സൊകോത്രക്ക് യു.എ.ഇയുടെ 110 മില്യൺ ഡോളർ സഹായം
text_fieldsഅബൂദബി: യമനിലെ സൊകോത്ര ഗവർണറേറ്റിന് യു.എ.ഇ നൽകിവരുന്ന സഹായം അവിടത്തെ ജനതയുടെ ജീവിതം മികച്ചതാക്കി. സോക്കാത്ര ദ്വീപ് സമൂഹത്തെ വെല്ലുവിളികൾ നേരിടാനും ദുർഘട സാഹചര്യങ്ങള്‍ മറികടക്കാനും സഹായം പ്രാപ്തരാക്കി. എമിറേറ്റ്സ് റെഡ് ക്രസൻറ്, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ, ശൈഖ് സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്യാൻ ഹ്യുമാനിറ്റേറിയൻ ആൻഡ് സയൻറിഫിക് ഫൗണ്ടേഷൻ, അബൂദബി ഫണ്ട് ഫോർ ഡെവലപ്മെൻറ്, അബൂദബി വേസ്റ്റ് മാനേജ്മെൻറ് സെൻറർ തുടങ്ങിയ സംഘടനകൾ ചേർന്ന് 2015 മുതൽ 2021 വരെ 110 ദശലക്ഷം യു.എസ് ഡോളർ സഹായമാണ് ദ്വീപിന് നൽകിയത്.
സാമൂഹിക, ആരോഗ്യ സേവനങ്ങൾ, അടിസ്ഥാന വസ്തുക്കളുടെ വിതരണം, ഗതാഗതം, സംഭരണം, വിദ്യാഭ്യാസം, മത്സ്യബന്ധനം, നിർമാണം, പൊതു വിദ്യാഭ്യാസം, ഊർജം, ജലം, പൊതുജനാരോഗ്യം, സർക്കാർ പിന്തുണ, സിവിൽ സൊസൈറ്റി എന്നീ മേഖലകൾ ഉൾപ്പെടെ ഗവർണറേറ്റിലെ ഏറ്റവും സുപ്രധാന മേഖലകളിലെല്ലാം സഹായം നൽകി. സൊകോത്ര വിമാനത്താവളം പുനഃസ്ഥാപിക്കാൻ സഹായിച്ചതിലൂടെ ദ്വീപിലേക്കും തിരിച്ചും ഗതാഗതം സുഗമമാക്കി.
ദ്വീപിെൻറ ആരോഗ്യമേഖലയുടെ പ്രകടനം മെച്ചപ്പെടുത്താൻ യു.എ.ഇ നിരവധി സംഭാവന നൽകിയിട്ടുണ്ട്. ആശുപത്രികളെയും മെഡിക്കൽ സെൻററുകളെയും പിന്തുണക്കുകയും പ്രവർത്തിപ്പിക്കുകയും മെഡിക്കൽ ഉപകരണങ്ങളും ആംബുലൻസുകളും നൽകുകയും ചെയ്തു. പൂർണമായും സജ്ജീകരിച്ച എമർജൻസി സൗകര്യവും രണ്ട് ശസ്ത്രക്രിയ മുറികളും സ്ഥാപിക്കുകയും 13 കിടക്കകളും ഒരു ഐ.സി.യു യൂനിറ്റും സംഭാവന ചെയ്യുകയുമുണ്ടായി.
രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസൃതമായി ശൈഖ് ഖലീഫ ആശുപത്രി വിപുലീകരിക്കുകയും കിടക്കശേഷി 42 ആയി വർധിപ്പിക്കുകയും ചെയ്തു. െഎ.സി.യു യൂനിറ്റിൽ നാല് കിടക്കകൾ ചേർത്തു. കൂടാതെ 16 സി.ടി സ്കാൻ മെഷീനുകളും സ്ഥാപിച്ചു. സൗരോർജമേഖലയിൽ നാല് പവർ പ്ലാൻറുകളും വിദൂരഗ്രാമങ്ങളിൽ പവർ ജനറേറ്ററുകളും യു.എ.ഇ സ്ഥാപിച്ചു. മറ്റു മേഖലകളിലെ സംഭാവനകൾ:
അടിസ്ഥാനസൗകര്യം
അബൂദബി വികസന ഫണ്ട് ദ്വീപിലെ പ്രധാന റോഡുകളും കുടിവെള്ള സ്റ്റേഷനുകളും പുനർനിർമിക്കാനും സൗരോർജനിലയങ്ങൾക്ക് ധനസഹായം നൽകാനും പിന്തുണ നൽകി. ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ പുതിയ സാമ്പത്തിക, ഭരണസംവിധാനം സ്ഥാപിച്ച് ഗവർണറേറ്റിെൻറ അധികാരത്തെ പിന്തുണച്ചു.
ദ്വീപിെൻറ ഫിഷിങ് കോഓപറേറ്റിവ് യൂനിയൻ, 27 മത്സ്യത്തൊഴിലാളി അസോസിയേഷനുകൾ, ആങ്കറിങ് ഏരിയകൾ, പ്രതിമാസം 500 ടൺ ഉൽപാദനശേഷിയുള്ള ഒരു മത്സ്യ മാർക്കറ്റ് ഉൾപ്പെടെ എട്ട് കെട്ടിടങ്ങൾ പുനഃസ്ഥാപിച്ചു. പൊതുഗതാഗത, സമുദ്രഗതാഗത മേഖലയിൽ ഏറെ സഹായിച്ചു.
വിദ്യാഭ്യാസമേഖല
ഈജിപ്തിൽ 80 പേർക്കും യു.എ.ഇ യൂനിവേഴ്സിറ്റിയിൽ 40 പേർക്കും പഠിക്കാൻ സ്കോളർഷിപ് നൽകി. വിദ്യാഭ്യാസമേഖലക്ക് വിദേശ അധ്യാപകരെ നൽകി. 440 പ്രാദേശിക അധ്യാപകരെ നിയമിച്ചു. ഈജിപ്തിൽനിന്ന് 17 അധ്യാപകരെ കൊണ്ടുവന്നു. 2,27,000 പാഠപുസ്തകങ്ങൾ അച്ചടിച്ചു. സൊകോത്ര സർവകലാശാല സ്ഥാപിച്ചു.
ജീവകാരുണ്യം
ദുരിതത്തിലായവർക്ക് വിവിധ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്ത് യു.എ.ഇ ജീവകാരുണ്യ സംഘടനകൾ ദ്വീപിനെ സഹായിച്ചു. ചുഴലിക്കാറ്റുകൾ ബാധിക്കപ്പെട്ടവരെ സഹായിക്കാൻ രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടു. ആവശ്യക്കാർക്ക് സാമ്പത്തിക ഭക്ഷ്യസഹായങ്ങളും നൽകി.
സാമൂഹിക–സാംസ്കാരിക പദ്ധതികൾ
പ്രാദേശിക ഇഫ്താർ പദ്ധതികളെ സഹായിക്കുകയും പള്ളികൾ പുനഃസ്ഥാപിക്കുകയും ചെയ്തു. നാല് സമൂഹ വിവാഹങ്ങൾ സംഘടിപ്പിച്ച് ധനസഹായം നൽകി. വിരമിച്ചവർക്ക് സാമ്പത്തിക സഹായം നൽകുകയും 1500ഓളം കുടുംബങ്ങളെ പിന്തുണക്കുകയും ചെയ്തു. കൂടാതെ സോകോത്ര കവിതോത്സവം, കോർണിച്ച് മാരത്തൺ, അയൺമാൻ, ഒട്ടക മത്സരം എന്നിവ ഉൾപ്പെടെ സാംസ്കാരിക, പൈതൃക, കായിക പരിപാടികളും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.