സേവനം സ്നേഹസംഗമം അബൂദബിയില്‍
text_fieldsഅബൂദബി: എസ്.എന്‍.ഡി.പി യോഗം യു.എ.ഇ സേവനത്തിന്റെ നേതൃത്വത്തില്‍ ശിവഗിരി തീർഥാടന നവതിയുടെയും സേവനം രൂപവത്കരണത്തിന്റെ 20ാം വാര്‍ഷികാഘോഷവും ‘സേവനം സ്നേഹസംഗമം @20’ എന്ന പേരില്‍ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. സാംസ്കാരിക സമ്മേളനം ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി യോഗം യു.എ.ഇ സേവനം സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് എം.കെ. രാജന് അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഓണ്‍ലൈനിലൂടെ ആശംസ നേര്‍ന്നു.
ശിവഗിരി മഠത്തിലെ ബോധി തീർഥ സ്വാമികള്‍ പ്രഭാഷണം നടത്തി. സ്വാമി ആത്മദാസ് ശിവഗിരി തീർഥാടന ലക്ഷ്യത്തെ കുറിച്ച് സംസാരിച്ചു. സലാം പാപ്പിനിശ്ശേരി, ജെ.അര്.സി. ബാബു, വി.അര്. അനില്‍ കുമാര്‍ എന്നിവര്‍ക്ക് സേവന രത്ന അവാര്‍ഡുകള്‍ സമ്മാനിച്ചു. ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ഡോ. ബാലാജി രാമസ്വാമി, ഐ.എസ്.സി. ചെയര്മാന് വി. നടരാജന്, സേവനം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി കെ.എസ്. വാചസ്പതി, വൈസ് ചെയര്മാന് പ്രസാദ് ശ്രീധരന് എന്നിവർ സംസാരിച്ചു.
വാര്‍ഷികത്തിടനുബന്ധിച്ചു സേവനം യു.എ.ഇ നിര്‍ധനരായ ആളുകള്‍ക്ക് 20 വീടുകള്‍ നിര്‍മിച്ചു നല്കുന്ന ഗുരുകൃപ ഭവന പദ്ധതിയുടെ ഉദ്ഘാടനം എം.എ. യൂസഫലി നിര്‍വഹിച്ചു. തന്റെ സമര്‍പ്പണമായി അഞ്ചു വീടുകള്‍കൂടി കൂടുതലായി നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഗുരുപൂജ, ശിവഗിരി തീർഥാടന പദയാത്ര, സാംസ്കാരിക സമ്മേളനം, ചെണ്ടമേളം, ഭജന, പ്രസാദമൂട്ട്, ആറു ഭാഷകളില്‍ ദൈവദശക ആലാപനം തുടങ്ങിയ പരിപാടികളോടെ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.