പ്രിയ മകളേ..നിനക്കിതാ ഞങ്ങളുടെ സ്നേഹം
text_fieldsഅബൂദബി: 'നഷ്ടപ്പെട്ട മുടിയാണല്ലോ നിന്റെ സങ്കടം, ഞങ്ങളുണ്ട് കൂടെ. ഇതാ ഞങ്ങളും മുടി മുറിക്കുന്നു, നിനക്കായി- നമുക്കറിയാലോ, ആര്‍ക്കാണ് ആദ്യം മുടി വളരുന്നതെന്ന്' രക്താര്‍ബുദത്തോട് പൊരുതുന്ന ആ പത്തുവയസ്സുകാരിയെ ചേര്‍ത്തുപിടിക്കുകയായിരുന്നു അവര്‍. ഗുരു-ശിഷ്യ ബന്ധത്തിനപ്പുറം മാനവികതയുടെ പാഠങ്ങള്ക്കൂടിയാണ് ഈ സ്കൂള്‍ സമൂഹത്തിനായി പങ്കുവെക്കുന്നത്. അബൂദബി ബനിയാസ് ഇന്റര്‍നാഷനല്‍ സ്കൂളിലെ വിദ്യാര്‍ഥിനിയാണവള്‍. അര്‍ബുദം ബാധിച്ചതോടെ ചികിത്സ ആരംഭിച്ചപ്പോള്‍ അവളുടെ മുടി കൊഴിഞ്ഞുതുടങ്ങി. അതായിരുന്നു ഏറ്റവും വലിയ സങ്കടവും. ആ സങ്കടങ്ങളില്‍നിന്ന് പ്രതീക്ഷയുടെ കൈത്തിരിവെട്ടം തെളിക്കുകയായിരുന്നു സ്കൂള്‍ അധികൃതര്‍. 'മുറിച്ച മുടി സൂക്ഷിച്ചുവെക്കും. അവള് രോഗത്തിന്റെ പിടിയില്‍ നിന്ന് മുക്തയായി തിരികെ വരുമ്പോള്‍, അവളുടെ അഭിപ്രായം കൂടി പരിഗണിച്ച് വിഗ് നിര്‍മിച്ചു നല്‍കും'-സ്കൂള്‍ സൂപ്പര്‍വൈസിങ് ഡിപ്പാർട്മെന്റ് ജീവനക്കാരി ശാന്തി ദേവസ്യ പറഞ്ഞു. ഒരുമാസത്തോളമായി ചികിത്സയില്‍ കഴിയുന്ന ഈ അഞ്ചാം ക്ലാസുകാരി ഒറ്റക്കല്ലെന്നും സ്കൂള്‍ മുഴുവനും പ്രാര്‍ഥനയോടെ കൂടെയുണ്ടെന്നുമുള്ള സന്ദേശമാണ് മുടി മുറിച്ചതിലൂടെ സമൂഹത്തിന് നല്‍കിയതെന്ന് സ്കൂള്‍ പ്രിന്‍സിപ്പൽ ഡോ. ബെനോ കുര്യന് പറഞ്ഞു.
രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ അധ്യാപകരും ആറ് വിദേശ അധ്യാപകരും അനധ്യാപകരുമാണ് മുടി മുറിച്ചത്. രമ്യ പ്രദീപ്, അഫ്സല്, ജിതേഷ് എന്നിവരാണ് മാതൃകാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ മറ്റു മലയാളി അധ്യാപകര്‍. കാന്‍സറിനെ അതിജീവിക്കാനുള്ള ആത്മവിശ്വാസം കൂട്ടി സമൂഹത്തെ നേരിടാന്‍ അവളെ പ്രാപ്തയാക്കുകയാണ് ലക്ഷ്യമെന്ന് ഇവര്‍ പറയുന്നു. അര്‍ബുദത്തെ അതിജീവിച്ച് സമൂഹത്തിന് മാതൃകയായ ഹെയര്‍ ഫോര്‍ ഹോപ് ഇന്ത്യയുടെ സ്ഥാപക പ്രെമി മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ ഈ കേശദാനം ശിഷ്യയോടുള്ള സ്നേഹപ്രകടനം മാത്രമല്ല, മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന സത്കര്‍മം കൂടിയാണെന്ന് പ്രെമി മാത്യു അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.