ക്രിസ്മസ്: ഗ്ലോബൽ വില്ലേജിൽ ആഘോഷരാവ്
text_fieldsദുബൈ: ബെത്ലഹേമിലെ മഞ്ഞുപെയ്യുന്ന രാത്രിയെ അനുസ്മരിപ്പിച്ച് ദുബൈ ഗ്ലോബൽ വില്ലേജിലെ മഞ്ഞിൽ കുളിച്ച ക്രിസ്മസ് ആഘോഷം. കിഡ്സ് ഏരിയയിലെ മഞ്ഞുകണങ്ങളും പടുകൂറ്റൻ സാൻറയുമെല്ലാം അകമ്പടിയൊരുക്കിയ ആഘോഷങ്ങളിൽ പങ്കുചേരാൻ ആയിരങ്ങളാണ് ശനിയാഴ്ച രാത്രി ഒഴുകിയെത്തിയത്. സ്വകാര്യ സ്ഥാപനങ്ങളിലുള്ളവർക്ക് ജോലി ദിവസമായിരുന്നെങ്കിലും ജനത്തിരക്കിന് കുറവുണ്ടായിരുന്നില്ല. അർധരാത്രിവരെ ആഘോഷിച്ചാണ് ആഗോള ഗ്രാമത്തിലെത്തിയവർ മടങ്ങിയത്.
ക്രിസ്മസിെൻറ വരവറിയിച്ച് വെള്ളിയാഴ്ച രാത്രിതന്നെ വൻ തിരക്കനുഭവപ്പെട്ടിരുന്നു. ക്രിസ്മസ് വെടിക്കെട്ടും പടുകൂറ്റൻ ക്രിസ്മസ് ട്രീയും ഒരുക്കിയിരുന്നു. ക്രിസ്മസ് ട്രീയിൽ ഗ്ലോബൽ വില്ലേജിൽ പവലിയനുള്ള എല്ലാ രാജ്യങ്ങളുടെയും പേര് എഴുതിച്ചേർത്തിരുന്നു. കിയോസ്കുകളിലെ ജീവനക്കാരിൽ പലരും സാൻറയുടെ വേഷത്തിലാണ് അണിനിരന്നത്. കിഡ്സ് ഏരിയയിൽ ക്രിസ്മസ് ആഘോഷത്തിന് പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. ഇടവേളകളിൽ മഞ്ഞുപെയ്തിറങ്ങുന്ന പ്രതീതി സൃഷ്ടിച്ചത് കുട്ടികൾക്ക് ആവേശമായി. കുട്ടികളും മുതിർന്നവരുമെല്ലാം മഞ്ഞേൽക്കാൻ ഇവിടേക്ക് പാഞ്ഞെത്തി. ബഗിയിലേറിയ ക്രിസ്മസ് പാപ്പമാർ വില്ലേജ് മുഴുവൻ കറങ്ങിനടക്കുന്നുണ്ടായിരുന്നു.
കച്ചവടസ്ഥാപനങ്ങളെല്ലാം തിരക്കിലമർന്നു. ഫ്ലോട്ടിങ് മാർക്കറ്റിലും റെയിൽവേ മാർക്കറ്റിലുമെല്ലാം നിന്നുതിരിയാൻ ഇടമില്ലാത്തവിധം തിരക്കായിരുന്നു. എല്ലാ പവലിയനുകളിലും സന്ദർശകർ ഒഴുകിയെത്തി. ക്രിസ്മസിനോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മെയിൻ സ്റ്റേജിന് പുറമെ കിഡ്സ് ഏരിയയിലും ക്രിസ്മസ് പരിപാടികൾ നടന്നു. പാരച്യൂട്ടിൽ പറന്നുനടക്കുന്ന സാൻറയും ഇടക്കിടെ പ്രത്യക്ഷപ്പെട്ടു. ഗ്ലോബൽ വില്ലേജിലെ ടെഡി ബിയറുകൾ സാൻറ തൊപ്പിയും ധരിച്ചാണ് ഗ്രാമംചുറ്റിയത്. ഹിമ വാഹനവുമായി സിങിങ് സാൻറ അറേബ്യൻ സ്ക്വയറിൽ എത്തി. ഫെസ്റ്റിവ് മാർക്കറ്റിലെ സെലിബ്രേഷൻ വാക്കിൽ ക്രിസ്മസ് സ്പെഷൽ രുചികളൊരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.