100 ദശലക്ഷം ദിര്‍ഹമിന്റെ വികസന പദ്ധതി പ്രഖ്യാപിച്ച് സോഹോ
text_fieldsദുബൈ: ആഗോള ടെക്നോളജി കമ്പനിയായ സോഹോ യു.എ.ഇയില്‍ പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു വര്‍ഷത്തിനുള്ളില്‍ പത്തിരട്ടി വളര്‍ച്ച നേടിയതായി കമ്പനി അധികൃതർ അറിയിച്ചു. യു.എ.ഇയിൽ 100 ദശലക്ഷം ദിര്‍ഹമിന്റെ വികസന പദ്ധതിയും പ്രഖ്യാപിച്ചു. കമ്പനിയുടെ വാര്‍ഷിക യൂസര്‍ കോണ്‍ഫറന്‍സായ ‘സോഹോളിക്സ് ദുബൈ’യോടനുബന്ധിച്ച് സോഹോ സി.ഇ.ഒയും സഹ സ്ഥാപകനുമായ ശ്രീധര്‍ വെമ്പുവാണ് പ്രഖ്യാപനം നടത്തിയത്.
ആഗോളാടിസ്ഥാനത്തില്‍ കൂടുതല്‍ വളരുന്ന രണ്ടാമത്തെ രാജ്യമായ യു.എ.ഇയില്‍ 2022ല്‍ 45 ശതമാനം വളര്‍ച്ച നേടി. കഴിഞ്ഞ വര്‍ഷം യു.എ.ഇയിലും മിഡിലീസ്റ്റ്, ആഫ്രിക്കന്‍ മേഖലയിലും ജീവനക്കാരുടെ എണ്ണം ഇരട്ടിപ്പിച്ചു. ഓരോ മേഖലയിലെയും പ്രാദേശിക സമൂഹങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനും അവർക്ക് ഗുണകരമാകുന്ന രീതിയിൽ തിരിച്ചുനൽകാനും ആഗ്രഹിക്കുന്നതായി ശ്രീധര്‍ വെമ്പു പറഞ്ഞു. രാജ്യത്ത് തങ്ങളുടെ സാന്നിധ്യം വളര്‍ത്താന്‍ നിക്ഷേപം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
2020 മുതല്‍ വാലറ്റ് ക്രെഡിറ്റുകളില്‍ 20 ദശലക്ഷം ദിര്‍ഹം നിക്ഷേപിച്ച് വിവിധ പങ്കാളിത്തങ്ങളിലൂടെ 3,500ലധികം ചെറുകിട, ഇടത്തരം വ്യവസായങ്ങളെ സോഹോ സഹായിച്ചിട്ടുണ്ട്. 200ലധികം വിദ്യാർഥികളുടെയും 300ലധികം കമ്പനികളുടെയും ഡിജിറ്റല്‍ സാക്ഷരതക്കായി 4.5 ദശലക്ഷം ദിര്‍ഹം നിക്ഷേപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.