ആവാം. അടുത്തതവണ ഫേസ്ബുക്കോ ഇൻസ്റ്റഗ്രാമോ നോക്കുന്നതിനിടയിൽ ഈ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിങ്ങളെ കടന്നുപോയിട്ടുണ്ടാകും. ഇതിൽ ആശ്ചര്യം കൂറുന്നതിനു മുമ്പ് പതിയിരിക്കുന്ന അപകടമാണ് നാം തിരിച്ചറിയേണ്ടത്.ഏതാനും വർഷങ്ങൾക് മുന്നേ നടന്ന ഒരു ചെറിയ കഥ കേൾക്കാം. ഒരു മുൻ എഫ്.ബി.ഐ ഉദ്യോഗസ്ഥൻ തെൻറ ലാപ്ടോപിെൻറ കാമറ ഒരു ടാപ് ഒട്ടിച്ചു മറച്ചു വെക്കുമായിരുന്നേത്ര. ഇതിെൻറ കാരണം ആരാഞ്ഞപ്പോൾ അദ്ദേഹം കൊടുത്ത വിചിത്രമായ മറുപടി ഇങ്ങനെ.
നമ്മൾ കാർ ലോക്ക് ചെയ്യുന്നത് പോലെയും രാത്രി വീടിെൻറ വാതിൽ അടയ്ക്കുന്നത് പോലെയും ഉള്ള ഒരു സുരക്ഷാമുൻകരുതൽ ആണ് ഇതും. ഈയിടെ ഫേസ്ബുക് സി.ഇ.ഒ സാക്ഷാൽ സുക്കർബെർഗ് വരെ തെൻറ ലാപ്ടോപിെൻറ കാ മറയും മൈക്കും ടാപ്പ് ഒട്ടിച്ചുവെക്കൽ പതിവാണെന്ന് വാർത്തകളിലൂടെ നമ്മൾ മനസ്സിലാക്കി.മറ്റൊരു സംഭവം ഇങ്ങനെ. ഡോക്യുമെൻററി ചലച്ചിത്രങ്ങൾ ചെയ്യുന്ന ഒരു വ്യക്തി തെൻറ മോഷണം പോയഫോണിൽ നിന്നും മോഷ്ടാവ് വിവരങ്ങൾ ചോർത്തുന്നത് ശ്രദ്ധയിൽപെട്ടു. തെൻറ ഫോണിൽ ഉണ്ടായിരുന്ന 'ഫൈൻഡ് മൈ ഫോൺ' എന്ന ആപ് ഉപയോഗിച്ച് ഇദ്ദേഹം മോഷ്ടവിനെ ദിവസങ്ങളോളം നിരീക്ഷിക്കുകയും രാവിലെ പല്ലുതേക്കുന്നത് മുതലുള്ള മോഷ്ടാവിെൻറ വിഡിയോയും സംസാരങ്ങളും പകർത്തുകയും ചെയ്തു. 'ഫൈൻഡ് മൈ ഫോൺ' എന്ന പേരിൽ തന്നെ യുട്യൂബിൽ ഉള്ള ഈ ഡോക്യുമെൻററി അവസാനിക്കുന്നത് ഉടമസ്ഥൻ മോഷ്ടാവിനെ കണ്ടുമുട്ടുന്ന രംഗത്തോടെയാണ്.
ദൈനംദിന ജീവിതത്തിൽ നാം ഉറ്റതോഴനെപോലെ കൊണ്ടുനടക്കുന്ന സ്മാർട്ട്ഫോണോ മറ്റ് ഉപകരണങ്ങളോ ഇത്രമേൽ ചാരക്കണ്ണുകളോ കാതുകളോ ആയിട്ടാണ് നമ്മെ അനുഗമിക്കുന്നത് എന്ന് സാധാരണക്കാർക് വിശ്വസിക്കുക പ്രയാസമായിരിക്കും. എന്നാൽ, ഐ.ടി രംഗത്ത് പ്രഗല്ഭ്യമുള്ളവർക്കു ഇതിെൻറ അപകടകരമായ സാധ്യതകൾ മനസ്സിലാക്കാൻ രണ്ടാമതൊന്നാലോചിക്കേണ്ടിവരില്ല. നമ്മുടെ സ്മാർട്ട്ഫോണിൽ പല ആവശ്യങ്ങൾക്കും വിനോദങ്ങൾക്കുമായി ഇൻസ്റ്റാൾ ചെയ്യുന്ന അനേകം ആപ്ലിക്കേഷനുകൾ നമ്മൾ കൊടുക്കുന്ന സമ്മതമനുസരിച്ചു തന്നെയാണ് നമ്മുടെതന്നെ മൈക്കും കാമറയും നമ്മുടെ സ്വകാര്യതകളിലേക്ക് കണ്ണും കാതും തിരിച്ചുവെച്ചിരിക്കുന്നത്. ഒരു ഫോട്ടോ എഡിറ്റിങ് ആപ് നമ്മൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സ്വാഭാവികമായും ഫോണിലെ ഫോട്ടോകൾ കൈകാര്യം ചെയ്യാനുള്ള സമ്മതം നമ്മൾ കൊടുത്തേ തീരൂ.
എന്നാൽ, ഇതേ ആപ് നമ്മുടെ മൈക്കോ ലൊക്കേഷനോ ആക്സസ് ചെയ്യാനുള്ള അവകാശം ചോദിക്കുന്നിടത്താണ് നമ്മൾ ജാഗ്രത കാണിക്കേണ്ടത്. ഒരു വ്യക്തി ചാരവൃത്തിക്ക് വിധേയനാകത്തക്കവണ്ണം പ്രശസ്തനോ വി.ഐ.പിയോ സമ്പന്നനോ അതുമല്ലെങ്കിൽ ഉയർന്ന ഉദ്യോഗത്തിലിരിക്കുന്നവനോ അല്ലാത്തപക്ഷം ഒരു പരിധിവരെ ഇത്തരം ചൂഷണങ്ങളിൽ നിന്നും വിമുക്തനെന്നു കരുതി സമാധാനിക്കാം. എന്നാൽ, മറ്റുള്ളവരുടെ സ്വകാര്യതയിൽ അതീവ താൽപര്യം കാണിക്കുന്ന ഞരമ്പൻമാർക്ക് വലിയവനോ ചെറിയവനോ എന്നൊന്നില്ലാതെ ഉദ്ദേശിച്ച വിഭവത്തിൽ മാത്രമായിരിക്കും ശ്രദ്ധ എന്നതാണ് ഭയപ്പെടുത്തുന്ന വശം. മാത്രമല്ല, നമ്മുടെ ഡാറ്റകൾ ചോർത്തി അഭിരുചികൾ മനസ്സിലാക്കി മാർക്കറ്റിങിനുപയോഗിക്കുന്നവരുമുണ്ട്. സ്വന്തം ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ ഭർത്താവിെൻറ ഫോണിലേക്ക് വന്നതിെൻറ ഉറവിടം തേടിയ അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിലെ ഓഫാക്കിവെച്ച സ്മാർട്ട് ടിവിയാണ് ചിത്രം പകർത്തിയതെന്ന കണ്ടെത്തലിൽ വിറങ്ങലിച്ചു നിൽകുകയാണ് ആധുനികലോകം.
നിങ്ങളുടെ ഫോൺ ബാറ്ററി എളുപ്പം ചാർജ് തീരുകയോ ഫോൺ അസാധാരണമാംവിധം ചൂടാകുകയോ ചെയ്താൽ നമുക്ക് മനസ്സിലാക്കാം നാം അറിയാതെ ചില ആപ്ലിക്കേഷനുകൾ ഫോണിൽ കർമനിരതമാണെന്ന്. അനാവശ്യമായവയും ഉപയോഗിക്കാത്തവയും ഫോണിൽ നിന്നും ഒഴിവാക്കാനുള്ള സന്മനസ്സെങ്കിലും നമ്മളുടെ ഭാഗത്തുനിന്നുണ്ടാവണം. സമൂഹമാധ്യമങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന കേസ് സുപ്രീംകോടതിയിൽ പരിഗണിക്കുന്നതിനിടെ ബെഞ്ചിലുള്ള ജഡ്ജി താൻ സ്മാർട്ട് ഫോൺ ഒഴിവാക്കി പഴയ ഫോണിലേക്ക് തിരിച്ചുപോകാൻ ആലോചിക്കുന്നു എന്നഭിപ്രായപ്പെട്ടപ്പോൾ അത് ഉചിതമായ തീരുമാനമായിരിക്കും എന്നാണ് കേസിന് ഹാജരായ അഭിഭാഷകൻ കപിൽ സിബൽ പ്രതികരിച്ചത്. സ്മാർട്ട്ഫോൺ വിട്ടൊരു ജീവിതം ഇല്ല എന്ന് പറയുന്നവർ ഒന്നോർക്കുക. നിങ്ങളുടെ സ്വകാര്യത നിങ്ങളുടേത് മാത്രമായിരിക്കണം. അത് സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്. അത് കാമറയിൽ പ്ലാസ്റ്ററിട്ടാണെങ്കിലും ശരി; മൈക്കിൽ പശയിട്ടാണെങ്കിലും ശരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.