സൗരോർജ സമ്മേളനം ദുബൈയിൽ: 36 രാജ്യങ്ങളിലെ ഗവേഷകർ പങ്കെടുക്കും
text_fieldsദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ)യുടെ ആഭിമുഖ്യത്തിൽ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക സൗരോർജ സമ്മേളനം നവംബർ 15 മുതൽ 18 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും.
36 രാജ്യങ്ങളിൽനിന്നുള്ള 95 സർവകലാശാലകളിലെ ഗവേഷകരും വിദഗ്ധരും സമ്മേളനത്തിന്റെ ആദ്യ സെഷനിൽ പങ്കെടുക്കുകയും വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്യുമെന്ന് ദീവ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
ശാസ്ത്രജ്ഞർ, ഗവേഷകർ, നിക്ഷേപകർ, അന്താരാഷ്ട്ര പ്രസംഗകർ എന്നിവർ സൗരോർജ മേഖലയിലെ നൂതനമായ ആശയങ്ങൾ പരസ്പരം കൈമാറുകയും കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുകയും ചെയ്യും. മൂന്നു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ 28 സെഷനുകളാണുണ്ടാവുക. സമ്മേളനത്തിൽ 25ാമത്തെ സെഷനിലാണ് ജലം, ഊർജം, സാങ്കേതികവിദ്യ, പരിസ്ഥിതി പ്രദർശനം എന്നിവയിൽ ചർച്ചകളും പ്രബന്ധ അവതരണവും ദീവ സംഘടിപ്പിക്കുന്നത്.
2050ഓടെ ദുബൈയുടെ ഊർജ ഉറവിടം 100 ശതമാനവും ശുദ്ധ ഊർജമായി മാറ്റാൻ ലക്ഷ്യമിടുന്ന കാർബൺ ന്യൂട്രൽ സ്ട്രാറ്റജി 2050ന്റെയും ദുബൈ ക്ലീൻ എനർജി സ്ട്രാറ്റജിയുടെയും ഭാഗമായുള്ള ഗ്രീൻ ഹൈഡ്രജൻ, ജലവൈദ്യുത ഊർജം, സൗരോർജം, ഫോട്ടോവോൾട്ടിക് എനർജി എന്നിവ ഉൾപ്പെടെ സുസ്ഥിര, പുനരുപയോഗ ഊർജ മേഖലയിലെ വികസനത്തിനും ഗവേഷണത്തിനും വലിയ പ്രാധാന്യമാണ് അതോറിറ്റി നൽകുന്നതെന്ന് അൽ തായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.